മാഹിയിലെ കൊലപാതകങ്ങള്‍: ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാഹി കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകങ്ങള്‍ അഭികാമ്യമായ കാര്യമല്ല. ക്രമസമാധാനം ഉറപ്പുവരുത്താന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാഹി പൊലീസ് ക്രമസമാധാനപാലനത്തിന് സഹായം ആവശ്യപ്പെട്ടാല്‍ ചെയ്തുകൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മാഹിയിലെ സിപിഐഎം നേതാവിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സിപിഐഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. മണിക്കൂറുകളുടെ ഇടവേളയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന്‍ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്. സംഭവത്തിനു തൊട്ടു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്തി(42)നെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താലാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. കണ്ണൂര്‍ സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മാഹി, തലശ്ശേരിക്കു സമീപം മടപീടിക എന്നിവിടങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. വന്‍ പൊലീസ് സന്നാഹമാണ് ഇവിടെ ക്യാംപ് ചെയ്യുന്നത്. മാഹിയിലെ ചെമ്പ്രയില്‍ പൊലീസ് റെയ്ഡ് നടത്തി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പാനൂര്‍ മേഖലയില്‍ പൊലീസ് ജാഗ്രതയിലാണ്. സിഐ വി.വി. ബെന്നിയുടെ നേതൃത്വത്തില്‍ രാത്രി പട്രോളിങ് ശക്തമാക്കി.

മാഹി നഗരസഭ മുന്‍ കൗണ്‍സിലറാണ് ബാബു. രാത്രി ഒന്‍പതേമുക്കാലോടെ പള്ളൂരില്‍ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു വെട്ടേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. തലയ്ക്കും കഴുത്തിനും വയറിനുമാണു ബാബുവിനു വെട്ടേറ്റത്. പരേതനായ ബാലന്റെയും സരോജിനിയുടെയും മകനാണ്. അനിതയാണു ഭാര്യ, അനുനന്ദ, അനാമിക, അനുപ്രിയ എന്നിവരാണു മക്കള്‍. സഹോദരങ്ങള്‍-മീര, മനോജ്.

ബാബുവിനു വെട്ടേറ്റതിനു പിന്നാലെ ന്യൂമാഹിയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷമുണ്ടായി. ഓട്ടോറിക്ഷ ഡ്രൈവറായ ഷമേജ് വീട്ടിലേക്കു പോകുമ്പോള്‍ കല്ലായി അങ്ങാടിയില്‍ വച്ചാണ് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പറമ്പത്തു മാധാവന്റെയും വിമലയുടെയും മകനാണു ഷമേജ്. ദീപയാണു ഭാര്യ. അഭിനവ് ഏകമകനും. ഷെമിയാണു സഹോദരി.

You must be logged in to post a comment Login