മിഷേലിന്റെ മരണം: പൊലീസിനെതിരെ ആരോപണവുമായി കുടുംബം

പിറവം: പൊലീസിനെതിരെ ആരോപണവുമായി കൊച്ചിയില്‍ മരിച്ച സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ (18) കുടുംബം. പൊലീസ് ആദ്യഘട്ടം മുതല്‍ അന്വേഷണത്തില്‍ അനാസ്ഥ കാട്ടിയെന്ന് മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് കുറ്റപ്പെടുത്തി. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പിറവത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടന്നു. പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പിറവത്ത് കടകളടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കും. സര്‍വകക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ മിഷേലിന്റെ കുടുംബം മുഖ്യമന്ത്രിയെ നേരിട്ടു കാണുവാനും തീരുമാനിച്ചു.

മിഷേലിന്റെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു. അനൂപ് ജേക്കബ് എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടന്നു വരികയാണ്. ഫോണ്‍ കോളുകളും പരിശോധിക്കുന്നുണ്ട്. കുറ്റവാളികള്‍ എത്ര ഉന്നതരായാലും പിടികൂടും. വീഴ്ചവരുത്തിയ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

You must be logged in to post a comment Login