മാവോയിസ്റ്റുകള്‍ അടക്കമുള്ള ഇടതുപക്ഷ തീവ്രവാദ പ്രവര്‍ത്തനം തടയാന്‍ യൂണിഫൈഡ് കമാന്‍ഡ്; അധ്യക്ഷന്‍ മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ അടക്കമുള്ള ഇടതുപക്ഷ തീവ്രവാദ പ്രവര്‍ത്തനം തടയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി ഏകീകൃത സംവിധാനമായ യൂണിഫൈഡ് കമാന്‍ഡ് രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. മുഖ്യമന്ത്രി അടക്കം 13 ഉന്നത ഉദ്യോഗസ്ഥരാണ് സമിതിയില്‍ ഉള്ളത്.

ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി, ഡിജിപി, വിദ്യാഭ്യാസം, സാമൂഹികനീതി, പട്ടികജാതി-വര്‍ഗം, ധനകാര്യം എന്നീ വകുപ്പുകളുടെ അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, ഇന്റലിജന്‍സ് എഡിജിപി, കണ്ണൂര്‍ റേഞ്ച് ഐജി, സിആര്‍പിഎഫ് ഐജി, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഡപ്യൂട്ടി ഡയറക്ടര്‍, റെയില്‍വേസ് എസ്പി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇതു രൂപീകരിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്.

അതിനു പുറമെ, വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി യൂണിഫൈഡ് കമാന്‍ഡ് രൂപീകരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ഡിജിപിയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആദിവാസി മേഖലയില്‍ മാവോയിസ്റ്റുകളുടെ നുഴഞ്ഞു കയറ്റം വര്‍ധിക്കുന്നുണ്ട്. ആദിവാസികളുടെയും സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരുടെയും ക്ഷേമ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണ്.

മാവോയിസ്റ്റുകളുടെ പ്രധാന താവളങ്ങള്‍ ആദിവാസി മേഖലകളിലാണ്. അതിനാല്‍, ഈ ഏകീകൃത സംവിധാനം ഉടന്‍ രൂപീകരിക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഡിജിപി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ഫയല്‍ മാസങ്ങളോളം ആഭ്യന്തര വകുപ്പിലും മുഖ്യമന്ത്രിയുടെ ഓഫിസിലുമായി ചുറ്റിക്കറങ്ങി. അതിന് ശേഷം പൊലീസുകാരുടെ വെടിയേറ്റ് രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇതു കഴിഞ്ഞതോടെയാണ് ഇത്തരം സംവിധാനത്തിന്റെ പ്രാധാന്യം സര്‍ക്കാരിനു ബോധ്യപ്പെട്ടതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

You must be logged in to post a comment Login