മിണ്ടാപ്രാണികളുടെ പോറ്റമ്മ…… അമ്മിണിയമ്മ

 

ജിന്‍സ് ബേബി പുന്നോലില്‍

മനുഷ്യസ്നേഹത്തിന്റെ നീരുറവവറ്റാത്ത ഒരുപാട് ജീവിതങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്.തന്റെ ദാര്യദ്ര പൂര്‍ണ്ണമായ ജീവിതത്തെയും കഷ്ടപ്പാടുകളെയെല്ലാം വകവെക്കാതെ മറ്റൊരാള്‍ക്ക് അഭയും തണലുമാകാന്‍ ഒരുമടിയും കാണിക്കാത്തവര്‍.ആ സ്നേഹം മിണ്ടാപ്രാണികളോടായാലോ…….അതിനെ കലര്‍പ്പില്ലാത്ത സ്നേഹത്തിന്റെ നിറകുടം എന്ന് വേണം വിശേഷിപ്പിക്കാന്‍.അങ്ങനെ തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നമിണ്ടാപ്രാണികള്‍ക്ക് തന്റെ കൂരക്കുള്ളില്‍ അഭയം ഒരുക്കിയ സ്നേഹിതയായ അമ്മ…..അമ്മിണിയമ്മ……..കോട്ടയം കോടിമാതയിലുള്ള പുതുവല്‍ ചക്കാലച്ചിറ വീട്ടില്‍ അമ്മിണിയമ്മയാണ് കഴിഞ്ഞ 15 വര്‍ഷമായി തന്റെ ദാരിദ്രപൂര്‍ണ്ണമായ ജീവിതത്തിനിടയിലും 40 തെരുവ് നായ്ക്കള്‍ക്ക് അഭയമൊരുക്കിയിരിക്കുന്നത്.

ഒരു ഫ്ളാഷ്ബാക്ക്

കഥ പറയുമ്പോള്‍ കുറച്ച് വര്‍ഷങ്ങള്‍ പുറകോട്ട് സഞ്ചരിക്കണം.ചില അപകടങ്ങള്‍ ദൈവം അറിഞ്ഞ് നല്‍കുന്നതായിരിക്കും.അല്ലെങ്കില്‍ എങ്ങനെയാണ് തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന മിണ്ടാപ്രാണികളായ നായക്കള്‍ക്ക് അമ്മിണിയമ്മയുടെ മുന്നില്‍ വന്ന് വീഴാനായത്.15 വര്‍ഷം മുന്‍പ് ഒരു ദിവസമാണ് വീടിന് മുന്നിലെ എംസി റോഡില്‍ വണ്ടി ഇടിച്ച് കിടക്കുന്ന ഒരു നായ്ക്കുട്ടിയെ കണ്ടത്.ആ കാഴ്ച്ച അമ്മിണിയമ്മയുടെ കാഴ്ച്ചപാടുകളെയെല്ലാം മാറ്റുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ച അമ്മിണിയമ്മ അവനെ ചിമ്പു എന്ന് വിളിച്ച് തന്റെ ജീവിതത്തിലേക്ക് കൈയ്യ്പിടിച്ച് കയറ്റി.പക്ഷേ അമ്മിണിയമ്മ പോലും ഓര്‍ത്തില്ല ഇത് ഒരു തുടക്കം മാത്രമാണെന്ന്.ഈ കൈകളിലേക്ക് അഭയം തേടി പിന്നിട് വിളിക്കാതെ എത്തിയ അതിഥികള്‍ ഒരുപാടായി.അവയെ എല്ലാം വാനോളംവാത്സല്യം നല്‍കി തന്റെ മക്കളെ പോലെ സ്നേഹിച്ചു.

എതിര്‍പ്പുകളെ വകവെക്കാതെ

നായ്ക്കള്‍ ഓരോന്നായി എത്താന്‍ തുടങ്ങിയതോടെ ഭര്‍ത്താവും മക്കളും എതിര്‍പ്പ് പ്രകടിപ്പിച്ചു.എന്നാല്‍ വണ്ടി ഇടിച്ചും മറ്റ് പരുക്കളുമായി വരുന്ന മിണ്ടാപ്രാണികളുടെ ദയനീയമുഖം അവരുടെ മനസ്സ് അലിയിപ്പിച്ചു.പിന്നീട് പൂര്‍ണ്ണ പിന്തുണയുമായി അവര്‍ ഒപ്പം നിന്നു.അടുത്ത പരാതിയുമായി എത്തിയത് സമീപവാസികള്‍ ആയിരുന്നു.പരാതി അന്വോഷിക്കാന്‍ എത്തിയ മുന്‍സിപ്പല്‍ അധിക്യതര്‍ സ്ഥലം സന്ദര്‍ശിച്ചതോടെ അവരും അലിഞ്ഞു.കൂടെ പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവും.
കൂടുതല്‍ നായ്ക്കളെ പാര്‍പ്പിച്ചിരിക്കുന്നത് കൂടുകളിലാണെങ്കിലും വീട്ടിലെ എല്ലാമുറിയിലും നായ്ക്കള്‍ ഉണ്ട്.കുഞ്ഞുങ്ങളുടെ കിടപ്പ് കട്ടിലിലുമാണ്. സ്വാതന്ത്രത്തിന് ഒരു കുറവും അമ്മിണിയമ്മ വരത്താറില്ല.40 തോളം നായ്ക്കളെ വീട്ടില്‍ വളറത്തുക മാത്രമല്ല ഈ അമ്മ ചെയ്യുന്നത്.മൂന്ന് നേരവും സുഭിക്ഷമായ ഭക്ഷണവും നല്‍കുന്നുണ്ട്.തന്റെ ഒറ്റമുറി വീട്ടില്‍ പരാതീനതകള്‍ ഒരുപാട് ഉണ്ടെങ്കിലും ഈ മിണ്ടാപ്രാണികളെ പട്ടിണിക്കിടാന്‍ അമ്മിണിയമ്മ തയ്യാറല്ല.സ്വകാര്യ സ്ഥാപനത്തിലെ സ്ളീപ്പര്‍ ജോലിക്കരിയായ അമ്മിണിയമ്മയ്ക്ക് ലഭിക്കുന്ന തുച്ച വരുമാനത്തില്‍ നിന്നാണ് ഈ നായ്ക്കളെ പോറ്റി വളര്‍ത്തുന്നത്.രാവിലെ പൊടിരൂപത്തലുള്ള ഭക്ഷണം.ഉച്ചകഴിഞ്ഞ് ചോറും മീന്‍കറിയും കൂട്ടി കൂശാല് ഊണ്.രാത്രിയും ചോറ് നല്‍കും.കൂടാതെ ബിസ്‌ക്കറ്റ് പോലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ വേറെയും.ഒരു ദിവസം ഒമ്പത് കിലോ അരിയും അതിനൊത്ത മീനും വാങ്ങും.രാവിലെ നായ്ക്കളെ കുളിപ്പിക്കുന്നതിനൊപ്പം വീടും പരിസരവും വ്യത്യയാക്കും.വേയ്സ്റ്റ് വെള്ളം പോകുന്നതിനായി ടാങ്കും നിര്‍മ്മിച്ചട്ടുണ്ട്. പരിപാലനത്തിന്റെ കാര്യത്തില്‍ ഒരുവിട്ടുവീഴ്ച്ചക്കും തയ്യാറല്ല ഈ അമ്മ.

പ്രളയത്തിലും കൈയ്യ്വിട്ടില്ല

പ്രളയകാലത്ത് വെള്ളം വന്ന് മുടാന്‍ തുടങ്ങിയപ്പോഴും തന്റെ ജീവനേക്കാള്‍ ഈ 40 മിണ്ടാപ്രാണികളുടെ കാര്യത്തിലായിരുന്നു അമ്മിണിയമ്മയുടെ വ്യാകുലതകള്‍ മുഴുവനും.എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോഴായിരുന്നു ബസേലിയസ് കോളേജിലെ നല്ലവരായ വിദ്യാര്‍ത്ഥികള്‍ രക്ഷകരായി എത്തിയത്.40 നായ്ക്കളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയശേഷമായിരുന്നു അമ്മിണിയമ്മ അവിടെ നിന്ന് മാറിയത്.
ഇത് ചില നിയോഗങ്ങള്‍ അങ്ങനെ ആണ്.മരണത്തെ മുഖാമുഖം കണ്ട് വഴിയരികില്‍ ചതഞ്ഞ് അരഞ്ഞ് തീരണ്ട ഈ ജീവതങ്ങളെ തന്റെ ദാരിദ്രകൂമ്പാരത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ സ്നേഹിതയായ അമ്മ.
തന്റെ കാലശേഷവും ഈ നായ്കളെ രണ്ടു മക്കളുടെ കൈകളില്‍ സുരക്ഷിതമായി എല്‍പിച്ചു കൊടുത്തിട്ടുണ്ട് എന്ന ഉത്തമ വിശ്വാസത്തിന്റെ പുറത്താണ് അമ്മിണിയമ്മയുടെ മുന്നോട്ടുള്ള യാത്ര.

You must be logged in to post a comment Login