മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സന്ദര്‍ശിച്ചേക്കും; ചെന്നിത്തലയും നാളെ പമ്പയിലെത്തും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സന്ദര്‍ശിച്ചേക്കും. മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ക്കു വേണ്ടി നടത്തുന്ന ഒരുക്കങ്ങള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗവും ശബരിമലയില്‍ നടക്കും. ഹൈക്കോടതി നിയോഗിച്ച ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിഗജന്റെ നേതൃത്വത്തില്‍ അവലോകനയോഗം നാളെ രാവിലെയാണ് ചേരുക.

നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ടാറ്റ പ്രോജക്ട്‌സിന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടാറ്റ പ്രോജക്ട്‌സിന്റെ ജോലികള്‍ 70% പൂര്‍ത്തിയായെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാളെ പമ്പ സന്ദര്‍ശിക്കും. ഒരുക്കങ്ങള്‍ വിലയിരുത്തുകയാണ് ലക്ഷ്യം.

മണ്ഡലമകരവിളക്കു കാലത്ത് ഭക്തരെന്ന വ്യാജേന അക്രമികള്‍ ശബരിമലയില്‍ കൂടുതലായി എത്താനിടയുള്ളത് മുന്നില്‍ക്കണ്ട് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 16,000 പൊലീസുകാരെ നിയോഗിക്കും. സന്നിധാനത്തായിരിക്കും കൂടുതല്‍ പൊലീസ് സാന്നിധ്യം.

You must be logged in to post a comment Login