മുന്നാക്ക സമുദായ ക്ഷേമത്തിനായി കമ്മീഷന്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

സംസ്ഥാനത്തെ മുന്നാക്ക ജനവിഭാഗങ്ങളുടെ പതിറ്റാണ്ടുകള്‍ നീണ്ട ആവശ്യം അംഗീകരിച്ച് മുന്നാക്ക സമുദായ കമ്മീഷന് സര്‍ക്കാര്‍ രൂപം നല്‍കുന്നു. സംവരണവും മറ്റാനുകൂല്യങ്ങളുമില്ലാത്തതിനാല്‍ സംസ്ഥാനത്തെ 26 ശതമാനം വരുന്ന മുന്നാക്ക വിഭാഗത്തില്‍ ഏറിയകൂറും സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയിലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന് രൂപം നല്‍കുന്നത്. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ രൂപം നല്‍കി. അടുത്ത മന്ത്രിസഭായോഗം ഇത് പരിഗണിക്കും.

സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ സിറ്റിങ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ ചെയര്‍മാനായ കമ്മീഷനില്‍ മുന്നാക്ക വിഭാഗങ്ങളുടെ ക്ഷേമകാര്യത്തില്‍ താത്പര്യമുള്ള ആ വിഭാഗക്കാരായ രണ്ടുപേര്‍ അംഗങ്ങളായിരിക്കും. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ള അഡീഷണല്‍ സെക്രട്ടറിയായിരിക്കും അംഗ സെക്രട്ടറി. അംഗങ്ങളുടെ കാലാവധി മൂന്നുവര്‍ഷമാണ്.

എന്‍.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകള്‍ ഏറെ നാളായി ഈയാവശ്യം ഉന്നയിച്ചുവരികയായിരുന്നു. മുന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി മുന്നാക്ക കോര്‍പ്പറേഷന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. ന്യൂനപക്ഷങ്ങളുടെ ആവശ്യം പരിഗണിച്ച് ന്യൂനപക്ഷ കമ്മീഷനും സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.നിലവില്‍ പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തവരെയെല്ലാം മുന്നാക്ക വിഭാഗമായാണ് കണക്കാക്കുന്നത്. മുന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്താനായി വിവിധ സമുദായങ്ങള്‍ നല്‍കുന്ന നിവേദനം കമ്മീഷന്‍ പരിശോധിക്കും.

ലോകസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ മുന്നാക്ക സമുദായ കമ്മീഷന്‍ രൂപവത്കരിച്ച് ചെയര്‍മാനെയും അംഗങ്ങളെയും ഉടന്‍ നിയമിക്കാനാണ് തീരുമാനം.ജീവിതോപാധി കണ്ടെത്താന്‍ ഇക്കൂട്ടര്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് മുന്നാക്കവിഭാഗ കമ്മീഷന്‍ രൂപവത്കരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്‌നം പഠിക്കുകയും ഇതിന് പരിഹാരമായി ക്ഷേമകാര്യങ്ങള്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാനുള്ള ചുമതലയും കമ്മീഷനുണ്ട്.

You must be logged in to post a comment Login