മുംബൈയിൽ കെട്ടിടം തകർന്ന് 2 മരണം; 40 പേർ കുടുങ്ങിയെന്ന് സംശയം

 

മുംബൈ: മുംബൈയിലെ ദോങ്ക്രിയിൽ നാലുനിലക്കെട്ടിടം തകര്‍ന്നു വീണ് രണ്ട് പേർ മരിച്ചു. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയിൽ നാൽപതോളം പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങളാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിൽ ഏര്‍പ്പെട്ടിരിക്കുന്നത്. ദക്ഷിണ മുംബൈയിലെ തിരക്കേറിയ മേഖലയായ ദോങ്ക്രിയിൽ രാവില 11.40നാണ് കെട്ടിടം തകര്‍ന്നു വീണത്.

കഴിഞ്ഞയാഴ്ച മുംബൈ നഗരത്തിൽ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് പ്രദേശം പ്രളയത്തിൽ മുങ്ങിയിരുന്നു. വീതി കുറഞ്ഞ തെരുവുകള്‍ക്ക് ഇരുവശത്തും ഇവിടെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളാണ് സ്ഥിതി ചെയ്യുന്നത്. പ്രളയകാലത്ത് ഇവിടത്തെ താമസക്കാരോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ഏകദേശം 100 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. ഇവിടെ ഏഴോളം കുടുംബങ്ങളാണ് താമസിക്കുന്നത്.

ഫയര്‍ ഫോഴ്സ് വാഹനങ്ങളും ആംബുലൻസുകളും സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും തിങ്ങി ഞെരുങ്ങിയ വഴിയിലൂടെ വാഹനങ്ങള്‍ക്ക് എത്താൻ സാധിക്കാത്തതിനാൽ ദൂരെ മാറി പാര്‍ക്ക് ചെയ്തിരിക്കുകയാണ്.

വലിയ ശബ്ദത്തോടെയാണ് കെട്ടിടം തകര്‍ന്നു വീണതെന്നും അടുത്തു നിന്നവരെല്ലാം ഓടി രക്ഷപെട്ടെന്നും ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെട്ടിടത്തിനുള്ളിൽ ജീവനോടെ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിൽ അവരെ രക്ഷപെടുത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. തകര്‍ന്നു വീണ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലെ വിടവുകളിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്നാണ് സംശയം.

രക്ഷാപ്രവര്‍ത്തനത്തിനായി വലിയ വാഹനങ്ങള്‍ക്ക് ഉള്ളിലേയ്ക്ക് കടന്നു വരാൻ സാധിക്കാത്ത സാഹചര്യത്തിൽ നാട്ടുകാരുടെ നേതൃത്വത്തിലാണ് കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ നീക്കുന്നത്. ആളുകള്‍ വരിവരിയായി നിന്ന് തടിക്കഷണങ്ങളും ഇഷ്ടികകളും കൈമാറിയാണ് തെരുവിന് പുറത്തേയ്ക്ക് എത്തിക്കുന്നത്.

ലോകത്തെ തിരക്കേറിയ നഗരങ്ങളിലൊന്നായ മുംബൈയിൽ കെട്ടിടങ്ങള്‍ വലിയ സുരക്ഷാ പ്രശ്നം നേരിടുന്നുണ്ടെനനാണ് ലോക സാമ്പത്തിക ഫോറത്തിന്‍റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം മെയിൽ ബിഎംസി നഗരത്തിൽ ഗുരുതരാവസ്ഥയിലുള്ള 499 കെട്ടിടങ്ങള്‍ കണ്ടെത്തിയിരുന്നു.

You must be logged in to post a comment Login