മിതാലി രാജ് ട്വന്റി-20യില്‍ നിന്ന് വിരമിക്കുന്നു; ഇംഗ്ലണ്ട് പരമ്പര സെന്റ് ഓഫാകും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ താരങ്ങളുടെ നിരയില്‍ ഇരിപ്പിടമുള്ള താരമാണ് മിതാലി രാജ്. വനിതാ ടീമിന്റെ സച്ചിനെന്നും ധോണിയെന്നുമൊക്കെ താരതമ്യം ചെയ്യുന്നവരുണ്ട്. എന്നാല്‍ ആത്മാര്‍ത്ഥമായി ചിന്തിച്ചാല്‍ മിതാലി ക്രിക്കറ്റിന് നല്‍കിയതും ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ ഇവിടത്തോളം എത്തിക്കുന്നതില്‍ വഹിച്ച പങ്കും കണക്കിലെടുത്താന്‍ ഒരു പക്ഷെ അവരേക്കാള്‍ മുകളിലാകും മിതാലിയുടെ സ്ഥാനം. ഇന്ത്യന്‍ വനിത ടീമിന്റെ ഇന്നത്തെ വളര്‍ച്ചയക്കും ജനപ്രീതിക്കും മിതാലിയുടെ അധ്വാനത്തോടും അര്‍പ്പണ ബോധത്തോടും നന്ദി പറയണം.

പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മിതാലി രാജ് തന്റെ ട്വന്റി20 കരിയറിന് ഉടനെ തന്നെ വിരാമമിടും. ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറാനിരിക്കുന്ന ട്വന്റി20 പരമ്പരയോടെ മിതാലി വിരമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഏകദിനത്തില്‍ തുടരും. ഇന്ത്യന്‍ ടീമിനെ ഏകദിനത്തില്‍ നയിക്കുന്നത് മിതാലിയാണ്. ട്വന്റി20യില്‍ ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ നായിക.

ഇപ്പോള്‍ ന്യൂസിലാന്റിനെതിരായ പരമ്പരകള്‍ക്കായി വെല്ലിങ്ടണിലാണ് മിതാലിയും സംഘവും. ഏകദിന പരമ്പര ജയിച്ച ഇന്ത്യ ട്വന്റി20 മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. വെല്ലിങ്ടണില്‍ നാളെയാണ് പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരം. മിതാലി ടീമിലുണ്ടാകുമോ എന്നത് കണ്ടറിയേണ്ടതാണ്.

മാര്‍ച്ചിലാണ് ഇന്ത്യഇംഗ്ലണ്ട് പരമ്പര. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 2020 ലോകകപ്പ് ലക്ഷ്യമിട്ട് ഹര്‍മന്‍പ്രീത് മികച്ച ടീമിനെ വാര്‍ത്തെടുക്കാനുളള ശ്രമത്തിലാണെന്ന് മിതാലി മനസിലാക്കുന്നുണ്ടെന്നും ലോകകപ്പ് ടീമിലിടം നേടാന്‍ മിതാലിക്ക് സാധിക്കില്ലെന്നും ഇതാണ് തീരുമാനത്തിന് പിന്നിലെന്നും ഒരു ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ മിതാലിയെ പോലൊരു താരത്തിന് അര്‍ഹമായ യാത്രയയപ്പില്ലാതെ വിടാന്‍ ഇന്ത്യന്‍ ടീം തയ്യാറാകില്ലെന്നുറപ്പാണ്. ഇംഗ്ലണ്ട് പരമ്പര മിതാലിക്കുള്ള സെന്റ് ഓഫായി മാറുമെന്നാണ് അറിയാന്‍ കഴിയുന്നത്. കിവീസിനെതിരായ പരമ്പരയിലും എല്ലാ മത്സരത്തിലും മിതാലിയെ കളിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ വിവരം മിതാലിയെ അറിയിച്ചതായും ബിസിസിഐ വൃത്തം അറിയിക്കുന്നു.

ഇന്ത്യന്‍ ടീമിലെ ഏറ്റവും മുതിര്‍ന്ന താരമാണ് 36കാരിയായ മിതാലി. കുറഞ്ഞ സ്‌ട്രൈക്ക് റേറ്റും ഫീല്‍ഡിങിലെ വേഗത ഇല്ലായ്മയുമാണ് മിതാലിയ്ക്ക് തിരിച്ചടിയായി മാറുന്നത്. നേരത്തെ ട്വന്റി20 ലോകകപ്പില്‍ സെമി ഫൈനലില്‍ മിതാലിയെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇന്ത്യക്കായി 85 ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മിതാലി 17 അര്‍ധ സെഞ്ചുറി അടക്കം 2283 റണ്‍സെടുത്തിട്ടുണ്ട്. 97 റണ്‍സാണ് ടോപ്പ് സ്‌കോര്‍.

You must be logged in to post a comment Login