മിതാലി രാജിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

 

ഹൈദരാബാദ് : ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജിന് തെലങ്കാനയില്‍ ഗംഭീര സ്വീകരണം. ലണ്ടനില്‍ നടന്ന വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ റണ്ണര്‍ അപ്പായിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഉള്‍പ്പെടെയുള്ള പ്രമുഖരാണ് മിതാലിയെ സ്വീകരിക്കാനെത്തിയത്.

ഹൈദരാബാദിനു സമീപം ബന്‍ജാര ഹില്‍സില്‍ വീട് വയ്ക്കാന്‍ 600 ചതുരശ്ര അടി സ്ഥലം നല്‍കാമെന്നു തെലങ്കാന മുഖ്യമന്ത്രി വാഗ്ദാനം നല്‍കി. കൂടാതെ ഒരു കോടി രൂപയുടെ കാഷ് അവാര്‍ഡും മിതാലിക്കു നല്‍കി. 34 വയസുകാരിയായ മിതാലി വനിതാ ക്രിക്കറ്റില്‍ 6000 റണ്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡുമായാണു ലണ്ടനില്‍നിന്നു മടങ്ങിയത്.

ലോകകപ്പില്‍ ഒന്‍പതു കളികളിലായി 45.44 ശരാശരിയില്‍ 409 റണ്ണെടുക്കാന്‍ മിതാലിക്കായി. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും കുറിച്ച മിതാലി ടോപ് സ്‌കോററെക്കാള്‍ ഒരു റണ്‍ മാത്രം അകലെയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മിതാലി വിമാന മാര്‍ഗം നാട്ടിലെത്തിയത്.

മിതാലിക്ക് ഇന്ത്യന്‍ സൗത്ത് റെയില്‍വേ സ്ഥാനക്കയറ്റം നല്‍കിയിരുന്നു. സൗത്ത് റെയില്‍വേ ആസ്ഥാനമായ ഹൈദരാബാദില്‍ ചീഫ് ഓഫീസ് സൂപ്രണ്ടായ മിതാലിക്ക് സെപ്ഷ്യല്‍ ഡ്യൂട്ടി ഓഫീസറായാണ് സ്ഥാനകയറ്റം ലഭിച്ചത്. കൂടാതെ മിതാലിക്ക് ബി.എം.ഡബ്ലിയു കാര്‍ സമ്മാനമായി നല്‍കുമെന്ന് ഹൈദരാബാദിലെ വ്യവസായി വി ചാമുണ്ഡേശ്വരനാഥ് പറഞ്ഞിരുന്നു. ആന്ധ്ര രഞ്ജി ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയാണ് ചാമുണ്ഡേശ്വരനാഥ്. 2007ല്‍ ഇദ്ദേഹം മിതാലിക്ക് ഷെവര്‍ലെ കാര്‍ സമ്മാനമായി നല്‍കിയിരുന്നു. ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തിന് കഴിഞ്ഞ വര്‍ഷം ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനും ബി.എം.ഡബ്ലിയു. കാര്‍ സമ്മാനിച്ചിരുന്നു.

മിതാലിയുടെ ടീമിലുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും കഴിഞ്ഞ ദിവസം റെയില്‍വെ ജോലിക്കയറ്റം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ ടീമില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഹര്‍മന്‍പ്രീത് കൗറിനെ പഞ്ചാബ് പൊലീസില്‍ സൂപ്രണ്ടായി നിയമിച്ചു. സംസ്ഥാന മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.

ലോകകപ്പിലെ മികച്ച പ്രകടനത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ഹര്‍മന്‍പ്രീതിന് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജോലി വാഗ്ദാനവും വന്നത്. നേരത്തെ പൊലീസില്‍ ജോലിക്കായി ഹര്‍മന്‍പ്രീത് കൗര്‍ ശ്രമിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നിരസിക്കപ്പെട്ടിരുന്നു.

വനിതാ ലോകകപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഹര്‍മന്‍പ്രീത് കൗര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമായിരുന്നു ഇന്ത്യയെ ഫൈനലില്‍ എത്തിച്ചത്. സെമിയില്‍ 115 പന്തില്‍ നിന്നും പുറത്താകാതെ 171 റണ്‍സായിരുന്നു കൗര്‍ അടിച്ചുകൂട്ടിയത്. ലോക വനിതാ ക്രിക്കറ്റ് മത്സരത്തില്‍ മിതാലിയും സംഘവും ഒന്‍പത് റണ്‍സിനാണ് ഇംഗ്ലണ്ടിനോട് പടപൊരുതി തോറ്റത്.

You must be logged in to post a comment Login