മീ ടു ചിലര്‍ക്ക് ഫാഷനാണെന്ന് പറഞ്ഞ മോഹന്‍ലാലിന്റെ നിലപാട് മനസിലാകും: വിമര്‍ശനവുമായി പത്മപ്രിയ

കൊച്ചി: മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന നടന്‍ മോഹന്‍ലാലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ നടിയും ഡബ്ല്യുസിസി അംഗവുമായ പത്മപ്രിയ. മോഹന്‍ലാല്‍ എപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ മീ ടു മൂവ്‌മെന്റിനെതിരെ ഇത്തരത്തില്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് എന്തെന്ന് മനസ്സിലാകുമെന്നും പത്മപ്രിയ വ്യക്തമാക്കി.

മലയാള സിനിമക്ക് മീ ടു കൊണ്ട് യാതൊരു കുഴപ്പവുമുണ്ടാകില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ വിവാദ പരാമര്‍ശം. മലയാളസിനിമയില്‍ നടന്‍ മുകേഷ്, അലന്‍സിയര്‍ എന്നിവര്‍ക്കെതിരെ മീ ടു ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു മോഹന്‍ലാലിന്റെ വിവാദപരാമര്‍ശം.

മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നടന്‍ പ്രകാശ് രാജ്, രേവതി എന്നിവരടക്കം മോഹന്‍ലാലിനെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു. മീ ടു പോലൊരു വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ മോഹന്‍ലാല്‍ അല്‍പം കൂടി ജാഗ്രതയും കരുതലും പുലര്‍ത്തേണ്ടതുണ്ട് എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. മീ ടു ഫാഷനാണെന്ന് പറയുന്ന ആളുകളെയൊക്കെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്നായിരുന്നു രേവതിയുടെ ചോദ്യം. ഇതിന് പിന്നാലെയാണ് മോഹന്‍ലാലിനെ വിമര്‍ശിച്ച് പത്മപ്രിയയും രംഗത്തുവന്നിരിക്കുന്നത്.

You must be logged in to post a comment Login