മുമ്പെ പറന്ന പുലരിക്കിളിമുമ്പെ പറന്ന പുലരിക്കിളി

അനില്‍ കെ നമ്പ്യാര്‍

മലയാളസിനിമാരംഗത്ത് വഴിത്തിരിവ് സൃഷ്ടിച്ച പ്രതിഭയായിരുന്നു  അഭയദേവ്. കവിത, നാടക-സിനിമാഗാനരചന, സിനിമാതിരക്കഥ-സംഭാഷണം, നാടകരചന, സിനിമാമൊഴിമാറ്റം (മലയാളത്തില്‍ നിന്നും അന്യഭാഷകളിലേക്കും, അന്യഭാഷകളില്‍ നിന്ന് മലയാളത്തിലേക്കും) ബഹുഭാഷാപണ്ഡിതന്‍, ബൃഹദ്-ഹിന്ദിഭാഷാ നിഘണ്ടുവിന്റെ രചയിതാവ്…എന്നീ  രംഗങ്ങളില്‍  വ്യക്തിമുദ്ര പതിപ്പിച്ച അതുല്യപ്രതിഭയാണ് അഭയദേവ്. മലയാളസിനിമ എന്ന മാദ്ധ്യമം ജനഹൃദയങ്ങളില്‍ ഇത്രയേറെ ആഴത്തില്‍ സ്പര്‍ശിക്കാന്‍ അഭയദേവ് വഹിച്ച പങ്ക് വളരെ വലുതാണ്. അതുല്യമാണ്.  1913 ജൂണ്‍ 25 ന് കോട്ടയം ജില്ലയിലെ പള്ളത്ത് ജനിച്ച അഭയദേവ്, 2000 ജൂലായ് 26 ന് നമ്മെ വിട്ടു പിരിഞ്ഞു. വേര്‍പാടിന്റെ രണ്ട് ദശാബ്ദത്തോടടുക്കുന്ന ഈ കാലയളവിലും അദ്ദേഹത്തിന്റെ ഓര്‍മ്മ മലയാളികള്‍ നെഞ്ചേറ്റുന്നു. തലമുറകളും കാലചക്രങ്ങളും എത്രമേല്‍ മാറിമറിഞ്ഞാലും അഭയദേവ്, അദ്ദേഹത്തിന്റെ കലാസൃഷ്ടികളിലൂടെ ആസ്വാദകരില്‍ ജീവിക്കും. അത്രമേല്‍ വൈവിദ്ധ്യങ്ങളായ സംഭാവനകള്‍ അഭയദേവ് നല്‍കിയിട്ടുണ്ട്.

മലയാളസിനിമയുടെ ചരിത്രം പറയുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ടുന്ന പേരുകളിലൊന്നാണ് അഭയദേവ്. കോട്ടയം ജില്ലയില്‍, പള്ളം എന്ന സ്ഥലത്ത് 1913 ജൂണ്‍ 25 നാണ് അഭയദേവ് ജനിച്ചത്. അച്ഛന്‍ കവിയും, നാടകരചയിതാവുമായ കരുമാലില്‍ കേശവപിള്ള, അമ്മ-കല്ല്യാണി അമ്മ. അച്ഛന്റെ ജോലിസ്ഥലമായ കുമാരനെല്ലൂരിലാണ് അഭയദേവ് വളര്‍ന്നത്. കെ.അയ്യപ്പന്‍പിള്ള എന്നാണ് അഭയദേവിന്റെ യഥാര്‍ത്ഥ പേര്. കോട്ടയത്തെ കുടമാളൂര്‍ ഗവണ്മന്റ് സ്‌കൂളില്‍ നിന്നും ഏഴാം ക്ലാസ്സ് പാസ്സായി. പതിനഞ്ചാമത്തെ വയസ്സുമുതല്‍ ഹിന്ദി കവിതകള്‍ എഴുതാന്‍ തുടങ്ങി. ഹൈസകൂളില്‍ പഠിക്കുന്ന കാലത്താണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാനും, ഖദര്‍ ധരിക്കാനും, ഹിന്ദി പ്രചരിപ്പിക്കാനുമായി ഗാന്ധിജിയുടെ ആഹ്വാനം വരുന്നത്.  ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അഭയദേവ്, സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായി പഠിത്തം അവസാനിപ്പിച്ചു.   ഗാന്ധിജിയെ നേരില്‍ കാണാന്‍ ഭാഗ്യം ലഭിച്ച അഭയദേവ്, അദ്ദേഹത്തിന്റെ ആഹ്വാനത്തില്‍ പ്രേരിതനായി ഖദര്‍ ധരിച്ചു. ഹിന്ദി പഠിച്ചു. ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷാ വിശാരദ്പരീക്ഷയും, മദ്രാസ്സ് സര്‍വ്വകലാശാലയുടെ ഹിന്ദിവിദ്വാന്‍ പരീക്ഷയും പാസ്സായി.  ഹിന്ദിയുടെയും ഗാന്ധിതത്വങ്ങളുടെയും പ്രചാരകനായി. പൊതുപ്രവര്‍ത്തകനും, മദ്യവിരുദ്ധ പ്രവര്‍ത്തകനുമായി. വീട് വിട്ടിറങ്ങി, ഹിന്ദി പ്രചാരകനായി നാടുകള്‍ ചുറ്റി നടക്കുന്ന സമയത്താണ് തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്…എന്നീ ഭാഷകള്‍ പഠിച്ചത്. ഭാഷകള്‍  അഭയദേവിന് പില്ക്കാല ജീവിതത്തില്‍ പ്രയോജനമായി. ഇക്കാലത്ത് പള്ളം കെ. അയ്യപ്പന്‍പിള്ള എന്ന പേരില്‍ പത്രങ്ങളിലും ആനുകാലികങ്ങളിലും കവിതകള്‍ പ്രസിദ്ധപ്പെടുത്തി. കേരളത്തിലെത്തിയ ആര്യസമാജപ്രവര്‍ത്തകനായ സ്വാമി വാചസ്പതിക്ക് ഹിന്ദിയും മലയാളവും അറിയാവുന്ന ഒരാളെ ആവശ്യമായിരുന്നു. അയ്യപ്പന്‍പിള്ളയെ, സ്വാമി തന്റെ ദ്വിഭാഷിയാക്കി. അയ്യപ്പന്‍പിള്ള ആര്യസമാജപ്രവര്‍ത്തകനായി. അയ്യപ്പന്‍പിള്ള എന്ന പേരുപേക്ഷിച്ച് അഭയദേവ് എന്ന പേര് സ്വീകരിച്ചു.1940 ല്‍ ‘വിശ്വഭാരതി’  എന്ന ഹിന്ദി മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. ലാളിത്യവും പാണ്ഡിത്യവും ഒത്തുചേര്‍ന്ന വ്യക്തിത്വത്തിന്നുടമയായ അഭയദേവ് ദേശഭക്തിപ്രധാനമായ നിരവധി ഗാനങ്ങളെഴുതി. നാടകസമിതിക്ക് വേണ്ടി ഗാനങ്ങള്‍ എഴുതി ഈണമിട്ടു കൊടുത്തു. നാടകസമിതിക്ക് വേണ്ടി എഴുതിക്കൊടുത്ത ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ, മറ്റ് നാടകക്കാരും അഭയദേവിനെ സമീപിക്കാന്‍ തുടങ്ങി. അഭയദേവ് രചിച്ച നാടകഗാനങ്ങളെല്ലാം പ്രസിദ്ധി നേടി. പിന്നീട് നാടക-ഗാനരചന കൂടാതെ നാടകം എഴുതാന്‍ തുടങ്ങി…  ഓച്ചിറ പരബ്രഹ്മട്രൂപ്പിന്റെ സ്ഥിരം നാടകരചയിതാവായി. ആ കാലത്തെ പ്രശസ്തരായ ഒട്ടുമിക്ക നാടക നടീ-നടന്മാരും അഭയദേവിന്റെ പാട്ടുകള്‍ സ്റ്റേജുകളില്‍ പാടി അഭിനയിച്ചു.ഭാഷയിലുള്ള പാണ്ഡിത്യം, നാടകീയമുഹൂര്‍ത്തങ്ങള്‍ ഗാനമാക്കിമാറ്റാനുള്ള കഴിവ്, സ്വാതന്ത്ര്യബോധം… ഇവയെല്ലാം അഭയദേവിനെ  പ്രശസ്തനാകാന്‍ സഹായിച്ചു.അഭയദേവിന്റെ മുഖ്യകൃതി ഹിന്ദി-മലയാളം ബൃഹദ് നിഘണ്ടുവാണ്. ഒരു ലക്ഷത്തിലധികം ഹിന്ദിവാക്കുകളുടെ അര്‍ത്ഥം മാത്രമല്ല, ചൊല്ലുകള്‍, ശൈലികള്‍, തുടങ്ങിയവയുടെ അര്‍ത്ഥവും, സാരവും ഈ നിഘണ്ടുവിലുണ്ട്. വാച്യാര്‍ത്ഥത്തിനുമപ്പുറം ശൈലീപരമായ അര്‍ത്ഥവും ഈ പുസ്തകം  വിശദീകരിക്കുന്നു.ഹിന്ദിപ്രചാരകന്‍, നിഘണ്ടുകാരന്‍, ബഹുഭാഷാപണ്ഡിതന്‍, നാടക-സിനിമാഗാനരചയിതാവ്, സംഗീതസംവിധായകന്‍, നടന്‍, എഴുത്തുകാരന്‍, കവി, തിരക്കഥാകൃത്ത്-സംഭാഷണരചയിതാവ്, സിനിമാമൊഴിമാറ്റം, ഡബ്ബിങ്ങ്‌രംഗത്തെ അതികായന്‍.. എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മനുഷ്യസ്‌നേഹിയായ ബഹുമുഖപ്രതിഭയാണ് അഭയദേവ്. ധാരാളം സിനിമകള്‍ ഭാഷാവിവര്‍ത്തനം ചെയ്തു.ചലച്ചിത്രരംഗത്തേക്ക് അക്കാലത്തെ, നാടകരംഗത്ത് മുടിചൂടാമന്നനായിരുന്ന സെബാസ്റ്റ്യന്‍കുഞ്ഞുകുഞ്ഞുഭാഗവതരായിരുന്നു, അഭയദേവിനെ ആലപ്പുഴയിലെ കുഞ്ചാക്കോയുടെ ഉടമസ്ഥതയിലുള്ള ഉദയാസ്റ്റുഡിയോവുമായി ബന്ധപ്പെടുത്തിയത്.  അങ്ങനെയാണ് ഉദയാസ്റ്റുഡിയോ, 1949 ല്‍ നിര്‍മ്മിച്ച ‘വെള്ളിനക്ഷത്ര’ ത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി അഭയദേവ് ഗാനങ്ങളൊരുക്കുന്നത്. ‘വെള്ളിനക്ഷത്ര’-ത്തിന്റെ സംഗീതം ഉദയാസ്റ്റുഡിയോ ഓര്‍ക്കസ്ട്രയായിരുന്നു. ഗാനമെഴുതി, രാഗം നിശ്ചയിച്ച് നായകനടനെയും നടിയെയും പാട്ട് പഠിപ്പിച്ചതും അഭയദേവ് തന്നെ.’പ്രേമമനോഹരമേ ലോകം പ്രേമമനോഹരമേ…”പോരിനായ് ഇറങ്ങുവിന്‍ മുദാ മുദാ വീരരായ് മരിക്കുവാന്‍ സദാ സദാ…”തൃക്കൊടി തൃക്കൊടി തൃക്കൊടി വാനിലുയരട്ടെ തൃക്കൊടി… ‘ തുടങ്ങിയ മെലഡികളും , സ്വാതന്ത്ര്യഗാനങ്ങളുമടക്കം പത്തോളം  ഗാനങ്ങളാണ് അഭയദേവ്, വെള്ളിനക്ഷത്രത്തിനുവേണ്ടി രചിച്ചത്. ഈ ഗാനങ്ങളൊക്കെ കേരളക്കര ഒന്നടങ്കം ഏറ്റുപാടി. 1951 ല്‍ പുറത്തുവന്ന ‘ജീവിതനൗക’യിലെ ആനത്തലയോളം വെണ്ണതരാമെടാ ആനന്ദശ്രീകൃഷ്ണാ വാ മുറുക്ക്…, 1952 ലെ ‘വിശപ്പിന്റെ വിളി’ എന്ന ചിത്രത്തിലെ, കരയാതെയെന്‍ ഓമനക്കുഞ്ഞേ എന്റെ കരളായ് വളര്‍ത്തും ഞാന്‍ നിന്നെ… ‘അച്ഛനി’ലെ, എ•-കനേ നീയുറങ്ങ് സുഖമായെന്‍ പൊ•-കനേ നീയുറങ്ങ്…,  ആരാരിരാരീരാരോ കണ്മണിയേ… 1953 ല്‍ പുറത്തുവന്ന ‘ലോകനീതി’യിലെ കണ്ണാ നീയുറങ്ങ് എന്‍ കണ്ണേ നീയുറങ്ങ്… 1960 ല്‍ റിലീസായ ‘സീത’ യിലെ, പാട്ടു പാടി ഉറക്കാം ഞാന്‍ താമരപ്പൂം പൈതലേ…,  1965 ല്‍ റിലീസായ ‘ജീവിതയാത്ര’-യിലെ, തങ്കക്കുടമേ ഉറങ്ങ് അമ്മ താരാട്ട് പാടാമുറങ്ങ്… തുടങ്ങി എത്രയെത്ര താരാട്ട്പാട്ടുകളാണ് അഭയദേവിന്റെ  തൂലികയിലൂടെ പിറന്നത്. അഭയദേവ് രചിച്ച താരാട്ടുപാട്ടുകളുടെ മിക്കതിന്റെയും സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ദക്ഷിണാമൂര്‍ത്തിയായിരുന്നു. ‘പാട്ട് പാടി ഉറക്കാം ഞാന്‍ താമരപ്പൂം പൈതലേ…’ എന്ന താരാട്ട്പാട്ടാണ് ഏറ്റവും പ്രശസ്തി നേടിയത്. 1960 ല്‍ പുറത്തു വന്ന ‘സീത’ എന്ന ചിത്രത്തിനു വേണ്ടി  അഭയദേവ് രചിച്ച വരികള്‍ക്ക് സംഗീതം പകര്‍ന്നത് ദക്ഷിണാമൂര്‍ത്തി. പി. സുശീല പാടിയ ഈ ഗാനം ആസ്വാദകമനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു.  ‘പടച്ചോന്റെ കൃപകൊണ്ട് നിന്നെ കിട്ടി പൊന്നിന്‍ കട്ടീ നീയുറങ്ങൂ കുഞ്ഞുമോനെ, മിഴിനീട്ടി മിഴിനീട്ടി നോക്കുന്നതെന്തേ നോക്കിച്ചിരിക്കുന്നതെന്തേ, ബാപ്പാ വരുമേയിപ്പം കൊണ്ടു തരൂമേയപ്പം…'(വര്‍ഷം-1966, ചിത്രം-കായംകുളംകൊച്ചുണ്ണി, സംഗീതം-ബി. എ. ചിദംബരനാഥ്,  ആലാപനം-ബി. വസന്ത)  എന്ന ഗാനത്തിന്റെ വരികള്‍ ശ്രദ്ധിക്കുക.- ഒരു മുസ്ലിം പെണ്‍കുട്ടിയായ അമ്മയാണ് ഇവിടെ തന്റെ കുഞ്ഞിനെ ഉറക്കുന്നത്. ബാപ്പ, അപ്പവും കൊണ്ട് വരുന്നത് വരെ ഉറങ്ങൂ, എന്ന് പറയുമ്പോള്‍, ആ കുടുംബത്തിന്റെ ജീവിതപ്രാരാബ്ധങ്ങള്‍ വരെ ഈ താരാട്ട്പാട്ടിലൂടെ നമ്മെ അനുഭവിപ്പിക്കുകയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. അഭയദേവിന്റെ താരാട്ട്പാട്ടുകള്‍ കേവലം അലങ്കാരപ്രയോഗങ്ങളല്ല എന്നു പറയാം. കഥാപാത്രത്തിന്റെ പ്രതീക്ഷകളും ജീവിതത്തിന്റെ വര്‍ത്തമാനദൈന്യതയും വരികളില്‍ നിഴലിച്ചിട്ടുള്ളതായി കാണാം. മിക്ക താരാട്ടുപാട്ടുകളിലും അമ്മമാരുടെ ധര്‍മ്മസങ്കടങ്ങളും പ്രയാസങ്ങളും നിഴലിക്കുന്നതായി കാണാന്‍ കഴിയും.അഭയദേവിന്റെ താരാട്ട്പാട്ട് കേട്ട് കുഞ്ഞുങ്ങള്‍ ഉറങ്ങിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അമ്മിഞ്ഞപ്പാലു പോലെ, കുഞ്ഞുങ്ങള്‍ക്ക് അമ്മമാര്‍ താരാട്ട്ഗാനങ്ങളും നല്‍കി. വാക്കുകളിലും  ഭാവനകളിലും; നിരാലംബതയും അശരണതയും മുറ്റി നില്‍ക്കുന്ന പദപ്രയോഗങ്ങളാണ് ഇത്തരം ഗാനങ്ങളില്‍ അഭയദേവ് പ്രയോഗിച്ചിട്ടുള്ളത്. അഭയദേവിന്റെ വരികളിലെ അമ്മയും കുഞ്ഞും;  പാവപ്പെട്ടവരും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരുമായിരുന്നു.  ‘ഒരു നല്ലകാലം നിന്റുപ്പാനും വരുമന്നേരം സാധിക്കാമെല്ലാമെ കരയല്ലെ കരയല്ലെ ഉമ്മാന്റെ കുഞ്ഞിക്കരളല്ലേ പുന്നാരമോനല്ലേ…’   ‘കായംകുളി കൊച്ചുണ്ണി’ എന്ന ചിത്രത്തിലെ അഭയദേവിന്റേതാണീ വരികള്‍. ഒരു മാതൃഹൃദയത്തിന്റെ കണ്ണുനീരും പ്രതീക്ഷകളും നിറഞ്ഞ ആകുലവ്യഥകള്‍ ഇതില്‍ ദര്‍ശിക്കാന്‍ സാധിക്കും.താമരപോലെയുള്ള കുഞ്ഞിക്കയ്യില്‍ വളയിട്ടു കാണാനും അരയില്‍ വെള്ളിനൂലുകെട്ടിക്കാണാനും മോഹമേറെയുള്ള ഉമ്മയാണ്. പക്ഷേ, ‘ഗതിയില്ലാ പൂമോനെ…’  എന്ന വരികള്‍  അറിയാതെ  നമ്മുടെ കണ്ണുകള്‍  ഈറനണിയിക്കും. ‘കരയാതെന്നോമനക്കുഞ്ഞേ എന്റെ- കരളായ് വളര്‍ത്തും ഞാന്‍ നിന്നെ… ഉയരും വിശപ്പിന്‍വിളിയില്‍ നിന്നും ഉടലാര്‍ന്നു നീയുമീമണ്ണില്‍ ഉടയോരില്ലാതെയീമട്ടില്‍ എത്ര ചുടു ചോര കുഞ്ഞുങ്ങള്‍ നാട്ടില്‍ എറിയപ്പെടുന്നുണ്ടു നീളെ ആരുമറിയാതെ ചാകുന്ന കാലെ  അവരോട് ചെയ്യും അനീതി  അതിന്‍ പ്രതികാരം ചെയ്യുവാനായി  വളരൂ നീ ഓമനകുഞ്ഞേ…’- 1952 ല്‍ പുറത്തു വന്ന ‘വിശപ്പിന്റെ വിളി’ (സംഗീതം-പി.എസ്. ദിവാകര്‍, ആലാപനം-കവിയൂര്‍ സി.കെ. രേവമ്മ) എന്ന ചിത്രത്തിലെ അഭയദേവിന്റെ ഈ വരികളില്‍ അമ്മ, സങ്കടം ഉള്ളിലൊതുക്കി തന്റെ കുഞ്ഞിനോട്, കരയാതിരിക്കാന്‍  പറയുന്നത് ഇങ്ങനെയാണ്. പെറ്റ കുടലിന്റെ നിസ്സഹായാവസ്ഥയും പ്രതീക്ഷകളുമാണ് വരികളിലൂടെ പ്രകടമാകുന്നത്.  കര്‍പ്പൂരനാളത്തിന്റെ ഒളിയും, തിളക്കവും നിറഞ്ഞതായിരുന്നു അഭയദേവിന്റെ പ്രാര്‍ത്ഥനാഗാനങ്ങള്‍. ലാളിത്യവും, ഭക്തിയും അവയെ ആര്‍ദ്രമനോഹരമാക്കി. ക്രിസ്തുവിനെക്കുറിച്ചായാലും, കൃഷ്ണനെക്കുറിച്ചായാലും, നബിയെക്കുറിച്ചായാലും ആത്മാര്‍ത്ഥതയുടെയും അര്‍പ്പണത്തിന്റയും പൂജാപുഷ്പങ്ങളായിരുന്നു അഭയദേവിന്റെ ഓരോ ഗാനവും. കൃത്രിമത്വത്തിന്റെ തൊങ്ങലുകള്‍ തുന്നിപ്പിടിപ്പിക്കാത്തവയായിരുന്നു അവയെല്ലാം തന്നെ. ഭക്തിഗാനങ്ങള്‍ഭക്തിഗാനശാഖയിലും അഭയദേവിന്റെ സംഭാവനകള്‍ മികച്ചതായിരുന്നു. അക്കാലത്തെ പ്രാര്‍ത്ഥനാഗാനങ്ങള്‍ കൂടുതലും അഭയദേവിന്റെ രചനകളിലൂടെ പിറവികൊണ്ടവയായിരുന്നു. 1963 ല്‍ പുറത്തിറങ്ങിയ ‘ചിലമ്പൊലി’ യിലെ ഗാനം. ‘പാഹിമുകുന്ദാ പരമാനന്ദ പാപനിഹന്ത ശ്രീകാന്താ..'(സംഗീതം-ദക്ഷിണാമൂര്‍ത്തി, ആലാപനം- പി. സുശീലയും കമുകറ പുരുഷോത്തമനും) ഈ ചിത്രത്തിലെ അഭയദേവിന്റെ വേറൊരു ഭക്തിഗാനമുണ്ട്. ‘മായാമയനുടെ ലീല അതു മാധവനറിയുന്നീല, ജഗമൊരു നാടകശാല ഇതിലാടാര്‍ക്കും മേല’…(ആലാപനം-കമുകറ പുരുഷോത്തമന്‍)  1951 ല്‍ പുറത്തിറങ്ങിയ ‘ജീവിതനൗക’ എന്ന ചിത്രത്തിനു വേണ്ടി രചിച്ച ‘ആനത്തലയോളം വെണ്ണ തരാമെടാ ആനന്ദശ്രീകൃഷ്ണാ വാമുറുക്ക്…’ (സംഗീതം-ദക്ഷിണാമൂര്‍ത്തി, ആലാപനം-സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍, ആലപ്പുഴ പുഷ്പം.) ക്രിസ്തീയഭക്തിഗാനങ്ങളില്‍ ക്രൈസ്തവആത്മീയത അഭയദേവ് കൊണ്ടുവന്നിട്ടുണ്ട്. 1954 ല്‍ പുറത്തു വന്ന ‘സ്‌നേഹസീമ’ യിലെ ‘അദ്ധ്വാനിക്കുന്നോര്‍ക്കും, ഭാരം ചുമക്കുന്നോര്‍ക്കും അത്താണിയായുള്ളോനെ കര്‍ത്താവെ യേശുനാഥാ…’ (സംഗീതം-ദക്ഷിണാമൂര്‍ത്തി,  ആലാപനം-പി. ലീലയും സരോജയും) എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഓരോവരികളിലും  ജീവിതപ്രാരാബ്ധങ്ങളില്‍പെട്ടുഴലുന്ന മനുഷ്യരുടെ നിസ്സഹായാവസ്ഥ കാണാന്‍ സാധിക്കും. ‘…ചുടുചോര ചോരുമ്പോഴും വേദനയില്‍ തിരുനെഞ്ചം നീറുമ്പോഴും അപരാധം ചെയ്തവനില്‍ പ്രേമാര്‍ദ്രമായ് മാപ്പരുളാനായ് തിരുവായാല്‍ മൊഴിയുണ്ടല്ലോ…..’ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും  പ്രതീകമാണ് യേശുദേവന്‍. യേശുദേവന്റെ ജീവിതം മാനവരാശിക്കു വേണ്ടി സമര്‍പ്പിച്ചതാണ്. അഭയദേവിന്റെ ക്രിസ്തീയഭക്തിഗാനങ്ങളിലെല്ലാം വ്യത്യസ്തരീതിയിലുള്ള യേശുദേവനെയാണ് സൃഷ്ടിച്ചിരിക്കുന്നത്. 1966- ല്‍ പുറത്തിറങ്ങിയ ചിത്രമാണ്  ‘കടമറ്റത്തച്ചന്‍’. ‘മുള്‍മുടിചൂടി കുരിശ്ശില്‍തൂങ്ങി പാരിനെ കാത്തവനെ പിതാവെ പാരിനെ കാത്തവനെ ആത്മാഹൂതി തന്‍ പൊന്‍തിരിയായെന്ന് പ്രാണന്‍ തെളിയേണമേ പിതാവേ പാരിനെ കാത്തവനെ….'(സംഗീതം-ദക്ഷിണാമൂര്‍ത്തി, ആലാപനം-യേശുദാസ്) ക്രൈസ്തവദര്‍ശനത്തിന്റ ആന്തരീകതയിലൂടെ ഗാനരചയിതാവ് സഞ്ചരിക്കുന്നതായി ഇതിലെ ഓരോ വരികളും സശ്രദ്ധം ശ്രവിക്കുമ്പോള്‍ ബോദ്ധ്യമാകും.
ശാസ്ത്രീയസംഗീതത്തില്‍ ചിട്ടപ്പെടുത്തിയ അഭയദേവിന്റെ ഗാനങ്ങള്‍ നിരവധിയാണ്. കഥകളി പദത്തിന്റെ രൂപത്തില്‍ അഭയദേവ് രചിച്ച് ദക്ഷിണാമൂര്‍ത്തി സ്വാമി ചിട്ടപ്പെടുത്തിയ ഒരു ഗാനമുണ്ട്.  ‘പ്രിയമാനസ നീ വാവാ പ്രേമമോഹന ദേവാ…’. 1963 ല്‍ പുറത്തുവന്ന ‘ചിലമ്പൊലി’ എന്ന ചിത്രത്തിലെ ഈ ഗാനം ദക്ഷിണാമൂര്‍ത്തിസംഗീതത്തില്‍ പി.ലീലയാണ് പാടിയിരിക്കുന്നത്. ‘മിണ്ടാത്തതെന്താണ് തത്തെ…’ (വര്‍ഷം-1961, ചിത്രം- ജ്ഞാനസുന്ദരി, സംഗീതം-ദക്ഷിണാമൂര്‍ത്തി) തുടങ്ങിയ മധുരമായ പ്രണയഗാനങ്ങളും അഭയദേവിന്റേതായുണ്ട്. കമുകറ പുരുഷോത്തമന്‍ പാടിയ ഈ ഗാനം പുതിയകാലത്തെ പ്രണയഗാനത്തിന്റെ രൂപവും ഭാവവും വിളിച്ചോതുന്നു.കൃത്യമായ മാപ്പിളപ്പാട്ട് ഈശലില്‍ എഴുതപ്പെട്ട ഗാനങ്ങളുടെ ശില്‍പ്പിയാണ് അഭയദേവ് എന്നു പറയാം. 1965 ല്‍ റിലീസായ ‘പോര്‍ട്ടര്‍ കുഞ്ഞാലി’ – യിലെ ‘ജന്നത്ത് താമരപ്പൂത്തല്ലേ ഒരു പൊന്നിതള്‍ നുള്ളിയെടുത്തോട്ടെ’… (സംഗീതം-എം. എസ്. ബാബുരാജ്,  ആലാപനം-പി. ലീല) എന്ന ഗാനം ‘അടിപെട്ട് കൊത്തിപ്പിടുത്താരെ’  എന്ന ഈശലില്‍ രചിച്ചതാണ്. ഏത് വിധത്തിലുള്ള ഗാനരചനാരീതിയും തനിക്ക് വഴങ്ങുമെന്ന് ഇത്തരം ഗാനസൃഷ്ടികളിലൂടെ അഭയദേവ് തെളിയിച്ചു.കുട്ടികള്‍ക്കും, കുസൃതികള്‍ക്കും വേണ്ടി അദ്ദേഹം രചിച്ച പല ഗാനങ്ങളുടെയും വരികളില്‍ നിഷ്‌ക്കളങ്കതയുടെയും നൈര്‍മ്മല്ല്യത്തിന്റെയും വിശുദ്ധി തെളിഞ്ഞു നിന്നു.  അഭയദേവിന്റെ ഗാനങ്ങള്‍ക്ക് വേണ്ടി കൂടുതലും സംഗീതം നിര്‍വ്വഹിച്ചത് ദക്ഷിണാമൂര്‍ത്തിയായിരുന്നു. 1950 ല്‍ പുറത്തിറങ്ങിയ ‘നല്ലതങ്ക’ യിലൂടെയാണ് ആദ്യമായി ഇരുവരും ഒന്നിക്കുന്നത്.  അഭയദേവായിരുന്നു ദക്ഷിണാമൂര്‍ത്തിയെ സിനിമാസംഗീതരംഗത്തേക്ക് കൊണ്ടുവന്നത്.1963 ല്‍ റിലീസായ ‘ചിലമ്പൊലി -” എന്ന ചിത്രത്തിനു വേണ്ടി അഭയദേവ് രചിച്ച ഗാനമാണ് ‘പ്രിയമാനസാ നീ വാവാ…’. കര്‍ണ്ണാടകരാഗത്തിലും ശൃംഗാരഭാവത്തിലുമാണ് ദക്ഷിണാമൂര്‍ത്തി ഈ ഗാനത്തിന് ട്യൂണ്‍ നല്‍കിയിരിക്കുന്നത്. പി. മാധുരിയുടെ ആലാപനാസൗകുമാര്യത്താലും, ചിത്രീകരണമേ•-യാലും ഗാനം ആസ്വാദകമനസ്സുകളില്‍ ഗാനം ചിരപ്രതിഷ്ഠ നേടി.ഹാസ്യഗാനങ്ങള്‍ക്കും പിന്നിലായിരുന്നില്ല അഭയദേവ്. ‘നാഗരാദി എണ്ണയുണ്ട് സഹചരാദി കുഴമ്പുണ്ട് പടവലാദി ലേഹ്യമുണ്ട് വേണ്ടി വന്നാല്‍ അലവലാതി നെയ്യുമുണ്ടിതില്‍..’ 1964 ല്‍ റിലീസായ  ‘ദേവാലയം ‘ എന്ന ചിത്രത്തിലെ ഈ ഗാനം, ദക്ഷിണാമൂര്‍ത്തി സംഗീതസംവിധാനം നിര്‍വ്വഹിച്ച് പാടിയതാണ്.കുട്ടികള്‍ക്കു വേണ്ടിയുള്ള ഗാനങ്ങള്‍, സന്തോഷഗാനങ്ങള്‍, പ്രണയഗാനങ്ങള്‍, ശോകഗാനങ്ങള്‍, ഗ്രാമീണഗാനങ്ങള്‍, പ്രതീക്ഷാഗാനങ്ങള്‍, സ്‌നേഹഗാനങ്ങള്‍, അര്‍ദ്ധശാസ്ത്രീയഗാനങ്ങള്‍, ഉത്സവഗാനങ്ങള്‍, തുള്ളല്‍ ഗാനങ്ങള്‍… തുടങ്ങിയ വിഭാഗങ്ങളിലായി ധാരാളം ഗാനങ്ങള്‍ അഭയദേവ് രചിച്ചു. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്നവയായിരുന്നു അഭയദേവിന്റെ വരികള്‍. പാട്ടുകളിലെ അനായസത,  എഴുതുന്ന ഓരോ വരികളും സൂക്ഷ്മതയോടെ – ഒരു പെരുന്തച്ചന്റെ കരവിരുത് പോലെ അഭയദേവ് മിനുക്കിയെടുക്കുകയായിരുന്നു. ആഭേരി, ആരഭി, ലതാംഗി, ആനന്ദഭൈരവി, ശങ്കരാഭരണം, കേദാരം, ഋഷഭപ്രിയ, മായാമാളവഗൗള… എന്നീ രാഗങ്ങളാണ് പ്രധാനമായും അഭയദേവിന്റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ ഉപയോഗിച്ചിരുന്നത്.1952 ല്‍ പുറത്തിറങ്ങിയ ‘ദേശഭക്തന്‍’, 1962 ലെ ചിത്രമായ ‘ശാന്തിനിവാസ്’, 1971 ല്‍ റിലീസായ ‘ശ്രീകൃഷ്ണലീല’, 1972 ലെ ‘സതിഅനസൂയ’, 1977 ല്‍ പുറത്തിറങ്ങിയ ‘ചില നേരങ്ങളില്‍ ചില മനുഷ്യര്‍’ എന്നിവയാണ് അഭയദേവ് തിരക്കഥയും സംഭാഷണവും രചിച്ച ചില ഡബ്ബിങ്ങ്ചിത്രങ്ങള്‍. സോമയാജലു നായകനായി അഭിനയിച്ച ശങ്കരാഭരണം(വര്‍ഷം-1980), കമലഹാസനും രതി അഗ്നിഹോത്രിയും നായികാനായക•ാരായി അഭിനയിച്ച തിരകള്‍ എഴുതിയ കവിത(വര്‍ഷം-1980) സാഗരസംഗമം (വര്‍ഷം-1983) തുടങ്ങിയ ചിത്രങ്ങളുടെയും മൊഴിമാറ്റം നടത്തിയത് അഭയദേവായിരുന്നു. മൂന്നു സിനിമകളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ധാരാളം ചിത്രങ്ങള്‍ മൊഴിമാറ്റം നടത്തി. അഭയദേവ് മൊഴിമാറ്റം നടത്തിയ മിക്ക ചിത്രങ്ങളുടെ ഗാനരചനയും അദ്ദേഹം തന്നെയായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. അഭയദേവിന്റെ വരികള്‍ക്ക് കൂടുതലായും ഈണമിട്ടത് ദക്ഷിണാമൂര്‍ത്തിയായിരുന്നു. പി. എസ് ദിവാകര്‍, സുബ്ബയ്യനായിഡു, ടി. ആര്‍ പാപ്പ, എസ്.എന്‍. സ്വാമി (എസ്. എന്‍. രംഗനാഥന്‍), ജ്ഞാനമണി, ഘണ്ടശാല, വി. രാമറാവു, ജി. കെ. വെങ്കിടേഷ്, ആര്‍. പാര്‍ത്ഥസാരഥി, എല്‍. പി. ആര്‍ വര്‍ മ്മ, ബി. എ ചിദംബരനാഥ്, എം. എസ്. ബാബുരാജ്… തുടങ്ങിയവര്‍ അഭയദേവിന്റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. പി.ലീല, മെഹബൂബ്, ഗായകപീതാംബരം, എ.പി. കോമള, യേശുദാസ്, കമുകറ, പി.സുശീല, എം. എല്‍. വസന്തകുമാരി, ശാന്താ പി നായര്‍, എ.എം രാജ, കവിയൂര്‍ സി. കെ രേവമ്മ, ബി.വസന്ത, കെ. പി. ഉദയഭാനു, ദക്ഷിണാമൂര്‍ത്തി, ജിക്കി, അഗസ്റ്റ്യന്‍ ജോസഫ്, വൈക്കം മണി… തുടങ്ങിയവര്‍ അഭയദേവ് രചിച്ച ഗാനങ്ങള്‍ ആലപിച്ചു. മലയാള സിനിമാ ഗാനരചനരംഗത്തും  സിനിമാമൊഴിമാറ്റരംഗത്തും  മാത്രമല്ല, സാഹിത്യരചനാരംഗത്തും നിസ്തൂലമായ സംഭാവനകളാണ് അഭയദേവ് നല്‍കിയിരിക്കുന്നത്. വൈവിദ്ധ്യങ്ങളായ എത്രയെത്ര സൃഷ്ടികളാണ് അഭയദേവിന്റെ തൂലികയില്‍ നിന്നും പുറത്ത് വന്നത്.  ദേശഭക്തിഗാനങ്ങള്‍ (കവിതാസമാഹാരം), ഗുരുപൂജ (കവിതാസമാഹാരം), വിനോദകഥകള്‍, ഹിന്ദി-മലയാളം ബൃഹദ്ഭാഷാ നിഘണ്ടു, ഏകതാര(നോവല്‍-വിവര്‍ത്തനം), നിസ്സാരകാര്യം(നോവല്‍), മണ്‍കോലങ്ങള്‍ (കഥകള്‍), മോസ്‌കോ മുതല്‍ കേരളം വരെ(കഥകള്‍), അപൂര്‍വ്വബംഗാള്‍(നാടകം), ഭൂമികന്യാസീത (വിവര്‍ത്തനം-നാടകം) ഗൗതമബുദ്ധന്‍ (ബാലസാഹിത്യം), ദേശപാണ്ഡെ(ബാലസാഹിത്യം) ഭോജരാജാവ് (ബാലസാഹിത്യം) കസേരയുടെകഥ(രാഷ്ട്രീയനാടകം), രാമകഥയുടെ ഉല്പത്തി വികാസങ്ങള്‍ (വിവര്‍ത്തനം- പഠനം), കിസാമുര്‍സികാ.. (വിവര്‍ത്തനം) തുടങ്ങിയവ അഭയദേവിന്റെ പ്രധാനകൃതികളാണ്.അമ്പത്തിരണ്ടോളം സിനിമകള്‍ക്ക് വേണ്ടി നാന്നൂറിലധികം ഗാനങ്ങള്‍ അഭയദേവ് രചിച്ചിട്ടുണ്ട്. അഭയദേവ് രചിച്ച ഇരുന്നൂറോളം ഗാനങ്ങള്‍ക്ക് ദക്ഷിണാമൂര്‍ത്തി സംഗീതസംവിധാനം നിര്‍വ്വഹിച്ചു.  അഭയദേവ് – ദക്ഷിണാമൂര്‍ത്തി മലയാളസിനിമാരംഗത്തെ  പ്രസിദ്ധ ഗാനജോഡികളായിരുന്നു. ഇതിനു ശേഷമാണ് പി. ഭാസ്‌കരന്‍-ബാബുരാജ്, വയലാര്‍-ദേവരാജന്‍, ശ്രീകുമാരന്‍ തമ്പി-എം. കെ. അര്‍ജ്ജുനന്‍ എന്നീ കൂട്ടുകെട്ടുകള്‍ പിറവി കൊണ്ടത്. ഭക്തിയുടെയും മനുഷ്യസ്‌നേഹത്തിന്റെയും മാതൃവാത്സല്യത്തിന്റെയും ഐക്യത്തിന്റേയും വേര്‍പാടിന്റെയും കണ്ണീരിന്റെയും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും നൈരാശ്യത്തിന്റെയും  കഷ്ടപ്പാടിന്റെയും യാതനയുടെയും മൈത്രിയുടെയും തേന്‍ കിനിയുന്ന എത്രയെത്ര വരികളാണ് അഭയദേവ്, കലാകേരളത്തിന് നല്‍കിയിരിക്കുന്നത്.മലയാള ചലച്ചിത്ര ഗാനവസന്തത്തിന് പ്രാരംഭം കുറിച്ച ഒട്ടേറെ ഗാനങ്ങള്‍ അഭയദേവിന്റേതാണ്.ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക് 1955 ലെ ജെ.സി ഡാനിയല്‍ അവാര്‍ഡുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അഭയദേവിന് ലഭിച്ചു….  എല്ലാവിധത്തിലും, തരത്തിലുമുള്ള പാട്ടുകള്‍  അഭയദേവ് എഴുതി. കഥാപാത്രത്തിന്റെ സ്വഭാവം, സംസ്‌ക്കാരം, വികാരം, ഇവ സമന്വയിപ്പിച്ചുകൊണ്ട് പുതിയൊരു ഗാനരചനാരീതി തന്നെ മലയാള ചലച്ചിത്രഗാനശാഖയില്‍ കൊണ്ടു വന്നത് അഭയദേവാണ്.അഭയദേവ് എഴുതിയ ഗാനങ്ങളത്രയും ശ്രദ്ധേയമാക്കാന്‍ സാധിച്ചത്, രാമായണപാരായണവും സര്‍ഗ്ഗപ്രതിഭാവിലാസവും ഗുരുത്വവും ദൈവവിശ്വാസവും ഒത്തുചേര്‍ന്നതു കൊണ്ടാണെന്ന് അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി.  ഒന്നര വ്യാഴവട്ടക്കാലം അഭയദേവ് മലയാളചലച്ചിത്രരംഗത്ത് വാണു. തന്റെ ഗാനരചനയുടെ  ഉച്ചഘട്ടത്തില്‍ അദ്ദേഹം പാട്ടെഴുത്ത് നിര്‍ത്തി. ‘തന്നെക്കാള്‍ സമര്‍ത്ഥരായവര്‍ പിന്നാലെ കടന്ന് വന്നതിലുള്ള സന്തോഷം കൊണ്ടാണ്  താന്‍ രംഗം ഒഴിയുന്നതെന്ന് അഭയദേവ് ഒരിക്കല്‍ പറയുകയുണ്ടായി. പിന്നാലെ പറന്നെത്തിയ പൂങ്കുയിലുകള്‍ക്ക് വഴികാട്ടിയായി മുമ്പേ പറന്ന പുലരികിളിയായിരുന്നു അഭയദേവ്. ‘പാട്ടു പാടി ഉറക്കാം ഞാന്‍ താമരപ്പൂംപൈതലേ….’ ലവകുശ•ാരെ പാടി ഉറക്കുന്ന സീത പാടുന്ന പാട്ട് പോലെ, പിഞ്ചുകുഞ്ഞായിരുന്ന  മലയാളസിനിമാഗാനരംഗത്തെ പാടി ഉറക്കുകയും, വളര്‍ത്തുകയും ചെയ്ത ഗാനരചയിതാവാണ് അഭയദേവ്. ലവകുശ•ാരോട് സീത പറയുന്നത് പോലെ, ഈ ഗാനശാഖയോട് നമുക്കും പറയാം. ‘രാജാവായ് തീരും ഒരു കാലമോമനേ, മറക്കാതെ അന്ന് ഈ താതനെ മറക്കാതെ……’ ഒരു പിടി ഗാനങ്ങള്‍ പിന്‍മുറക്കായി നല്‍കിക്കൊണ്ട്, 2000 ജൂലായ് 26 ന് മലയാളസിനിമാസരണിയിലെ അതുല്ല്യനായ അഭയദേവ് നമ്മെ വിട്ടു പിരിഞ്ഞു.

You must be logged in to post a comment Login