മുലപ്പാലില്ലാത്ത അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ദാനം ചെയ്ത് ഒരമ്മ(വീഡിയോ)

ഒരു കുഞ്ഞിന് ജനനം മുതല്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് മുലപ്പാല്‍. അമ്മയുടെ പാല്‍ കുടിക്കുന്ന കുഞ്ഞിന് പ്രതിരോധശേഷി വര്‍ധിക്കുമെന്നാണ് പറയപ്പെടുന്നത്. മുലപ്പാലിലടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ മറ്റൊരു പാലിലും അടങ്ങിയിട്ടില്ല എന്നതാണ് എല്ലാ അമ്മമാരും മുലപ്പാല്‍ ഉണ്ടാകുന്നതിനായി പോഷകാഹാരങ്ങള്‍ കഴിക്കണമെന്ന് പഴമക്കാര്‍ പറയുന്നത്. ചില അമ്മമാര്‍ക്ക് പക്ഷേ മുലപ്പാല്‍ കുറവോ അല്ലെങ്കിലും ഇല്ലാതെയോ വരാം. എന്നാല്‍ മുലപ്പാല്‍ കൂടുതലായ അസുഖം വരിക എന്നത് പുതിയ കാര്യമാണ്.

രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ എലിസബത്തിനാണ് ക്രമാതീതമായി മുലപ്പാല്‍ ഉത്പാദിപ്പിക്കുന്ന അപൂര്‍വ്വ ‘അസുഖം’. ഹൈപ്പര്‍ ലാക്‌റ്റേഷന്‍ സിന്‍ഡ്രോം എന്നാണ് ഈ അസുഖത്തിന്റെ പേര്. ഏകദേശം ആറ് ലിറ്ററോളം പാലാണ് ഒരു ദിവസം എലിസബത്തിന്റെ സ്തനങ്ങളില്‍ നിന്നുണ്ടാകുന്നത്. എലിസബത്തിന്റെ പാലു കുടിക്കുന്ന ഇളയ കുഞ്ഞിന് വേണ്ടതിനേക്കാള്‍ കൂടുതല്‍ പാലാണ് ഉണ്ടാകുന്നത്. അധികമായി ഉണ്ടാകുന്ന പാല്‍ ഒരു തുള്ളിപോലും കളയാതെ മറ്റ് കുഞ്ഞുങ്ങള്‍ക്കായി ദാനം ചെയ്യുകയാണ് എലിസബത്ത്. മുലപ്പാലില്ലാത്ത അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്കാണ് എലിസബത്ത് തന്റെ പാല്‍ കൊടുക്കുന്നത്.

‘ എന്റെ ബ്ലഡ് ഗ്രൂപ്പ് റെയറാണ്, ഞാന്‍ സ്ഥിരമായി ബ്ലഡ് ഡൊണേറ്റ് ചെയ്യുമായിരുന്നു. അതിപ്പോഴും ചെയ്യുന്നു. രക്തത്തിന് പകരം പാല്‍ ആണ് ദാനം ചെയ്യുന്നതെന്ന് മാത്രം. ഇതാണ് തന്റെ അപൂര്‍വ അസുഖത്തെ കുറിച്ചുള്ള എലിസബത്തിന്റെ പ്രതികരണം. മാസം തികയാത പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്കാണ് മിക്കവാറും എലിസബത്തിന്റെ പാല്‍ എത്തിക്കുന്നത്. ഇതിനായി മൂന്ന് പ്രത്യേക തരം ഫ്രീസറുകളാണ് എലിസബത്ത് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നത്. പാല്‍ സൂക്ഷിക്കുന്ന ബാഗ്, ബ്രസ്റ്റ് പംബ്, ഡിസ്‌പോസബിള്‍ പാഡ്‌സ് തുടങ്ങി പാലിന് ആവശ്യക്കാര്‍ എത്തുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് എലിസബത്ത് തന്നെയാണ് മേല്‍നോട്ടം വഹിക്കുന്നത്.

ഓരോ മൂന്നുമാസത്തിലും മുലപ്പാല്‍ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള ഉപകരണങ്ങള്‍ മാറ്റി പുതിയത് വാങ്ങും. കുഞ്ഞുങ്ങളുടെ കാര്യമായതിനാല്‍ അതീവ വൃത്തിയായാണ് പാക്കിംഗ് വരെയുള്ള ഘട്ടങ്ങള്‍. ഒരേ സമയം മൂന്ന് സ്റ്റെറിലൈസറുകളും പത്ത് ബ്രസ്റ്റ് പംമ്പുകളും ഉപയോഗിക്കും. പിന്നീട് പുതിയത് വാങ്ങും. ഒരു ഔണ്‍സിന് ഒരു ഡോളര്‍ നല്‍കിയാണ് മില്‍ക്ക് ബാങ്കുകള്‍ എലിസബത്തിന്റെ മുലപ്പാല്‍ ശേഖരിക്കുന്നത്. എലിബത്ത് തന്റെ മുലപ്പാല്‍ ദാനം ചെയ്തു തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. പങ്കുവയ്ക്കാന്‍ പറ്റിയ ഒരു അനുഗ്രഹം ലഭിച്ച അമ്മയാണ് ഞാന്‍ എന്നാണ് ഈ കര്‍മ്മത്തെ എലിസബത്ത് വിശേഷിപ്പിക്കുന്നത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

You must be logged in to post a comment Login