മാവോയിസ്റ്റ് വധം; വിവാദങ്ങള്‍ അടങ്ങുന്നില്ല; ഏറ്റുമുട്ടല്‍ വ്യാജമോ?

maoist-leader

ദുരൂഹതകളുടെ പുകമറകള്‍ അവശേഷിപ്പിച്ചാണ് നിലമ്പൂര്‍ കരുളായി വനമേഖലയില്‍ രണ്ട് മാവോവാദികള്‍ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിശബ്ദവും പുകയും അവസാനിച്ചതിന് പിന്നാലെ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന വിവാദം തലപൊക്കിയിരിക്കുന്നു. ഏറ്റുമുട്ടല്‍ നടന്നുവെന്ന് പോലീസ് പറഞ്ഞ് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംഭവത്തില്‍ വ്യക്തമായ ചിത്രം നല്‍കാന്‍ പോലീസോ ആഭ്യന്തര വകുപ്പോ തയ്യാറാകാത്തതാണ് ഇത് വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്ന വാദങ്ങള്‍ക്ക് ശക്തികൂട്ടുന്നത്.

സംഭവം നടന്ന സ്ഥലത്തേക്ക് മാധ്യമങ്ങളെ തടഞ്ഞത് വിഷയത്തില്‍ പോലീസ് ഭാഷ്യത്തിനപ്പുറം മറ്റൊരു വിശദീകരണം പുറത്ത് വരാതിരിക്കാനാണെന്ന് കരുതുന്നു. തമിഴ്‌നാട് സ്വദേശി കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവരാണ് പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ രഹസ്യാത്മകത സൂക്ഷിച്ച സംഭവത്തില്‍ സംഭവ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത് അവിടെ പോലീസ് പറയുന്ന തരത്തില്‍ ഒരു ഏറ്റുമുട്ടല്‍ നന്നിട്ടില്ല എന്നാണ്. എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഒന്നും വിട്ട് പറയാന്‍ പോലീസ് തയ്യാറാകുന്നുമില്ല.

അതിനിടെ, മാവോവാദികളില്‍ മൂന്നുപേര്‍ക്ക് വെടിയേറ്റുവെന്നതിലെ ദുരൂഹത തുടരുന്നു. വെടിയേറ്റ മൂന്നാമന്‍ ആരാണെന്നോ എന്താണു പറ്റിയതെന്നോ ആരും വിശദീകരിക്കുന്നുമില്ല. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെങ്കില്‍ പോലീസ് അതു തുറന്നുപറയാന്‍ മടികാണിക്കുന്നതെന്തിനെന്ന ചോദ്യവുമുയരുന്നു. ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടെന്നാണ് തൃശൂര്‍ റേജ് ഐ.ജി എം.ആര്‍. അജിത് കുമാര്‍ തീര്‍ത്തു പറഞ്ഞത്.

മൂന്നാമതൊരാള്‍ക്ക് പരിക്കേറ്റുവെന്ന് പറഞ്ഞത് ഏറ്റുമുട്ടല്‍ നടത്തിയ സംഘത്തിലെ ഉദ്യോഗസ്ഥനുമാണ്. എന്നാല്‍ നിറതോക്കുമായി നില്‍ക്കുന്ന അറുപതിലധികം വരുന്ന പോലീസ് സംഘത്തെ വെട്ടിച്ച് മൂന്നാമന്‍ എവിടേക്ക് അപ്രത്യക്ഷനായെന്ന ചോദ്യത്തിന് ഉത്തരങ്ങളില്ല. മാത്രമല്ല ഏറ്റുമുട്ടല്‍ നടന്നതിന് പിന്നാലെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്ന് വ്യകതമാക്കാന്‍ പോലീസിന് സാധിച്ചതുമില്ല. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളിലെ ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വനത്തിനുള്ളിലേക്ക് കടക്കാന്‍ അനുവദിക്കാതിരുന്നതും ദുരൂഹത ഉണര്‍ത്തുന്നു. കൊല്ലപ്പെട്ട മാവോവാദികളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുമ്പോഴായിരുന്നു ഇവരെ വനത്തിനുള്ളിലേക്ക് കടക്കാന്‍ അനുവദിക്കാതിരുന്നത്.

കേരളത്തെ വിറപ്പിച്ച നക്‌സല്‍ കാലഘട്ടത്തെ അടിച്ചമര്‍ത്തിയ കാലത്ത് ഉണ്ടായ നക്‌സല്‍ വര്‍ഗീസ് വധത്തിന് സമാനമാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലെന്നും വാദങ്ങളുണ്ട്. അന്ന് പോലീസ് പറഞ്ഞ വാക്കുകള്‍ അതേപടി വിശ്വസിച്ച കേരളം പിന്നീട് വര്‍ഗീസിനെ വെടിവെച്ച് കൊന്ന ഹെഡ്‌കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായരുടെ നാവില്‍ നിന്ന് അത് വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന കുറ്റസമ്മതം പുറത്ത് വന്നത് അവിശ്വസനീയതയോടെയാണ് കേട്ടത്. നക്‌സല്‍ വര്‍ഗീസിന് സംഭവിച്ചതാണ് കരുളായി വനത്തിലും നടന്നതെങ്കില്‍ പോലീസിനും സര്‍ക്കാരിനും ഉത്തരങ്ങള്‍ പറയാന്‍ വളരെ ബുദ്ധിമുട്ടേണ്ടിവരും.

You must be logged in to post a comment Login