മാവോയിസ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ്; വിഷയത്തില്‍ ഇടപെടില്ല , സാഹചര്യം വളരെ ഗുരുതരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

Alan and thaha

തിരുവനന്തപുരം : കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും, താഹയെയും കൈവിട്ട് സിപിഎം. യുഎപിഎ ചുമത്തിയ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നും, യുഎപിഎ സമിതി ഇക്കാര്യം പരിശോധിക്കട്ടെയുന്നും  സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനമെടുത്തു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കൾ അറസ്റ്റിലാകുകയും യുഎപിഎ ചുമത്തുകയും ചെയ്ത സാഹചര്യം വളരെ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം.

പ്രതികള്‍ക്ക് മാവോവാദി ബന്ധം ഉണ്ടെന്നും സ്ഥിതി ഗുരുതരമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. ഇതുംകൂടി കണക്കിലെടുത്താണ് രാഷ്ട്രീയമായ ഇടപെടൽ വേണ്ടെന്ന് തീരുമാനിച്ചത്. അതോടൊപ്പം തന്നെ അലനും താഹക്കും എതിരായി പാര്‍ട്ടിയിൽ ഉടൻ നടപടി വേണ്ട. നിയമ നടപടികള്‍ അതിന്‍റെ വഴിക്ക് പോകട്ടെയെന്നും, യുഎപിഎ സമിതി എടുക്കുന്ന നിലപാടിന് അപ്പുറം മറ്റ് ഇടപെടൽ വേണ്ടെന്നും തീരുമാനിച്ചു. വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടേറിയേറ്റ് അനുമതി നല്‍കിയിട്ടുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഒരു നിരപരാധിക്കുമെതിരെ യുഎപിഎ ചുമത്തുമെന്ന് കരുത്തുന്നില്ലെന്നും ഈ നടപടി സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് നിലപാട് എടുത്തിരുന്നത്. അതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.

You must be logged in to post a comment Login