മുതുകുളം, ഓര്‍മ്മകളുടെ നാലു പതിറ്റാണ്ട്

ബി. ജോസുകുട്ടി

മലയാള സിനിമയുടെ പിതൃസ്ഥാനീയനും ആദ്യകാല നാടക-തിരക്കഥ രചയിതാവുമായിരുന്ന മുതുകുളം രാഘവന്‍ പിള്ളയുടെ വേര്‍പാടിനു നാലുപതിറ്റാണ്ടുകള്‍ തികയുന്നു. ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ഇടശ്ശേരില്‍ വേലുപ്പിള്ളയുടെയും കാഴ്ചകാണിത്തറയില്‍ കാര്‍ത്ത്യാനി അമ്മയുടെയും മകനായി 1900 ജനുവരി 13ന് മുതുകുളം രാഘവന്‍ പിള്ള ജനിച്ചു. ബാല്യകാലത്തില്‍ തന്നെ അച്ഛനും അമ്മയും തമ്മില്‍ വഴക്കിട്ട് പിരിയുകയും വേവ്വേറേ വിവാഹിതരാകുകയും ചെയ്തു. തുടര്‍ന്നു അമ്മാവനായ പ്രശസ്ത കവിയായ യയാതി വേലുപ്പിള്ളയാണ് രാഘവന്‍ പിള്ളയ്ക്ക് തുണയായതും കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനമായതും. രാഘവന്‍ പിള്ളയുടെ അമ്മയുടെ ജ്യേഷ്ഠസഹോദരനായ വേലുപിള്ള കവി മാത്രമല്ല നടനും നാടകകൃത്തുകൂടിയുമായിരുന്നു. അദ്ദേഹം എഴുതി അഭിനയിച്ച ‘യായതിചരിതം’ നാടകത്തില്‍ നിന്നാണ് ‘യയാതി വേലുപ്പിള്ള’ വിശേഷണം അദ്ദേഹത്തിന് ലഭിച്ചത്. തന്റെ കലാ-സാഹിത്യ ഗുണങ്ങള്‍ അനന്തരവനിലും ഉണ്ടാകണമെന്നുള്ള ആഗ്രഹത്തെ തുടര്‍ന്നു രാഘവനെ ബാല്യകാലത്തില്‍ തന്നെ അക്ഷരശ്ലോക സദസ്സുകളിലും കഥകളി ആസ്വദിക്കാനും നാടകം കാണാനും കൊണ്ടുപോയിരുന്നു. അദ്ദേഹം തന്നെ അനന്തരവനെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു. തുടര്‍ന്നു പ്രൈമറി വിദ്യാലയത്തില്‍ ചേര്‍ത്തു പഠിപ്പിച്ചു. അവിടെ രാഘവനോടൊപ്പം സമര്‍ത്ഥയായ ഒരു വിദ്യാര്‍ത്ഥിനിയും ഉണ്ടായിരുന്നു. സാഹിത്യത്തിലും പ്രസംഗകലയിലും പാടവമുള്ള പെണ്‍കുട്ടി. പാര്‍വ്വതി എന്നു പേരുള്ള അവള്‍ രാഘവന്റെ അയല്‍ക്കാരിയായിരുന്നു. പരേതനായ തട്ടക്കാട്ടുശ്ശേരില്‍ രാമപ്പണിക്കരുടെ മകള്‍. ആ പെണ്‍കുട്ടി പില്‍ക്കാലത്ത് മുതുകുളം പാര്‍വ്വതി എന്ന പേരില്‍ എഴുത്തുകാരിയും വിവര്‍ത്തകയുമായി പ്രശസ്തയായി. ഏഴാം ക്ലാസ് പാസ്സായതിനെത്തുടര്‍ന്നു ദൂരെയുള്ള സ്‌കൂളില്‍ പോയി പഠിക്കാന്‍ പ്രയാസമായതിനാല്‍ അടുത്തുള്ള സംസ്‌കൃത പണ്ഡിതന്‍ ചേപ്പാട് അച്യുതവാര്യരില്‍ നിന്നും സംസ്‌കൃതം പഠിക്കാന്‍ പോയി. പിന്നീട്, പ്രൈമറി സ്‌കൂള്‍ വാധ്യാരാകാന്‍ ശ്രമം നടത്തിയെങ്കിലും അത് സാധിച്ചില്ല. തുടര്‍ന്നു ട്യൂഷന്‍ അധ്യാപകനായി. ഇക്കാലത്ത് സാഹിത്യരചനാ പ്രവര്‍ത്തനങ്ങളിലും താത്പര്യം വര്‍ധിച്ചു. എഴുത്തച്ഛന്റെയും കുഞ്ചന്‍ നമ്പ്യാരുടെയും കൃതികള്‍ വായിച്ചു സ്വാധീനിച്ചതിന്റെ പശ്ചാത്തലത്തില്‍ ഒരു ആട്ടക്കഥയും രാഘവന്‍പിള്ള രചിച്ചു.
‘തടാതകാപരിണയം’ എന്നു പേരിട്ട ആട്ടക്കഥ ചില തുള്ളല്‍ക്കാരെ സമീപിച്ച് അവരെക്കൊണ്ട് അരങ്ങിലവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നു ഏതാനും ആട്ടക്കഥകള്‍ കൂടി രചിച്ചു.
നാടകരചനാ രംഗത്തേക്ക്
കേരളവര്‍മ്മ, എ.ആര്‍.രാജരാജവര്‍മ്മ, ടി.സി. അച്യുതമേനോന്‍, എരുവയില്‍ ചക്രപാണി വാര്യര്‍, കൊച്ചീപ്പന്‍ തരകന്‍, ഇ.വി.കൃഷ്ണപിള്ള, കൈനിക്കര പത്മനാഭപിള്ള, എന്നിവരുടെ നാടകങ്ങള്‍ വായിച്ചു കൂട്ടിയെങ്കിലും രാഘവന്‍ പിള്ളയെ ഏറെ സ്വാധീനിച്ചത് ഇ.വിയുടെ പ്രഹസന നാടകങ്ങളായിരുന്നു. പില്‍ക്കാലത്ത് കോമഡി എഴുതാനും അഭിനയിക്കാനും രാഘവന്‍പിള്ളയ്ക്ക് അതു സഹായകരമായി. അക്കാലത്ത് ഏറെ പ്രസിദ്ധമായിരുന്ന ഓച്ചിറ പരബ്രഹ്മോദയ സംഗീത നടനസഭയുടെ മാതൃകയില്‍ രാഘവന്‍പിള്ളയും നാടക പ്രേമികളായ മുതുകുളം കാര്‍ത്തികേയന്‍ നായര്‍ അക്ബര്‍ ശങ്കരപിള്ള, മുതുകുളം വാസുദേവന്‍, എസ്.വി.വാസുദേന്‍ നായര്‍, മുതുകുളം എന്‍.കെ.ആചാരി എന്നിവരും ചേര്‍ന്നു മുതുകുളം കലാവിലാസിനി സംഗീത നടനസഭ രൂപീകരിച്ചു. 1938ലായിരുന്നു ഇത്. അതുവരെ ആരും അവതരിപ്പിക്കാത്ത ഒരു പുരാണകഥ നാടകമായി അവതരിപ്പിക്കണമെന്നും തീരുമാനിച്ചു. നാടകമെഴുതാന്‍ രാഘവന്‍ പിള്ളയെ ചുമതലപ്പെടുത്തുകയും ചെയ്തു. മഹാകവി വള്ളത്തോളിന്റെ ‘ബന്ധനസ്ഥനായ അനിരുദ്ധന്‍’ എന്ന നാടകം രാഘവന്‍ പിള്ള എഴുതി. എല്ലാവര്‍ക്കും നാടകം ഇഷ്ടമായി. നാടകം പല വേദികളിലും അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടി. നാടകവും അവതരണവും വിജയമായതിനെ തുടര്‍ന്നു അടുത്ത നാടകത്തിനുള്ള ശ്രമമായി. ഒരു ചരിത്രനാടകം മതി എന്ന തീരുമാനമനുസരിച്ച് സി.വി.യുടെ മാര്‍ത്തണ്ഡവര്‍മ്മ എന്ന നോവലിനെ ആധാരമാക്കി അതേ പേരില്‍ തന്നെ രാഘവന്‍പിള്ള നാടകമെഴുതികൊടുത്തു. ‘ബാണയുദ്ധ’ ത്തോളം അത്ര വിജയമായില്ല മാര്‍ത്താണ്ഡവര്‍മ്മ. കലാവിലാസിനിയുടെ മൂന്നാമത്തെ നാടകവും ചരിത്രകഥയായിരുന്നു. ‘അനാര്‍ക്കലി അഥവാ ബാഷ്പമണ്ഡപം’ എന്ന നാടകം എഴുതിയത് പക്ഷേ രാഘവന്‍പിള്ള ആയിരുന്നില്ല. വേലായുധന്‍പിള്ള എന്ന ഒരു ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. നാടകത്തില്‍ അക്ബര്‍ ചക്രവര്‍ത്തിയായി അഭിനയിച്ച പാരൂര്‍ ശങ്കരപിള്ള തുടര്‍ന്നു അക്ബര്‍ ശങ്കരപിള്ള എന്ന പേരിലറിയപ്പെട്ടു. അനാര്‍ക്കലി ആയി അഭിനയിച്ച വാസുദേവന്‍ അനാര്‍ക്കലി വാസുദേവായും കാസിം ആയി വേഷമിട്ട അപ്പുക്കുട്ടന്‍പിള്ള കാസിം അപ്പുക്കുട്ടന്‍ പിള്ളയായും പ്രസിദ്ധിനേടി. രാഘവന്‍ പിള്ള ഒരു വിദൂഷക വേഷവും നാടകത്തില്‍ അവതരിപ്പിച്ചു. നേരത്തെ അവതരിപ്പിച്ച രണ്ടു നാടകങ്ങളിലും രാഘവന്‍ പിള്ള തനിക്ക് പറ്റുന്ന ഹാസ്യവേഷങ്ങളിലഭിനയിച്ച് കാണികളെ രസിപ്പിച്ചിരുന്നു.
അനാര്‍ക്കലിക്കുശേഷം കലാവിലാസിനിക്കുവേണ്ടി രാഘവന്‍പിള്ള വീണ്ടും നാടകമെഴുതി. ഇത്തവണ രജപുത്ര ഇതിഹാസങ്ങളില്‍ നിന്നു കണ്ടെടുത്ത കഥയെ അധഃകരിച്ച് ‘വീരസിംഹന്‍’ എന്ന നാടകമാണെഴുതിയത്. ഈ നാടകവും വിജയകരമായി അവതരിപ്പിക്കപ്പെട്ടതോടെ ഒരു നാടകകൃത്ത് എന്ന നിലയില്‍ രാഘവന്‍പിള്ള നാട്ടിലെമ്പാടും അറിയപ്പെട്ടു തുടങ്ങി. തുടര്‍ന്നു പല ദേശത്തു നിന്നും നാടകസംഘങ്ങള്‍ രാഘവന്‍പിള്ളയെ അന്വേഷിച്ചുവന്നു. ശാസ്താംകോട്ടയിലെ കൈരളി കലാവേദി സംഗീതനടനസഭ എന്ന സമിതിക്കുവേണ്ടി ‘ഭക്ത ശിവാജി’ എന്ന നാടകമെഴുതി. നാടകം ഏറെ ശ്രദ്ധേയമായെങ്കിലും നാടകം മതവികാരത്തെ മുറിപ്പെടുത്തുന്നതാണെന്നാരോപിച്ച് ധാരാളം എതിര്‍പ്പുകളുണ്ടായി. കൊടുങ്ങല്ലൂര്‍ ഭാഗത്ത് ചിലര്‍ നാടത്തിനു നേരെ അക്രമങ്ങള്‍ അഴിച്ചുവിട്ടു. ശിവാജിയായി അഭിനയിച്ചത് വൈക്കം വാസുദേവന്‍ നായരായിരുന്നു. നടി പള്ളുരുത്തി ലക്ഷ്മി ആയിരുന്നു. മലയാള നാടകവേദിയിലെ രണ്ടാമത്തെ നടിയായിരുന്നു ഇവര്‍. ആദ്യത്തെ നടി വര്‍ക്കല അമ്മുക്കുട്ടിയായിരുന്നു. മതവികാരം വ്രണപ്പെട്ടതുകൊണ്ടാകും നാടകമുതലാളി ചെമ്പകത്തില്‍ രാഘവന്‍പിള്ളയെ വിരോധികള്‍ കുത്തിക്കൊന്നു പക വീട്ടുകയായിരുന്നുവെന്നു ചരിത്രം പറയുന്നു. ഈ നാടകവും ശ്രദ്ധേയമായപ്പോള്‍ മുതുകുളം രാഘവന്‍ പിള്ള പരക്കെ അറിയപ്പെട്ടുകഴിഞ്ഞിരുന്നു.
തുടര്‍ന്ന് പല നാടകക്കമ്പനികള്‍ക്കു വേണ്ടി ഹരിശ്ചന്ദ്രന്‍, രവീന്ദ്രന്‍, രാജഭക്തി, യാചകി എന്നീ നാടകങ്ങള്‍ രാഘവന്‍പിള്ള എഴുതിക്കൊടുക്കുകയും ചെയ്തു. ‘യാചകി’ എന്ന നാടകം വന്‍ വിജയമാണ് നേടിയത്. തിരുവനന്തപുരത്തു ചിത്രാ തിയേറ്ററില്‍ ഈ നാടകം ആഴ്ചകളോളം അവതരിപ്പിച്ചു. വൈക്കം വാസുദേവന്‍ നായര്‍, പത്‌നി തങ്കം വാസുദേവന്‍ നായര്‍, എസി.പി.പിള്ള, മുതുകുളം കാര്‍ത്തികേയന്‍ നായര്‍, കണ്ടിയൂര്‍ പരമേശ്വരന്‍ കുട്ടി, വൈക്കം രാജു, മാവേലിക്കര കമലാക്ഷി, ഓച്ചിറ ചെല്ലമ്മ, എന്നിവരായിരുന്നു അഭിനേതാക്കള്‍. രാഘവന്‍പിള്ള ഒരു റൗഡി വേഷവും കൈകാര്യം ചെയ്തു. തിരുവനന്തപുരത്ത് നാടകം അവതരിപ്പിച്ച വേളയില്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യന്‍ അഭിനേതാക്കളെ നേരിട്ടു കണ്ട് അഭിനന്ദിക്കുകയും ചെയ്തു. മദ്രാസിലും ബോംബെയിലും കല്‍ക്കത്തയിലും നാടകം അവതരിപ്പിച്ച് കാണികളുടെ പ്രശംസനേടി. മുതുകുളം രാഘവന്‍ പിള്ള നാടകത്തിനു വേണ്ടിയെഴുതിയ പാട്ടുകളും ജനങ്ങള്‍ ഏറ്റുപാടി. തുടര്‍ന്ന് ഏറെ നാടകങ്ങള്‍ പല നാടക സംഘങ്ങള്‍ക്കു വേണ്ടിയും അദ്ദേഹമെഴുതി. പക്ഷേ സാമ്പത്തികമായ വലിയ നേട്ടങ്ങളൊന്നും രാഘവന്‍പിള്ളയ്ക്കു ലഭിച്ചില്ല.
ചലച്ചിത്ര ലോകത്തേക്ക്
സേലം മോഡേണ്‍ തിയറ്റേഴ്‌സിന്റെ സ്ഥാപകനും നിര്‍മ്മാതാവുമായിരുന്ന ടി.ആര്‍.സുന്ദരത്തിന്റെ ആവശ്യപ്രകാരം ആലപ്പി വിന്‍സെന്റാണ് രാഘവന്‍പിള്ള സിനിമയിലെത്താന്‍ നിമിത്തമായത്. മലയാളത്തിലെ ആദ്യ സിനിമയ്ക്ക് സംഭാഷണമെഴുതാന്‍ ഒരാളെ വേണമെന്നു അദ്ദേഹം നാടകക്കാരനായ ജ്യേഷ്ഠസഹോദരനായ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരോടാവശ്യപ്പെട്ടു. ഭാഗവതരാണ്, രാഘവന്‍ പിള്ളയുടെ കാര്യം പറയുന്നത്. വിന്‍സെന്റ് രാഘവന്‍ പിള്ളയുമായി സംസാരിച്ചു. അപ്പോള്‍ തന്നെ സേലത്തെ സ്റ്റുഡിയോയില്‍ എത്തിക്കുകയായിരുന്നു. നേരത്തെ ഷൂട്ടു ചെയ്ത രംഗങ്ങളും സ്‌ക്രിപ്റ്റും സുന്ദരം മുതുകുളത്തെ കാണിച്ചു. കഥയും മറ്റും ഒട്ടും ശരിയായിട്ടില്ലെന്നു മുതുകുളം പറയുകയും ചെയ്തു. എന്നാല്‍ ഇത് സിനിമയ്ക്കനുയോജ്യമായി തിരുത്തി. ‘വിധിയും മിസ്സിസ് നായരും’ എന്നായിരുന്നു ആ കഥയുടെ പേര്. അതാകെ ഉടച്ച് വാര്‍ത്ത് അനുയോജ്യമായ സംഭാഷണങ്ങള്‍ എഴുതിച്ചേര്‍ത്ത് ബാലന്‍ എന്നു പേരുമിട്ട് ചിത്രീകരണം തുടങ്ങുകയും ചെയ്തു. എസ്.നൊട്ടാണിയാണ് ഈ സിനിമ സംവിധാനം ചെയ്തത്. കെ.കെ.അരൂര്‍, ആലപ്പി വിന്‍സെന്റ്, എ.ബി.പയസ്, സി.ഒ.എന്‍.നമ്പ്യാര്‍, ഗോപിനാഥന്‍ നായര്‍, മാസ്റ്റര്‍ മദന്‍, എം.കെ.കമലം, എന്‍.ലക്ഷ്മിക്കുട്ടി, പാറുക്കുട്ടി എന്നിവര്‍ അഭിനയിച്ചു. ഈ സിനിമയ്ക്കുവേണ്ടി ഇരുപത്തിമൂന്നു ഗാനങ്ങളാണ് രാഘവന്‍പിള്ള എഴുതിയത്. കെ.കെ.അരൂരായിരുന്നു സംഗീത സംവിധായകന്‍. 1938 ഡിസംബറില്‍ ബാലന്‍ പ്രദര്‍ശനം തുടങ്ങി. തുടര്‍ന്ന് ഉദയാ സ്റ്റുഡിയോയുടെ കുഞ്ചാക്കോയും വ്യവസായി ആയിരുന്ന കെ.വി.കോശിയും ചേര്‍ന്നു കെ ആന്റ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ‘നല്ല തങ്ക’ എന്ന സിനിമയ്ക്കും രാഘവന്‍പിള്ള സംഭാഷണമെഴുതി. അഗസ്റ്റിന്‍ ജോസഫ്, വൈക്കം മണി, എസ്.പി.പിള്ള, ജോസഫ് മുളവന, മിസ് കുമാരി എന്നിവര്‍ക്കൊപ്പം രാഘവന്‍പിള്ളയും ഒരു പ്രധാനവേഷത്തില്‍ ഇതിലഭിനയിച്ചു. പി.വി.കൃഷ്ണനയ്യര്‍ സംവിധാനം ചെയ്ത ഈ ചിത്രം 1950 ജനുവരിയില്‍ റിലീസാകുകയും ശ്രദ്ധേയമായ വിജയം നേടുകയും ചെയ്തു.
നല്ല തങ്കയുടെ വിജയത്തിനു ശേഷം കെ ആന്റ് കെ പ്രൊഡക്ഷന്‍സ് അടുത്ത സിനിമ നിര്‍മ്മിക്കാന്‍ തയ്യാറെടുത്തു. തിരക്കഥയും സംഭാഷണവുമെഴുതാന്‍ രാഘവന്‍ പിള്ളയെ തന്നെ ഏല്‍പ്പിച്ചു. ഒരു ബംഗാളി കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുമാസം കൊണ്ട് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി ‘ജീവിതനൗക’ എന്ന പേരുമിട്ടു. കെ.വെമ്പു എന്ന തമിഴനാണ് പൂര്‍ണ്ണമായും ഉദയാ സ്റ്റൂഡിയോയില്‍ ചിത്രീകരിച്ച ഈ സിനിമയുടെ സംവിധായകന്‍. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍, എസ്.പി.പിള്ള, നാണുക്കുട്ടന്‍, സോമന്‍പിള്ള, ജോസഫ് മുളവന, മാത്തപ്പന്‍ പി.ആദിമൂലം, ബി.എസ്.സരോജ, പങ്കജവല്ലി, ജഗദമ്മ, ജാനമ്മ, ബേബി ഗിരിജ എന്നിവര്‍ അഭിനയിച്ചു. രാഘവന്‍ പിള്ളയും ഒരു പ്രധാനവേഷം അവതരിപ്പിച്ചു. അഭയദേവാണ് ഗാനരചന നിര്‍വ്വഹിച്ചത്. വി.ദക്ഷിണാമൂര്‍ത്തിയായിരുന്നു സംഗീതം പകര്‍ന്നത്. പി.ലീല, കവിയൂര്‍ രേവമ്മ, മെഹബൂബ്, ലോകനാഥന്‍ എന്നിവര്‍ പിന്നണിഗായകരായി. പി.ബി.മണിയായിരുന്നു ക്യാമറാമാന്‍. ജീവിതനൗക വിന്‍വിജയമാണ് കരസ്ഥമാക്കിയത്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് സിനിമയായി ഈ ചിത്രം ചരിത്രത്തില്‍ രേഖപ്പെടുത്തി. പല തിയേറ്ററുകളിലും ഈ സിനിമ 200 ദിവസങ്ങളിലേറെ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഹൃദയാവര്‍ജകമായ കഥയെ അടിസ്ഥാനമാക്കി മുതുകുളം രാഘവന്‍ പിള്ള എഴുതിയ തിരക്കഥയാണ് സിനിമയുടെ വമ്പന്‍ വിജയത്തിനു കാരണമായതെന്നും നിരൂപകരും അന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതര ഭാഷകളിലും മൊഴിമാറ്റപ്പെട്ട ഈ സിനിമ അവിടങ്ങളിലും സൂപ്പര്‍ഹിറ്റായി. ജീവിതനൗകയുടെ വമ്പന്‍ വിജയത്തെ തുടര്‍ന്നു നിരവധി ഓഫറുകള്‍ രാഘവനെ തേടിവന്നു. സ്‌ക്രിപ്റ്റ് എഴുതാനും അഭിനയിക്കാനും. ആത്മസഖി, വിശപ്പിന്റെ വിളി, വേലക്കാരന്‍, ലോകനീതി, പൊന്‍കതിര്‍, അവന്‍വരുന്നു, കിടപ്പാടം, കൂടപ്പിറപ്പ്, അവര്‍ ഉണരുന്നു, ചതുരംഗം, മിന്നല്‍പ്പടയാളി, വിധി തന്ന വിളക്ക്, ദാഹം, രാജമല്ലി, സര്‍പ്പക്കാട്, കടമറ്റത്തച്ചന്‍, പാവപ്പെട്ടവള്‍, സി.ഐ.ഡി.ഇന്‍ ജംഗിള്‍, ബാല്യപ്രതിജ്ഞ എന്നീ സിനിമകളുടെ തിരക്കഥയും രാഘവന്‍പിള്ളയുടേതായിരുന്നു.
ജീവിതം നാടകത്തിനും സിനിമയ്ക്കും വേണ്ടി മാറ്റിവെച്ച രാഘവന്‍പിള്ള വിവാഹം പോലും വേണ്ടെന്നുവെച്ചു. തിരക്കഥാ രചനയിലും ഗാനരചനയിലും മികവു കാട്ടിയതിനുപുറമേ 60ല്‍പ്പരം സിനിമകളിലും അഭിനയിച്ചു. സാമ്പത്തിക നേട്ടങ്ങളൊന്നുമില്ലാതെ തന്റെ അവസാനകാലം ചെലവഴിച്ചത് മദ്രാസിലെ മേയല്‍സംബന്ധം കോളനിയിലെ ഒരു ഇടുങ്ങിയ മുറിയിലായിരുന്നു. വിവിധ രോഗങ്ങളാല്‍ അവശനായിരുന്ന മലയാള സിനിമയിലെ ആദ്യകാല ശില്‍പ്പികളിലൊരാളായ മുതുകുളം രാഘവന്‍പിള്ള തന്റെ 79-ാം വയസ്സില്‍ 1979 ആഗസ്റ്റ് 7ന് ഇഹലോകവാസം വെടിഞ്ഞു.

You must be logged in to post a comment Login