മുഖ്യമന്ത്രിക്കെതിരെ പി.രാജു; ‘പൊലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണം; ഡിസിപി യതീഷ് ചന്ദ്ര പൊലീസിലെ മനുഷ്യമൃഗം’

Indian Telegram Android App Indian Telegram IOS App

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. പൊലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണം. ഇല്ലെങ്കില്‍ സിപിഐ നിലയ്ക്ക് നിര്‍ത്തിക്കൊള്ളാമെന്നും പി.രാജു പറഞ്ഞു. ഡിസിപി യതീഷ് ചന്ദ്ര പൊലീസിലെ മനുഷ്യമൃഗമാണ്. ഗുണ്ടകളെപ്പോലും നാണിപ്പിക്കുന്നതാണ് യതീഷ് ചന്ദ്രയുടെ പെരുമാറ്റമെന്നും പി.രാജു കുറ്റപ്പെടുത്തി.

പുതുവൈപ്പ് സമരം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ സര്‍ക്കാരിന് നിരാശപ്പെടേണ്ടിവരും. സമരക്കാരെ മര്‍ദിച്ച ഡിസിപി യതീഷ് ചന്ദ്ര കമ്യൂണിസ്റ്റ് വിരുദ്ധനാണെന്നും അങ്ങനെയുള്ള ഉദ്യോഗസ്ഥനെ എന്തിനാണ് സംരക്ഷിക്കുന്നതെന്നും രാജു ചോദിച്ചു. പുതുവൈപ്പിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എഐവൈഎഫ് എറണാകുളം റെയ്ഞ്ച് ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അതേസമയം, പുതുവൈപ്പിൽ സമരക്കാർക്കെതിരായ പൊലീസ് നടപടിയില്‍ ഡിസിപി യതീഷ് ചന്ദ്രയെ ഡിജിപി ടി.പി.സെൻകുമാർ വിളിച്ചുവരുത്തി. കൊച്ചിയിലാണ് കൂടിക്കാഴ്ച നടക്കുന്നത്. ഡിസിപിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. നേരത്തെ, പുതുവൈപ്പ് സമരത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായോയെന്ന് പൊലീസ് അന്വേഷിക്കുമെന്ന് കൊച്ചി റേഞ്ച് ഐജി പി.വിജയന്‍ പറഞ്ഞിരുന്നു. ഐഒസിയുടെ എൽപിജി സംഭരണ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്നും അന്വേഷിക്കും. സമരത്തിനിടെയുണ്ടായ പൊലീസ് നടപടി സംബന്ധിച്ചും എസ്പിയോടും കമ്മീഷണറോടും പി.വിജയന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

You must be logged in to post a comment Login