മുന്‍പും നടിയെ പിന്തുടര്‍ന്നിരുന്നു; മറ്റൊരാള്‍ നടിയുടെ കാറിലുണ്ടായിരുന്നതിനാല്‍ നീക്കം പാളി; മലയാള സിനിമയില്‍ നടിക്ക് അവസരം ഇല്ലാതായതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും

കൊച്ചി: കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ലൊക്കേഷനില്‍ നിന്നു കാറില്‍ മടങ്ങും വഴി നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍ അതിനു മുന്‍പ് ഒരു ദിവസവും നടിയെ പിന്‍തുടര്‍ന്നതായി പൊലീസിനു വിവരം ലഭിച്ചു. അന്ന് അപ്രതീക്ഷിതമായി മറ്റൊരാള്‍ നടിയുടെ കാറിലുണ്ടായിരുന്നതാണു പ്രതികളുടെ നീക്കം പാളാന്‍ കാരണം.

ഏറെക്കാലമായി മലയാള സിനിമകളില്‍ അവസരം ലഭിക്കാതിരുന്നതിനെ പറ്റിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ആക്രമണത്തിന്റെ രീതി അവരെ മാനസികമായി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നു സംശയിക്കുന്നു. സിനിമാ മേഖലയില്‍ നടിയോടു തൊഴില്‍പരവും വ്യക്തിപരവുമായി വിദ്വേഷമുള്ളവരെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ആക്രമണത്തിന്റെ ആഘാതം മാറിയിട്ടു മാത്രം ഇനി നടിയുടെ മൊഴി രേഖപ്പെടുത്തിയാല്‍ മതിയെന്നും തീരുമാനിച്ചു.

ഷൂട്ടിങ് ലൊക്കേഷനില്‍ സ്ഥിരമായി സന്ദര്‍ശിച്ചിരുന്നവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നു. അക്രമം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ആദ്യ ദിവസം തന്നെ പൊലീസ് നിഗമനത്തിലെത്തിയിരുന്നു. വ്യക്തമായ ഗൂഢാലോചനയും തയാറെടുപ്പും നടത്തിയിട്ടുണ്ട്. അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്തു പണം വാങ്ങുക മാത്രമാണു പ്രതികളുടെ ഉദ്ദേശ്യമെങ്കില്‍ ദീര്‍ഘനേരം ഉപദ്രവിക്കില്ലായിരുന്നു എന്നാണ് പൊലീസ് അനുമാനിക്കുന്നത്.

ആ സാഹചര്യത്തില്‍ എത്രയും വേഗം ചിത്രങ്ങള്‍ പകര്‍ത്താനേ പ്രതികള്‍ ശ്രമിക്കുകയുള്ളൂ. സംഭവ സമയത്തു പ്രതികള്‍ തമ്മിലുള്ള സംസാരം, ഫോണിലൂടെയുള്ള വിവരം കൈമാറല്‍ എന്നിവ സംബന്ധിച്ചു ലഭിച്ച വിവരങ്ങള്‍ പ്രകാരം അക്രമം പ്രതികാര നടപടിയുടെ ഭാഗമാണെന്നാണ് പൊലീസ് കരുതുന്നത്.

You must be logged in to post a comment Login