മുലായവും അഖിലേഷും കൂടിക്കാഴ്ച നടത്തി; സമാജ്‌വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് ശമനമാകുന്നു

ലക്‌നൗ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സമാജ്‌വാദി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതിന്റെ സൂചന നല്‍കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിങ് യാദവും മറുചേരിയിലുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവും കൂടിക്കാഴ്ച നടത്തി. മുലായം സിങ് യാദവിന്റെ വസതിയിലായിരുന്നു ഒന്നര മണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ച. അഖിലേഷ് തന്നെയാണ് സമാജ്‌വാദി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന മുലായത്തിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.

അഖിലേഷുമായി തീരെ രസത്തിലല്ലാത്ത പിതൃസഹോദരന്‍ ശിവ്പാല്‍ യാദവും എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരനനെന്ന് അഖിലേഷ് ആരോപിക്കുന്ന രാജ്യസഭാ എംപി അമര്‍ സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തില്ലെന്നാണ് വിവരം. അഖിലേഷിന് നീരസമുണ്ടാകാതിരിക്കാന്‍ ഇരുവരെയും മുലായം സിങ് മനഃപൂര്‍വം ഒഴിവാക്കിയതാണെന്നാണ് അനുമാനം. നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയ അഖിലേഷ് പുറത്തു കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് ഒന്നും പ്രതികരിക്കാതെ സ്വവസതിയിലേക്ക് മടങ്ങി.

ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ അവകാശപ്പെട്ട് അഖിലേഷ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ കൂടിക്കാഴ്ചയില്‍ മുലായം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നിയന്ത്രിക്കുന്നത് താനാണെന്നും നേതൃത്വത്തെ അനുസരിക്കാന്‍ അഖിലേഷ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് താന്‍തന്നെ തുടരുമെന്നും ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നും മുലായം വ്യക്തമാക്കിയിട്ടുണ്ട്.

You must be logged in to post a comment Login