മുഖംമാറ്റി ‘ഓട്ടോമാറ്റിക്കായി’ ജാസ് വീണ്ടും

JAZZ
വേഗങ്ങളെ കീഴടക്കാന്‍ ജാസ് ഓട്ടോമാറ്റിക്കായി നിരത്തുകളില്‍ എത്തുന്നു. ഓട്ടോമാറ്റിക്ക് ജാസില്‍ മുന്‍ഭാഗത്തു നിന്നു തന്നെയാണ് പരിഷ്‌കരണം തുടങ്ങുന്നത്. ചെറിയ ഹെഡ്‌ലാമ്പാണ് പ്രധാന ആകര്‍ഷണം. കൂടാതെ വി ഷേപ്പില്‍ പിയാനോ ബ്ലാക്ക് തീം നല്‍കിയിരിക്കുന്ന ഗ്രില്ലിനോടൊപ്പമുള്ള ക്രോം ഫിനീഷിംഗ് ലൈനുമാണ് ജാസിന്റെ മുഖം മാറാന്‍ സഹായിച്ചിരിക്കുന്നത്.

ബമ്പറിന്റെ താഴെ ഏറ്റവും ആകര്‍ഷണീയവും സുരക്ഷിതവുമായ രീതിയിലാണ് ഫോഗ് ലാമ്പുകള്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. ഈ സവിശേഷതകള്‍ പുതിയ ജാസിന്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു. വലിയ വീല്‍ ആര്‍ച്ചുകളും അവയില്‍നിന്നു ഡോര്‍ ഹാന്‍ഡിലിലൂടെ റിയര്‍ ലൈറ്റില്‍ വരെ നീളുന്ന ബെല്‍റ്റ് ലൈനുകളുമാണ് വശങ്ങളിലെ ആകര്‍ഷണം. ബോഡി കളര്‍ റിയര്‍വ്യു മിറര്‍, ബ്ലാക്ക് തീം ബി പില്ലറുകള്‍ എന്നിവയ്‌ക്കൊപ്പം 15 ഇഞ്ച് അലോയ് വീലുകളും സിറ്റിയുടെ പിന്മുറക്കാരന്‍ എന്ന ഖ്യാതിക്ക് ജാസിനെ യോഗ്യനാക്കുന്നു.

പിന്‍ഭാഗത്ത് ക്രോം സ്ട്രിപ്പില്‍ ഹോണ്ടയുടെ ലോഗോ നല്കിയിരിക്കുന്നതും ബമ്പറിന്റെ താഴ്ഭാഗത്തെ ഹണി കോമ്പ് ഗ്രില്ലും ബാക്ക് സ്‌പോയിലറുമൊഴിച്ചാല്‍ മുക്കാല്‍ ഭാഗവും പഴയ ജാസിനു സമാനം.ഇതിനിടയിലും പുതുമ നല്കുന്നത് റിയര്‍ ഗ്ലാസിന്റെ സൈഡിലൂടെ റൂഫ് വരെ നീളുന്ന റിഫ്‌ളക്ഷന്‍ ലൈറ്റാണ്.

ഇത് ജാസിന്റെ പിന്‍ഭാഗത്തിന് ഒരു വോള്‍വോ പരിവേഷം പകരുന്നു. മറ്റ് ഹാച്ച്ബാക്ക് കാറുകളെക്കാളും വലുപ്പം തോന്നിക്കുന്ന രൂപകല്പനയും ജാസിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്. നീളവും വീല്‍ബേസും പഴയ കാറിലുള്ളതിനേക്കാള്‍ അല്‍പം ഉയര്‍ത്തിയാണ് പുതിയ ജാസിന്റെ നിര്‍മാണം. 3955 എംഎം നീളവും, 1694 എംഎം വീതിയും, 1544 എംഎം ഉയരത്തിനുമൊപ്പം 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും പുതിയ ജാസിനുണ്ട്.

വിശാലമായ ഡാഷ്‌ബോര്‍ഡും ക്രോം ഫീനീഷിംഗ് നല്‍കിയിരിക്കുന്ന എസി വെന്റുകളും ഇന്റീരിയര്‍ രൂപകല്പനയുടെ മികവ് വെളിവാക്കുന്നുണ്ട്. എന്നാല്‍, പ്രധാന ആകര്‍ഷണം ലളിതവും സ്‌പേഷ്യസുമായ സെന്റര്‍ കണ്‍സോളാണ്.

പിയാനോ ബ്ലാക്ക് ഫിനീഷിംഗില്‍ വളരെ ചിട്ടയായി ക്രമീകരിച്ചിരിക്കുന്ന ബട്ടണുകളും 6.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സെന്റര്‍ കണ്‍സോളിനെ കൂടുതല്‍ വശ്യമാക്കുന്നു. ഡിവിഡി, യുഎസ്ബി എന്നിവയ്ക്കു പുറമെ നാവിഗേഷന്‍ സംവിധാനവും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലുണ്ട്.

ആഡംബര കാറുകളിലേതിനു സമാനമായ ടച്ച് സ്‌ക്രീന്‍ ക്ലൈമറ്റ് കണ്‍ട്രോളിംഗ് യൂണിറ്റാണ് ജാസിലും നല്കിയിരിക്കുന്നത്. ക്രൂയിസ് കണ്‍ട്രോള്‍ യൂണിറ്റ് നല്കിയിട്ടില്ലെന്നതൊഴിച്ചാല്‍ ഹോണ്ട സിറ്റിയില്‍ ഉപയോഗിച്ചതിനു സമാനമായ സ്റ്റിയറിംഗ് വീലാണ് ജാസിലും.

വലുപ്പമേറിയതും ആകര്‍ഷകവുമായ മീറ്റര്‍ കണ്‍സോളാണ് ജാസിന്റേത്. ഡയല്‍ ഷേപ്പിലുള്ള ടെക്‌നോ മീറ്ററിനും സ്പീഡോ മീറ്ററിനും പുറമെ മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ ഡിജിറ്റല്‍ മീറ്ററും ജാസില്‍ പ്രവര്‍ത്തിക്കുന്നു.

വിശാലമായ ലെഗ് സ്‌പേസും കംഫര്‍ട്ട് സീറ്റിംഗും ഉറപ്പുവരുത്തുന്ന രൂപകല്പനയാണ് സ്വീകരിച്ചിരിക്കുന്നത്. മറ്റ് എതിരാളികളെ അപേക്ഷിച്ച് 354 ലിറ്റര്‍ എന്ന ഉയര്‍ന്ന ബൂട്ട് സ്‌പേസും ജാസിന്റെ പ്രത്യേകതകളിലൊന്നാണ്.

ഡീസല്‍, പെട്രോള്‍ എന്നീ രണ്ട് എന്‍ജിനുകളില്‍ ജാസ് പുറത്തിറങ്ങുന്നു. ഡിഒഎച്ച്‌സി ഐഡിടെക് ഡീസല്‍ എന്‍ജിന്‍ 1498 സിസിയില്‍ ആറ് സ്പീഡ് ഗിയര്‍ ബോക്‌സാണ് പ്രവര്‍ത്തിക്കുന്നത്. ഇത് 200 എന്‍എം ടോര്‍ക്കില്‍ 100പിഎസ് പവര്‍ ഉത്പാദിപ്പിക്കുന്നു.

1.2 ഐ വിടെക് പെട്രോള്‍ എന്‍ജിനില്‍ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്, ഏഴ് സ്പീഡ് സിടിവി ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് എന്നീ രണ്ടു മോഡലുകള്‍ പുറത്തിറങ്ങുന്നു. 1199 സിസി പവറില്‍ 110 എന്‍എം ടോര്‍ക്കില്‍ 90 പിഎസ് പവറാണ് പെട്രോള്‍ എന്‍ജിന് കരുത്തു പകരുന്നത്.

എബിഎസ്, ഇബിഡി ബ്രേക്കിംഗ് സംവിധാനവും ടോപ്പ് എന്‍ഡ് മോഡലുകള്‍ക്ക് രണ്ട് എയര്‍ബാഗുമാണ് ജാസില്‍ നല്കിയിരിക്കുന്ന പ്രധാന സുരക്ഷാ സംവിധാനങ്ങള്‍. ഓട്ടോമാറ്റിക്കിന് 8.30 ലക്ഷം മുതല്‍ 9.35 ലക്ഷം വരെയാണ് വില.

You must be logged in to post a comment Login