മിര്‍സാ ഗാലിബിനെ പുനര്‍വായിക്കുമ്പോള്‍

 

ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി.

ഡല്‍ഹിയിലെയും ആഗ്രയിലേയും മഞ്ഞിലുറഞ്ഞ ഹവേലികളില്‍ പ്രണയമഴയുടെ അകമ്പടി. ഉറുദുവിലും പേര്‍ഷ്യനിലുമുള്ള വരികളില്‍ വഴിഞ്ഞൊഴുകുന്ന മുന്തിരിച്ചാറിന്റെ മാധുര്യം. ജേതാവ് എന്നര്‍ത്ഥം വരുന്ന ഗാലിബിന്റെ ഓര്‍മകളില്‍ പ്രണയിനികള്‍ ഉന്മാദികളായി പരിലസിക്കുന്നു. മിര്‍സാ ഗാലിബിന് 220 വയസ്സിന്റെ നിത്യയൗവനം അവരുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്നു. കവിതകളായും പഴഞ്ചൊല്ലുകളായും ഗസലുകളായുമൊക്കെ.
ആഗ്രയിലെ കലാമഹലില്‍ 1797ല്‍ ജനിച്ച്, ലോകത്തിന്റെ കലാമനസ്സില്‍ ചിരപ്രതിഷ്ഠിതനായ മിര്‍സാ അസദുല്ലാബ് ബെയ്ഗ് ഖാന്‍, സിംഹം എന്നര്‍ത്ഥമുള്ള അസദ് എന്ന പേരുപേക്ഷിച്ചാണ് ഗാലിബ് എന്ന തൂലികാനാമം തിരഞ്ഞെടുത്തത്. ദാബിറുല്‍ മുല്‍ക്ക് , നജും-ഉദ്-ദൗലാ എന്നൊക്കെ അറിയപ്പെടുന്ന അദ്ദേഹം ഒരു കവി മാത്രമല്ല, മറിച്ച് അവതാരമായിരുന്നു എന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഇന്ത്യയിലെ മുഗള്‍ കാലഘട്ടത്തിലെ അവസാന കവി എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പേരും പെരുമയും ഈ ഭൂമി നിലനില്‍ക്കുന്നിടത്തോളം അവശേഷിക്കും എന്നതിന് കാരണം ഓരോ വായനയും ഓരോ പുതിയ അര്‍ത്ഥതലങ്ങള്‍ അനുഭവവേദ്യമാക്കുന്നു എന്നത് തന്നെയാണ്.
ഇന്ത്യയിലും പാക്കിസ്ഥാനിലും മാത്രമല്ല അദ്ദേഹത്തിന് ആരാധകരുള്ളത്. ഹിന്ദുസ്ഥാനിയെന്ന സാംസ്‌കാരികതയുടെ പരിചയങ്ങളുള്ള പരിസരങ്ങളില്‍ മുഴുവനും ഗാലിബിന്റെ വരികള്‍ ഒഴുകി നടക്കുന്നു. പ്രസ്തുത സാംസ്‌കാരികതയ്ക്ക് ഉത്തരാധുനിക പരിപ്രേക്ഷ്യം കൈവന്നതിന് പ്രധാന കാരണം അതിരുകള്‍ ഭേദിച്ചുകൊണ്ടുള്ള ദേശാടനവും പ്രവാസവും തന്നെ.
സമര്‍ക്കന്തില്‍(ഇപ്പോഴത്തെ അസര്‍ബൈജാന്‍) നിന്നും ഭാരതത്തിലേക്ക് കുടിയേറിയ വംശപരമ്പരയിലാണ് മിര്‍സാ ഗാലിബ് ജനിക്കുന്നത്. കേവലം 13 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍, അന്നത്തെ ഉന്നത മുസ്ലീം കുടുംബങ്ങളില്‍ ഫിറോസ്പൂര്‍ നവാബിന്റെ സഹോദര പുത്രിയായ ഉംറാവോ ബീഗവുമായുള്ള വൈവാഹിക ജീവിതത്തെക്കുറിച്ച് അദ്ദേഹം കോറിയിട്ടത് ഇപ്രകാരമാണ്:
‘വിവാഹം എന്റെ രണ്ടാം തടവ് ജീവിതമാണ്,
ആദ്യത്തേത് ജീവിതം തന്നെ’
തികച്ചും ഫെമിനിസ്റ്റ് പരിപ്രേക്ഷ്യത്തിലൂടെ നാം ഗാലിബിന്റെ കവിതകളെ പുനര്‍വായനയ്ക്ക് വിധേയമാക്കാന്‍ തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകള്‍ മാത്രമേ ആയിട്ടുള്ളു. ജീവിതത്തെ കുറിച്ച് നൈരന്തര്യത്തിലുള്ള വേദനയാണെന്ന് പറഞ്ഞ് അദ്ദേഹം, സാര്‍ത്ര് പറയുന്ന അസ്ഥിത്വ ദുഃഖത്തെയും പൊടി തട്ടിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നു.
”ഈ ലോകമെന്നുമെന്‍ കണ്ണില്‍ നല്‍കൂ,
കുഞ്ഞിളം കണ്ണിലെ കളിക്കളങ്ങള്‍,
രാവിലും പകലിലും കണ്ണിലെന്നും ,
ഇക്കാഴ്ച മാത്രമേ കാണ്മതുള്ളു..” എന്ന ഈരടിയില്‍ ‘ട്രോമ’യെന്ന സാഹിത്യ സിദ്ധാന്തത്തിന്റെ സാധ്യത തെളിഞ്ഞുവരുന്നു.
വീഞ്ഞും ചൂതും സ്ത്രീയും എന്തെന്നറിയാത്തവന്‍ കവിയാകുന്നതെങ്ങിനെ എന്ന സ്‌ഫോടനാത്മകമായ അദ്ദേഹത്തിന്റെ ചോദ്യത്തില്‍ നമ്മുടെ സകല സദാചാരബിംബങ്ങളും തകര്‍ന്നടിയുന്നു. തികഞ്ഞ മതഭക്തയായിരുന്ന തന്റെ ഭാര്യയില്‍, ‘ബൊഹീമിയ’നെപ്പോലെ ജീവിച്ച ഗാലിബിന് അസ്വാരസ്യങ്ങള്‍ മാത്രം നിറഞ്ഞ നിമിഷങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് സിംഗ-പ്രത്യയശാസ്ത്രത്തെ മുന്‍നിര്‍ത്തിപഠിക്കുന്നവര്‍ക്ക് പുതുമയേറെ നല്‍കും.
ഡല്‍ഹിയുടെ തെരുവോരങ്ങളില്‍ മദ്യവും മദിരാക്ഷിയും ചൂതാട്ടവുമായി അലഞ്ഞു നടന്ന അദ്ദേഹം, പക്ഷേ, ഉരുവിട്ട ഓരോ വാക്കുകളും കവിതകളായിരുന്നു. പതിനൊന്നാം വയസ്സില്‍ ഉറുദുവില്‍ കവിതകള്‍ എഴുതിത്തുടങ്ങിയ ഗാലിബ് കൗമാര കാലത്ത് തന്നെ അറബിയിലും പേര്‍ഷ്യനിലും വേദാന്തത്തിലും തര്‍ക്കശാസ്ത്രത്തിലും ഗഹനമായ അറിവുകള്‍ നേടിയത് സരതുഷ്ട്ര മതവിഭാഗക്കാരനായ ഹോര്‍മുസ് അബ്ദുള്‍ സമദ് എന്ന ഇറാന്‍കാരനില്‍ നിന്നുമാണ്. (ഇദ്ദേഹം പിന്നീട് ഇസ്ലാം മതവിശ്വാസിയായി).
‘പ്രണയിനിയുമായി സല്ലപിക്കുക’ എന്നാണ് പേര്‍ഷ്യന്‍ ഭാഷയില്‍ ഗസല്‍ എന്ന പദത്തിനര്‍ത്ഥം. ഗസല്‍ വരികളുടെ പുനര്‍വായന ലിംഗ/സ്വത്വ പഠനവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നു. പ്രണയത്തിന്റെ മുന്തിരിച്ചാറുകള്‍ ചാലിച്ചെടുക്കുന്ന ഗാലിബിന്റെ ഗസലുകളില്‍ പരാമര്‍ശിക്കപ്പെടുന്ന/അഭിസംബോധന ചെയ്യപ്പെടുന്ന വ്യക്തി പുരുഷനോ സ്ത്രീയോ എന്ന് വ്യക്തമായി തിരിച്ചറിയുക സാധ്യമല്ല. സ്ത്രീയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണങ്ങളില്‍ ഒന്ന് പാടുന്നയാള്‍ പുരുഷ ശബ്ദത്തിനുടമയാണ് എന്ന ദുര്‍ബലമായ വാദഗതികൊണ്ട് മാത്രമാണ്. അവസാന കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ കവിതകള്‍ പേര്‍ഷ്യനിലായിരുന്നുവെങ്കിലും, ബഹുഭൂരിപക്ഷം വരുന്ന ഗസലും അദ്ദേഹം എഴുതിയിരുന്നത് ഉറുദുവില്‍ ആയിരുന്നു. അതിന്റെ ശ്രാവ്യസുഖത്തിന് തബല എന്ന അകമ്പടി ഉപകരണം കണ്ടുപിടിച്ചത് ഗാലിബാണ് എന്നൊരു ചരിത്രം കൂടി മനസ്സിലാക്കേണ്ടതുണ്ട്(ഈ അഭിപ്രായത്തിന് ചില ചരിത്രകാരന്മാര്‍ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്). കവിതയുടെ സര്‍ഗാത്മകചാലകശക്തിക്ക് ഭാഷയുടെ തിരഞ്ഞെടുപ്പ് എന്ന സമകാലീന സാഹിത്യ വീക്ഷണത്തെ ഇതിലൂടെ പുനര്‍വായനയ്ക്ക് വിധേയമാക്കാവുന്നതാണ്.
വായനക്കാരോട് സംവദിക്കുന്ന രീതിയില്‍ അദ്ദേഹം എഴുതിയ ഗദ്യശേഖരം കൂടി പരിശോധിക്കപ്പെടേണ്ടതാണ്. ഉറുദുവില്‍ അദ്ദേഹം എഴുതിയ കത്തുകള്‍ സംഭാഷണ രീതിയിലധിഷ്ഠിതമാണ്. പാമെല, ഡ്രാക്കുള തുടങ്ങിയ ഇംഗ്ലീഷ് ‘എപിസ്റ്റോളറി’ നോവലുകള്‍ പഠിക്കുന്നവര്‍ക്ക് ഈ ഗദ്യശേഖരവും എഴുത്തുകളും ‘പ്രോസ് റൊമാന്‍സു’കളുടെ പുതിയ ജാലകങ്ങള്‍ തുറന്നുകൊടുക്കുന്നു. ഡല്‍ഹി എന്ന നഗരവും അതിന്റെ തെരുവുകളും മലീമസമായ അന്തരീക്ഷവുമൊക്കെ പതനത്തിലേക്കാണെന്ന ഭീഷണിയുയര്‍ത്തി ക്രാന്തദര്‍ശിയായ അദ്ദേഹം, നൂറ്റാണ്ടുകള്‍ക്ക് മുമ്പെ, പാടിയൊഴിഞ്ഞു. നാമിന്ന് അറിയുന്ന ഡല്‍ഹി ഗാലിബ് പ്രവചിച്ചയത്രയ്ക്കും വീര്‍പ്പുമുട്ടുന്ന ഒന്നാണെന്ന് തിരിച്ചറിയുമ്പോള്‍ നവചരിത്രവാദ സിദ്ധാന്തങ്ങള്‍ കൊണ്ടുള്ള പുനര്‍വായനയുടെ(അ) രുചി നമ്മെ അലോസരപ്പെടുത്തും.
മതത്തിലൂടെ ദൈവത്തെ അന്വേഷിക്കുന്നതില്‍ വിമുഖനായ ഗാലിബ്, പക്ഷെ ഒരു ദൈവവിശ്വാസി തന്നെയായിരുന്നു. ‘പറുദീസ എനിക്കേറെ ഇഷ്ടമാണെങ്കിലും മദോന്മത്തനായി, ചുവടുകളുറക്കാതെ എനിക്കെങ്ങിനെ അവിടെ നടക്കാനാകും?’ എന്ന ചോദ്യം കവിയിലൂടെ പുറത്ത് വന്നത് വ്യക്തിപരമായ ‘സ്‌കെപ്റ്റിസിസം’ എന്ന തലത്തിലേക്ക് പുനര്‍വായിക്കാന്‍ സാധിക്കും. ഗാലിബെന്ന സമുദ്രത്തില്‍ നിന്നും എത്ര കോരിയെടുത്താലും തീരാത്ത മുത്തുമണികളുണ്ട്. ആ മണികളോരോന്നും ഓരോ തരം വായനാനുഭവങ്ങള്‍ നല്‍കുന്നു. ഒരിക്കലുമവസാനിക്കാത്ത പുനര്‍വായനയുടെ സാധ്യതകള്‍ തുറന്നു പിടിച്ചു കൊണ്ട് തന്നെ.

You must be logged in to post a comment Login