മുന്നറിയിപ്പുമായി ഉത്തരകൊറിയ; ഭീഷണി തോന്നിയാല്‍ യുഎസിനെതിരെ ആണവായുധം ഉപയോഗിക്കും

north-korea

സോള്‍: രാജ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതായി തോന്നിയാല്‍ യുഎസിനെതിരെ ആണവായുധം ഉപയോഗിക്കുമെന്ന് ഉത്തര കൊറിയ. ആണവപരീക്ഷണങ്ങളും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും തുടരുമെന്നും മുതിര്‍ന്ന ഉത്തര കൊറിയന്‍ വക്താവ് ലീ യോങ് പില്‍ പറഞ്ഞു. എന്‍ബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണ കൊറിയയും യുഎസും സംയുക്തമായി സൈനിക അഭ്യാസങ്ങള്‍ തുടരുന്നതിനിടെയാണ് മുന്നറിയിപ്പുമായി ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്.

ഞങ്ങളുടെ തീരത്ത് യുഎസ് ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള എത്തിച്ചിരിക്കുകയാണ്. ഞങ്ങളുടെ രാജ്യത്തെയും ഞങ്ങളുടെ തലസ്ഥാനത്തെയും ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് കിം ജോങ് ഉന്നിനെയുമാണ് ലക്ഷ്യമിടുന്നത്. യുഎസില്‍ നിന്ന് ആണവായുധ ഭീഷണിയുണ്ടായാല്‍ പുറകോട്ടുപോവില്ല. യുഎസ് ഞങ്ങള്‍ക്കുനേരെ ആണവായുധം ഉപയോഗിക്കുമെന്ന് തോന്നിയാല്‍ കാത്തിരിക്കില്ല. ആദ്യം ഞങ്ങള്‍ അവര്‍ക്കെതിരെ ആണവായുധം ഉപയോഗിക്കും.

അതിനുള്ള സാങ്കേതിക വിദ്യ തങ്ങള്‍ക്കുണ്ടെന്നും ലീ യോങ് പില്‍ വ്യക്തമാക്കി. ഉത്തര കൊറിയ ആറാമതോ ഏഴാമതോ എട്ടാമതോ ആണവപരീക്ഷണങ്ങള്‍ നടത്തുമെന്നും ലീ യോങ് പില്‍ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് അഞ്ചാം തവണ ആണവപരീക്ഷണം നടത്തിയത്. 2011ല്‍ കിം ജോങ് ഉന്‍ അധികാരത്തില്‍ എത്തിയതു മുതല്‍ അദ്ദേഹത്തിന് വിവിധ തരത്തിലുള്ള ഭീഷണികള്‍ ഉണ്ടെന്നും യോങ് പില്‍ പറഞ്ഞു.

You must be logged in to post a comment Login