മുഖ്യമന്ത്രിക്കെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി; മന്ത്രി കെ.രാജുവിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞു; പൊലീസ് ലാത്തി വീശി

Pinarayi-Vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരി?െങ്കാടി കാട്ടി. സ്വാശ്രയ വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരി?െങ്കാടി വീശിയത്. പിണറായിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മെഡിക്കല്‍ പഠനത്തിന് ഉയര്‍ത്തിയ സ്വാശ്രയ ഫീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നാല് ദിവസങ്ങളായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുകയാണ്. സെക്രട്ടറിയേറ്റിന് സമീപം നബാര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ വെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.

നേരത്തെ സമരക്കാര്‍ മന്ത്രി കെ രാജുവിന്റെ കാര്‍ തടയുകയും കരിങ്കൊടി വീശുകയും ചെയ്തിരുന്നു. സമര പന്തലിന് മുന്നിലൂടെ കടന്നുപോയ മന്ത്രിയുടെ കാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിടുകയായിരുന്നു. കാറിന് അടുത്തെത്തി പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പത്ത് മിനിട്ടോളം മന്ത്രിയുടെ കാര്‍ സമരപ്പന്തലിന് മുമ്പില്‍ തടഞ്ഞിട്ടു. ഈ സമയത്ത് പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തി വീശി. തുടര്‍ന്ന് പ്രദേശത്ത് ഏകദേശം അര മണിക്കൂറോളം സംഘര്‍ഷം നിലനിന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. അതേസമയം, യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത് അപ്രതീക്ഷിതമായ ആക്രമണമാണെന്ന് മന്ത്രി രാജു പ്രതികരിച്ചു. അക്രമത്തെ അപലപിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാര്‍ തടഞ്ഞുവെന്ന ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിഷേധിച്ചു. യാതൊരു പ്രകോപനവും കൂടാതെ പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിവീശിയതില്‍ അന്വേഷണം വേണമെന്നും അതിക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടു.

You must be logged in to post a comment Login