മുഖ്യമന്ത്രിക്ക് വധഭീഷണി; രണ്ട് പേര്‍ പിടിയില്‍

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് മൊബൈല്‍ ഫോണിലൂടെ ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അയൽവാസിയോടുള്ള പക തീർക്കാൻ ഫോൺ മോഷ്ടിച്ച് വിളിക്കുകയായിരുന്നുവെന്ന് ഇരുവരും പൊലീസിൽ മൊഴി നൽകി.

വെള്ളിയാഴ്ച രാവിലെ ചാലക്കുടിയിൽനിന്നു തൃശൂർക്കു സഞ്ചരിക്കുകയായിരുന്ന സജേഷ് കുമാർ എന്നയാളുടെ മൊബൈലിലേക്കാണ് ‘മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു കൊല്ലപ്പെടും’ എന്ന സന്ദേശമെത്തിയത്. സജേഷ് കുമാർ അപ്പോൾത്തന്നെ തൃശൂർ ഈസ്റ്റ് പൊലീസിലെത്തി ഈ വിവരം അറിയിച്ചു. മെസേജ് വന്ന നമ്പറിന്റെ ഉറവിടം പാലക്കാടാണെന്നും മുഖ്യമന്ത്രി വെള്ളിയാഴ്ച പാലക്കാട്ടാണെന്നും വ്യക്തമായതോടെ പൊലീസ് ജാഗ്രതാ നിർദേശം നൽകുകയും അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കുകയുമായിരുന്നു.

കല്ലേക്കാട് പിരായിരിയിൽ ചായക്കട നടത്തുന്ന സൈനബയുടെ മൊബൈൽ നമ്പറിൽനിന്നായിരുന്നു സന്ദേശം. സൈനബയുടെ ഫോൺ മൂന്നു ദിവസം മുൻപു മോഷണം പോയിരുന്നു.

You must be logged in to post a comment Login