മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി. ജയരാജന്‍ ചുമതലയേറ്റു; മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ ജനകീയമാക്കുമെന്ന് എംവി ജയരാജന്‍; എല്ലാവരും ചേര്‍ന്ന് ഒരു കുടുംബംപോലെ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റു. ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജയരാജനെത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ ജനകീയമാക്കുമെന്നും എല്ലാവരും ചേര്‍ന്ന് ഒരു കുടുംബംപോലെ പ്രവര്‍ത്തിക്കുമെന്നും സ്ഥാനമേറ്റെടുത്തശേഷം എം.വി. ജയരാജന്‍ പ്രതികരിച്ചു.

ഒന്‍പത് മാസമായി ഭരണം ഇഴഞ്ഞു നീങ്ങുകയാണെന്ന വിമര്‍ശനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ധാരണയായത്. പുതിയ പ്രൈവറ്റ് സെക്രട്ടറി എത്തുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഫയല്‍ നീക്കം ഉള്‍പ്പെടെ വേഗത്തിലാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ. മാത്രമല്ല, വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ചു പല ഫയലുകളിലും ഐഎഎസ് ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് കര്‍ശന നിര്‍ദേശം പോയാല്‍ ഇക്കാര്യത്തിലും മാറ്റമുണ്ടാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്. എം.ശിവശങ്കര്‍ ആണ് ഇതുവരെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി പദവിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നത്. ഐടി സെക്രട്ടറി കൂടിയാണ് അദ്ദേഹം. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഈ മാസം 31 ന് വിരമിക്കുന്നതോടെ നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറിയാകും.

മുന്‍പ് ഇടതു സര്‍ക്കാരുകള്‍ ഭരിച്ചപ്പോഴെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസില്‍ സിപിഎമ്മിന്റെ രണ്ടു നോമിനികള്‍ ഉണ്ടായിരുന്നു. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെ.എന്‍.ബാലഗോപാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും എസ്.രാജേന്ദ്രന്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. ഇ.കെ.നായനാരുടെ കാലത്തു പി.ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയും ഇ.എന്‍.മുരളീധരന്‍ നായര്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു.

You must be logged in to post a comment Login