മുടി കൊഴിച്ചില്‍ കാരണവും പ്രതിവിധിയും

hair-loss
സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ വലിയൊരു പങ്ക് കേശസംരക്ഷണത്തിനുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍. കറുപ്പ് നിറത്തില്‍ നീണ്ട മുടിയിഴകള്‍ എല്ലാവരും ആഗ്രഹിക്കുന്നു.

ഇത്തരം മുടിയിഴകള്‍ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമായി ശാസ്ത്രവും അംഗീകരിക്കുന്നു. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കേശസംരക്ഷണത്തിനു വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് എണ്ണ തേച്ച് കുളിച്ച്, മുടിയിഴകള്‍ പിന്നിയിട്ട് മുല്ലപ്പൂ ചൂടി വരുന്ന സ്ത്രീ സങ്കല്‍പ്പങ്ങള്‍ പണ്ടു മുതല്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മുടികൊഴിച്ചില്‍ ഇന്ന് സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്.

ചെറിയ തോതിലുള്ള മുടികൊഴിച്ചില്‍ എല്ലാവരിലും ജനനം മുതല്‍ കണ്ടുവരുന്നു. ബലക്കുറവുള്ളതും ക്ഷീണിച്ചതും പഴകിയതുമായ മുടിയിഴകള്‍ കൊഴിഞ്ഞ് പുതിയ മുടികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്.

പക്ഷേ, അമിതമായ മുടികൊഴിച്ചില്‍ സ്ഥിരമായി നിലനില്‍ക്കുന്നുവെങ്കില്‍ അതിനെ രോഗാവസ്ഥയായി കണക്കാക്കണം. അതിനു ചികിത്സ ആവശ്യമാണ്. കേശസംരക്ഷണത്തില്‍ വളരെ പ്രാധാന്യം നല്‍ക്കുന്ന ഒരു ശാസ്ത്രമാണ് ആയുര്‍വേദം. ആയുര്‍വേദത്തില്‍ മുടികൊഴിച്ചില്‍ പിത്തരോഗമായി കണക്കാക്കപ്പെടുന്നു. മുടികളുടെ സംരക്ഷണവും പോഷണകര്‍മ്മവും നിര്‍വഹിക്കുന്നത് പിത്ത ദോഷമാണ്. പിത്തദോഷത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകളാണ് മുടികൊഴിച്ചില്‍, അകാലനര, കഷണ്ടി തുടങ്ങിയവയ്ക്ക് കാരണമായി ആയുര്‍വേദം ചൂണ്ടിക്കാണിക്കുന്നത്

കാരണങ്ങള്‍ പലതുണ്ട്

ഭക്ഷണരീതി:
തെറ്റായ ഭക്ഷണരീതികള്‍ തന്നെയാണ് മുടികൊഴിച്ചിലിനു പ്രധാന കാരണം. പിത്തവര്‍ധകമായ എരിവ്, പുളി, ഉപ്പ്, മസാലകള്‍ തുടങ്ങിയവയുടെ അമിതോപയോഗം, മാംസാഹാരം, വിരുദ്ധാഹാരങ്ങള്‍, തൈരിന്റെ അമിത ഉപയോഗം, വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍, മധുര പലഹാരങ്ങള്‍, പഞ്ചസാര, മൈദ, ഡാല്‍ഡ തുടങ്ങിയവയുടെ അമിത ഉപയോഗം തെറ്റായ ഭക്ഷണശൈലിയില്‍പ്പെടുന്നു.

രക്തക്കുറവ്:
രക്തക്കുറവ് മുടികൊഴിച്ചിലിന്റെ മറ്റൊരു പ്രധാന കാരണമാണ്. രക്തത്തില്‍ ഇരുന്പിന്റെ അംശം കുറയുന്‌പോള്‍ മുടികളുടെ ബലക്കുറവിനും മുടികൊഴിച്ചിലിനും കാരണമാകുന്നു.

വെള്ളം:
ക്ലോറിന്‍ കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നതിലൂടെ മുടികൊഴിച്ചിലുണ്ടാകാം. മറ്റു തരത്തിലുള്ള അഴുക്ക് കലര്‍ന്ന വെള്ളവും രാസവസ്തുക്കള്‍ കലര്‍ന്ന വെള്ളവും മുടികളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.

സോപ്പ്, ഷാംപൂ:
സോപ്പ്, ഷാംപൂ തുടങ്ങിയവയുടെ അമിത ഉപയോഗം മുടിയുടെ പ്രകൃതിദത്തമായ എണ്ണമയത്തെ ഇല്ലാതാക്കി മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും.

മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍:
ചില പ്രത്യേകതരം മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍, രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍, ഉറക്ക ഗുളികകളുടെ ഉപയോഗം തുടങ്ങിയവ മുടിയുടെ ആരോഗ്യത്തിനു ദോഷമാകുന്നു. കീമോ തെറാപ്പി പോലുള്ള ചികിത്സയും മുടികൊഴിയാന്‍ കാരണമാകുന്നു.

പാരന്പര്യം:
പാരന്പര്യമായി മുടികൊഴിയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ചിലരില്‍ പാരന്പര്യമായി മുടികൊഴിയുന്നതുമാകാം.

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍:
കേശസംരക്ഷണമെന്ന പേരില്‍ മുടിയില്‍ തേക്കുന്ന പല രാസവസ്തുക്കള്‍, ഡൈകള്‍, ക്രീമുകള്‍, മുടിക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങിയവയൊക്കെ ഗുണത്തെക്കാളേറെ ദോഷമുണ്ടാക്കിയേക്കാം.

രോഗാവസ്ഥകള്‍:
പലവിധ രോഗാവസ്ഥകളും മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. പ്രമേഹം, അമിതവണ്ണം, തൈറോയിഡ്, കാന്‍സര്‍, മാനസികരോഗങ്ങള്‍, അനീമിയ, സോറിയാസിസ്, താരന്‍ തുടങ്ങി രോഗങ്ങളൊക്കെ മുടികൊഴിച്ചിലിനു കാരണമാകുന്നു.

മാനസികസമ്മര്‍ദം:
മുടികൊഴിച്ചിലിനുള്ള മറ്റൊരു പ്രധാന കാരണമാണ് മാനസിക സമ്മര്‍ദം. അമിതമായ ഉത്കണ്ഠ, ഉറക്കക്കുറവ്, അമിതമായ ചിന്തകള്‍,അശാന്തമായ മാനസിക അന്തരീക്ഷം, എന്നിവ പ്രത്യക്ഷമായും പരോക്ഷമായും മുടിയെ ബാധിക്കും.

ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം:
മദ്യം, പുകവലി, പാന്‍മസാല എന്നീ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗവും മുടികൊഴിച്ചിലിനു കാരണമാകുന്നു. സ്ത്രീകളെ സംബന്ധിച്ച് ഇവയുടെ ഉപയോഗം താരതമ്യേന കേരളത്തില്‍ കുറവായതിനാല്‍ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം കൊണ്ടുള്ള മുടികൊഴിച്ചില്‍ കുറവായിരിക്കും.

കേശസംരക്ഷണത്തിനുള്ള പച്ചമരുന്നുകള്‍:
സാധാരണയായി കേശസംരക്ഷണത്തിനു ഉപയോഗിക്കുന്ന പച്ചമരുന്നുകളാണ് ഭൃംഗരാജ, ബ്രഹ്മി, ചെന്പരത്തി, നെല്ലിക്ക, മൈലാഞ്ചി, തുളസി, ആര്യവേപ്പ്, കറിവേപ്പ്, കറ്റാര്‍വാഴ തുടങ്ങിയവ.

കേശസംരക്ഷണത്തിനുള്ള എണ്ണകള്‍:
1. സാധാരണയായി നീലഭൃംഗാദി കേരതൈലം, ചെന്പരത്യാദി കേരം, ധുര്‍ധുരപത്രാദി കേരം, കയ്യോന്യാദി കേരം, ത്രിഫലാദി കേരം, ഭൃംഗാമല കാദി കേരം എന്നിവയാണ് കേശസംരക്ഷണത്തിനുപയോഗിക്കുന്ന ആയുര്‍വേദ എണ്ണകള്‍. ആയുര്‍വേദ വിധിപ്രകാരം നിരവധി ഔഷധങ്ങളും എണ്ണകളും മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്.

2. മുടികൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും ഒരുത്തമ പരിഹാരമാണ് ഉണക്കനെല്ലിക്കയും, കറിവേപ്പിലയും വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി തലയില്‍ തേക്കുന്നത്.

3. മൈലാഞ്ചിയും നെല്ലിക്കയും നീലിയമരിയും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ അകാലനരയും മുടികൊഴിച്ചിലും ഒരു പരിധി വരെ തടയാനാകും.

4. കയ്യോന്നിയും തുളസിയും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ താരനും മുടികൊഴിച്ചിലും തടയാം.
5. കറ്റാര്‍ വാഴയും നീലിയമരിയും ചേര്‍ത്ത വെളിച്ചെണ്ണയും മുടികൊഴിച്ചിലിനു ഒരു ഉത്തമ പരിഹാരമാണ്.

You must be logged in to post a comment Login