മുനമ്പം മനുഷ്യക്കടത്ത്: കൂടുതല്‍ ബാഗുകള്‍ കണ്ടെത്തി; കൊടുങ്ങല്ലൂര്‍ തെക്കേനടയില്‍ 23 ബാഗുകള്‍ ഉപേക്ഷിച്ച നിലയില്‍

കൊടുങ്ങല്ലൂര്‍: മുനമ്പം മനുഷ്യക്കടത്ത് സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ബാഗുകള്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ തെക്കേനടയിലാണ് 23 ബാഗുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ബാഗിനുള്ളില്‍ വസ്ത്രങ്ങളും മരുന്നുകളുമുണ്ട്. പൊലീസ് പരിശോധന നടത്തുകയാണ്.

അതേസമയം മുനമ്പം വഴിയുള്ള മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. 12000 ലിറ്റര്‍ ഡീസലും അഞ്ച് ടാങ്ക് കുടിവെള്ളവും നിറച്ച് ഒരു മാസത്തെ യാത്രക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയാണ് സംഘം പുറപ്പെട്ടത്. 43 പേരടങ്ങുന്ന സംഘമാണ് കൊച്ചിയില്‍ നിന്നും വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. 15 കുടുംബങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. നാലു ഗര്‍ഭിണികളും നവജാതശിശുവും സംഘത്തില്‍ ഉള്‍പ്പെടുന്നു. ഒരുമാസത്തേക്ക് മരുന്നുശേഖരിക്കാന്‍ ശ്രമിച്ചതിനും തെളിവുകള്‍ ലഭിച്ചു. ഡല്‍ഹി, ചെന്നൈ വഴിയെത്തിയ സംഘം താമസിച്ചത് ചെറായിയിലെ ലോഡ്ജുകളിലാണ്.

കാണാതായ ദിയ ബാട്ട് വാങ്ങിയത് ആന്ധ്ര കോവളം സ്വദേശികളാണ്. വിദേശത്തക്ക് കടക്കാന്‍ ശ്രമിച്ചവരുടെ തിരിച്ചറിയല്‍ രേഖകളും ഫോട്ടോകളിലൂടെയും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം.

അതേ സമയം പുറംകടലില്‍ ബോട്ട് കണ്ടെത്തിയാല്‍ തിരികെ എത്തിക്കാന്‍ പൊലീസ് കോസ്റ്റ്ഗാര്‍ഡിന് നിര്‍ദേശം നല്‍കി. ചെറായിലെ ഹോംസ്‌റ്റേകളിലും മറ്റുമായി താമസിച്ചിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഇവര്‍ ബോട്ട് ലാന്റിംഗ് സെന്റര്‍ വരെഎത്തിയിരുന്നൂവെന്നും എന്നാല്‍ പിന്നീട് ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

അഭയാര്‍ത്ഥികളായി മാറി പിന്നീട് രാജ്യത്തെ പൗരത്വം സ്വന്തമാക്കുകയെന്നതാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. അതേ സമയം ഇതിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചാം തീയതി നാല്പതംഗ സംഘം ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗവുംഎട്ടാം തീയതി മറ്റ് മൂന്ന് പേര്‍ വിമാന മാര്‍ഗവും രണ്ട് സംഘങ്ങളായാണ് കൊച്ചിയിലെത്തിയത്.

കഴിഞ്ഞദിവസം മാല്യങ്കരയിലെ ബോട്ട് കടവില്‍ എട്ട് ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ബാഗുകള്‍ പരിശോധിച്ചപ്പോള്‍ വസ്ത്രങ്ങളും മരുന്നുകളും മൂന്ന് വിമാനടിക്കറ്റുകളും കണ്ടെത്തി. പിന്നീട് ഇതേക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഓസ്ട്രലിയ ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

മുനമ്പം ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം നാല്‍പതോളം പേര്‍ ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ട വാര്‍ത്ത ഇന്നലെയാണ് പുറത്തു വന്നത്. തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു. അധികഭാരം ഒഴിവാക്കാന്‍ യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാര്‍ബറിന് സമീപം ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ കൂടിക്കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പൊലീസ് സ്ഥലത്തെത്തി ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഉണക്കിയ പഴവര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍, കുടിവെള്ളം, ഫോട്ടോകള്‍, ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകള്‍, കുട്ടികളുടെ കളിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെത്തിയത്.

ബാഗുകള്‍ വിമാനത്തില്‍ നിന്ന് വീണതാണെന്ന അഭ്യൂഹം പരന്നെങ്കിലും തുടര്‍ന്ന് നടത്തിയ അനേഷണത്തിലാണ് മനുഷ്യക്കടത്ത് സ്ഥിരീകരിച്ചത്. ഇവിടെ നിന്ന് കടന്നവര്‍ ശ്രീലങ്കന്‍ വംശജരോ, തമിഴ്‌നാട് സ്വദേശികളോ ആണെന്ന് വ്യക്തമാക്കി. ബാഗില്‍ കണ്ട രേഖകളില്‍ നിന്ന് പത്ത് പേരടങ്ങുന്ന സംഘമായി സമീപപ്രദേശങ്ങളിലെ റിസോര്‍ട്ടുകളില്‍ താമസിച്ചതായി പൊലീസ് കണ്ടെത്തി.

ഇവരില്‍ ചിലര്‍ ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു. ശനിയാഴ്ച കൂടുതല്‍ ഇന്ധനമടിച്ച് തീരത്ത് നിന്ന് പുറപ്പെട്ട ബോട്ടിലാണ് ഇവരെ കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബോട്ട്. 27 ദിവസമെടുത്താണ് ബോട്ട് ഓസ്‌ട്രേലിയയിലെത്തുന്നത്.

You must be logged in to post a comment Login