മുഖ്യമന്ത്രിയുടെ തലകൊയ്യുമെന്ന പ്രസ്താവന തള്ളി ആര്‍എസ്എസ്സും ബിജെപിയും

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിക്കെതിരെ ആര്‍എസ്എസ് നേതാവ് നടത്തിയ പരാമര്‍ശം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ അഭിപ്രായമല്ലെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍. ആര്‍എസ്എസ് ഹിംസയില്‍ വിശ്വസിക്കുന്നില്ല. ജനാധിപത്യ വ്യവസ്ഥയില്‍ അടിയുറച്ചുനിന്നുള്ള പ്രവര്‍ത്തനമാണ് ആര്‍എസ്എസ് നടത്തുന്നത്. കേരളത്തില്‍ തുടര്‍ച്ചയായി സിപിഐഎം അക്രമങ്ങള്‍ ഉണ്ടായിട്ടും ജനാധിപത്യരീതിയിലുള്ള പ്രതികരണങ്ങള്‍ക്കാണ് ആര്‍എസ്എസ് മുന്നിട്ടിറങ്ങിയത്.

ഉജ്ജയിനിയില്‍ പ്രകടിപ്പിച്ച വികാരം ആര്‍എസ്എസിന്റേതല്ല. സംഘത്തിന്റെ ഭാഷയും ശൈലിയും പ്രവര്‍ത്തന പാരമ്പര്യവും ഇത്തരത്തിലുള്ളതല്ല. ഇതിനെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായും സിപിഐഎം അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ തുടരുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്ന ആര്‍എസ്എസ് നേതാവ് ഡോ. ചന്ദ്രാവത്തിന്റെ ഉജ്ജയിനിയിലെ പ്രസംഗം വിവാദമായ സാഹചര്യത്തിലാണ് പ്രസ്താവന.

മുഖ്യമന്ത്രിക്കെതിരായി പ്രസ്താവന നടത്തിയ മധ്യപ്രദേശിലെ നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനോട് യോജിപ്പില്ലെന്നും ഇത് ബിജെപിയുടെ ശൈലിയല്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനും വ്യക്തമാക്കി. പ്രസ്താവന നടത്തിയ ആളെ ആര്‍എസ്എസ് അഖിലേന്ത്യാ നേതൃത്വം തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ജനാധിപത്യത്തില്‍ അടിയുറച്ചുനിന്ന് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ബിജെപിയെന്നും അദ്ദേഹം വ്യക്തമാക്കി.

You must be logged in to post a comment Login