മിതാലി രാജ് ട്വൻറി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

 

ന്യൂഡൽഹി: മുൻ ഇന്ത്യൻ വനിത ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ് ട്വൻറി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏകദിനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം വിരമിച്ചത്. 32 ടി20 മത്സരങ്ങളിൽ മിതാലി ഇന്ത്യയെ നയിച്ചിട്ടുണ്ട്. മൂന്ന് വനിതാ ടി20 ലോകകപ്പുകളിലും മിതാലിയായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചിരുന്നത്.

2006ൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആദ്യമായി ട്വൻറി20 മത്സരം കളിച്ചപ്പോഴും മിതാലിയായിരുന്നു ക്യാപ്റ്റൻ. 88 ട്വൻറി20 മത്സരങ്ങളിൽ നിന്ന് അവർ 2364 റൺസ് നേടിയിട്ടുണ്ട്. ടി20യിൽ ആദ്യമായി 2000 റൺസ് പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ താരവും മിതാലി രാജാണ്.

“2006 മുതൽ ടി20യിൽ ടീമിനെ പ്രതിനിധീകരിക്കുന്ന ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. 2021ലെ ഏകദിന വനിതാ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നതാണ് എൻെറ ലക്ഷ്യം. അതിനായാണ് ഇനി സമയം മാറ്റിവെക്കാൻ പോവുന്നത്,” മിതാലി രാജ് ബിസിസിഐക്ക് എഴുതിയ കത്തിൽ പറയുന്നു.

“രാജ്യത്തിന് വേണ്ടി ലോകകപ്പ് നേടുകയെന്ന എൻെറ ലക്ഷ്യം ഇപ്പോഴും അവശേഷിക്കുകയാണ്. എനിക്ക് ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടതുണ്ട്. ഇന്ത്യയുടെ ടി20 ടീമിന് എല്ലാ ആശംസകളും നേരുന്നു. ഇത് വരെ പിന്തുണച്ച ബിസിസിഐക്കും നന്ദി പറയുന്നു,” മിതാലി കൂട്ടിച്ചേർത്തു.

You must be logged in to post a comment Login