മുഖ്യമന്ത്രിയില്ലാതെ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്; ഇ പി ജയരാജന്‍ അധ്യക്ഷനാകും

 

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്ക് പോയ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഇരുപത് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ന് മന്ത്രിസഭാ യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയിലാകും യോഗം. കഴിഞ്ഞ മുപ്പതിനായിരുന്നു അവസാനമായി സംസ്ഥാന മന്ത്രിസഭായോഗം ചേര്‍ന്നത്.

സെപ്റ്റംബര്‍ രണ്ടിന് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയി. മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷനാകാനുള്ള ചുമതല മന്ത്രി ഇ പി ജയരാജന് നല്‍കിയിരുന്നെങ്കിലും രണ്ടാഴ്ച്ചയായി യോഗം ചേരാത്തത് വലിയ വിവാദമായിരുന്നു. പ്രളയക്കെടുതി നേരിടാനുള്ള കൂടുതല്‍ തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തിലുണ്ടായേക്കും. ഇതുവരെ നടത്തിയ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും യോഗത്തില്‍ നടക്കും.

അതേസമയം,  സംസ്ഥാനത്ത് ഒരു ഭരണസ്തംഭനവുമില്ല. എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നു. ആക്ഷേപിക്കേണ്ടവര്‍ക്ക് ആക്ഷേപിക്കാം. ബുധനാഴ്ച മന്ത്രിസഭായോഗം ചേരാന്‍ തീരുമാനിച്ചതാണ്. ജില്ലകളിലെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് മന്ത്രിമാരെല്ലാം പുറത്തായതിനാലാണ് ചേരാന്‍ സാധിക്കാതിരുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി മടങ്ങിയെത്താന്‍ വൈകിയാലും അടുത്തുതന്നെ മന്ത്രിസഭായോഗം ചേരും. നിങ്ങള്‍ (മാധ്യമങ്ങള്‍) ഉത്കണ്ഠപ്പെടേണ്ടതില്ല. മന്ത്രിസഭ ചേരേണ്ട അടിയന്തരവിഷയമുണ്ടായാല്‍ ഉടന്‍ ചേരും. മന്ത്രി കൂട്ടിച്ചേര്‍ത്തു.

19ന് മന്ത്രിസഭായോഗം ചേരുമോ എന്ന ചോദ്യത്തിന്, അന്നത്തേക്ക് എന്തായാലും താന്‍ വിളിച്ചിട്ടില്ലെന്നായിരുന്നു ജയരാജന്റെ മറുപടി. മുതിര്‍ന്ന മന്ത്രിമാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ് മന്ത്രിസഭ ചേരാന്‍ സാധിക്കാത്തതെന്ന പ്രതിപക്ഷ ആരോപണം ചൂണ്ടിക്കാട്ടിയപ്പോള്‍, ഇതൊക്കെ പണ്ടുനടന്നതല്ലേ, അതൊക്കെ മനസ്സില്‍ തികട്ടിവരുന്നതാണ്. അതുപോലെയാണ് ഇന്നും നടക്കുന്നതെന്ന് കരുതുന്നതിനാലാണെന്നും അദ്ദേഹം മറുപടി നല്‍കിയിരുന്നു.

You must be logged in to post a comment Login