മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി; ഹര്‍ത്താലിലുണ്ടായ എല്ലാ കേസുകളിലും ഡീനിനെ പ്രതിയാക്കണം; ശബരിമല ഹര്‍ത്താലിലും ഇതേ നിര്‍ദേശം ബാധകം

 


കൊച്ചി: പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. കാസര്‍കോട് ജില്ലയിലെ നഷ്ടം യുഡിഎഫ് ഭാരവാഹികളില്‍ നിന്ന് ഈടാക്കണം. കമറുദ്ദീന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നാണ് നഷ്ടം ഈടാക്കാന്‍ കോടതി ഉത്തരവിട്ടത്. ഹര്‍ത്താലില്‍ ഉണ്ടായ നഷ്ടം കണക്കാക്കാന്‍ കമ്മീഷനെ നിയോഗിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. 189 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും പൊതുമുതല്‍ നശിപ്പിക്കപ്പെട്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കെഎസ്‌ആര്‍ടിസിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ത്താലിലുണ്ടായ നഷ്ടം കര്‍മ്മസമിതി നികത്തണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. നഷ്ടം നികത്താന്‍ ശബരിമല കര്‍മ്മസമിതിയില്‍ നിന്നും പണം ഈടാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ ടി.പി സെന്‍കുമാര്‍, കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരില്‍ നിന്നും നഷ്ടം ഈടാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് 223 സംഭവങ്ങളിലായി ഏകദേശം 1,04,20,850 രൂപയുടെ നാശനഷ്ടം ഉണ്ടായതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ നേരത്തെ അറിയിച്ചിരുന്നു.കൊല്ലം റൂറല്‍ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. 26 സംഭവങ്ങളില്‍ ഏകദേശം 17,33,000 രൂപയുടെ നഷ്ടമാണ് അവിടെയുണ്ടായത്. കൊല്ലം സിറ്റിയില്‍ 25 സംഭവങ്ങളില്‍ 17,18,00 രൂപയുടെയും തിരുവനന്തപുരം സിറ്റിയില്‍ ഒന്‍പത് സംഭവങ്ങളില്‍ 12,20,000 രൂപയുടെയും നഷ്ടമുണ്ടായി.

ഓരോ ജില്ലകളിലേയും നാശനഷ്ടം: (സംഭവങ്ങളുടെ എണ്ണം, ഏകദേശമൂല്യം എന്ന കണക്കില്‍) തിരുവനന്തപുരം റൂറല്‍ – 33 ; 11,28,250, രൂപ പത്തനംതിട്ട – 30 ; 8,41,500, ആലപ്പുഴ – 12 ; 3,17,500, ഇടുക്കി – ഒന്ന് ; 2,000, കോട്ടയം – മൂന്ന് ; 45,000, കൊച്ചി സിറ്റി – നാല് ; 45,000, എറണാകുളം റൂറല്‍ – ആറ് ; 2,85,600, തൃശ്ശൂര്‍ സിറ്റി – ഏഴ് ; 2,17,000, തൃശ്ശൂര്‍ റൂറല്‍ – എട്ട് ; 1,46,000, പാലക്കാട് – ആറ് ; 6,91,000, മലപ്പുറം – അഞ്ച് ; 1,52,000, കോഴിക്കോട് സിറ്റി – ഒന്‍പത് ; 1,63,000, കോഴിക്കോട് റൂറല്‍ – അഞ്ച് ; 1,40,000 വയനാട് – 11 ; 2,07,000, കണ്ണൂര്‍ – 12 ; 6,92,000, കാസര്‍ഗോഡ് – 11 ; 6,77,000.

You must be logged in to post a comment Login