മില്‍മ പാലിന് വില കൂടുന്നു; പുതുക്കിയ വില സെപ്തംബര്‍ 21 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് വില കൂടുന്നു. പാല്‍ ലിറ്ററിന് നാലു രൂപ വര്‍ധിക്കും. അരലിറ്റര്‍ പാക്കറ്റിന് 2 രൂപയാണ് കൂടുന്നത്. എല്ലായിനം പാലിനും 4 രൂപ വീതം കൂട്ടും. കൂട്ടുന്ന വിലയില്‍ 3 രൂപ 35 പൈസ കര്‍ഷകന് ലഭിക്കും. മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പാല്‍വില കൂട്ടാന്‍ തീരുമാനമെടുത്തത്. സെപ്തംബര്‍ 21 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.

ഇളം നീല കവര്‍ പാല്‍ ലിറ്ററിന് 40 രൂപ ഉള്ളത് 44 ആകും. കടും നീല കവര്‍ പാല്‍ ലിറ്ററിന് 41 രൂപ ഉള്ളത് 45 ആകും. പുതുക്കിയ വിലയുടെ 83.75% കര്‍ഷകന് നല്‍കും. ഓണക്കാലത്ത് വില വര്‍ധിക്കില്ല. ലിറ്ററിന് 7 രൂപ വര്‍ധിപ്പിക്കണമെന്നായിരുന്നു മില്‍മ ഫെഡറേഷന്റെ ശുപാര്‍ശ. എന്നാല്‍, ഇത് അംഗീകരിക്കാനാവില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. ഇതോടെ എല്ലാത്തരം പാലുകള്‍ക്ക് നാലുരൂപ വീതം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

2017 ലാണ് അവസാനമായി പാല്‍വില കൂട്ടിയത്. ഇത്തവണ വര്‍ധന കര്‍ഷകര്‍ക്കു ഗുണം ചെയ്യുമെന്ന് മില്‍മ ബോര്‍ഡ് പറഞ്ഞു.

You must be logged in to post a comment Login