മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു;ആദ്യ ഘട്ട ജാഗ്രതാ നിര്‍ദേശം നല്‍കി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ആദ്യ ഘട്ട ജാഗ്രതാ നിര്‍ദേശം നല്‍കി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ നല്ല നിലയില്‍ വര്‍ധനവുണ്ട്.

142 അടിയിലെത്തിയാലുടന്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്കൊഴുക്കും. തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ പറ്റാത്ത വിധം മഴ കൂടിയാല്‍ മാത്രമേ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ഇടുക്കി ഡാമിലേക്ക് വെള്ളം ഒഴുക്കാന്‍ തമിഴ്‌നാട് തയ്യാറാകുവെന്നാണ് സൂചന. അതേസമയം, സ്പില്‍വേ തുറന്ന് പെട്ടെന്ന് അധികജലം ഒഴുക്കിയാല്‍ ഇടുക്കി ജില്ലയില്‍ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് അത് ഭീഷണിയാകും. 400 ഘനയടി വീതം വെള്ളംകൊണ്ടുപോകാന്‍ ശേഷിയുള്ള നാല് പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെയാണ് തമിഴ്‌നാട് ആദ്യം കൂടുതല്‍ വെള്ളം കൊണ്ടുപോകുക. പിന്നീട് വേണ്ടിവന്നാല്‍ ഇറച്ചിപ്പാലം കനാലിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കും.

മുല്ലപ്പെരിയാര്‍ സംഭരണിയിലെ ജലനിരപ്പ് ഇപ്പോഴത്തെ 142ല്‍ നിന്ന് 152 അടിയാക്കി ഉയര്‍ത്തണമെന്ന ആവശ്യത്തിലാണ് ഇപ്പോള്‍ തമിഴ്‌നാട്.ജലനിരപ്പ് 136 അടിയില്‍ നിന്ന് 142ലേക്കും തുടര്‍ന്ന് 152ലേക്കും ഉയര്‍ത്തണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. 2014ലെ സുപ്രീംകോടതി വിധിയോടെ 142 ആക്കി ഉയര്‍ത്തി. ഇനി 152ലേക്ക് ഉയര്‍ത്തണം. അതിനായി തമിഴ്‌നാട് ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

You must be logged in to post a comment Login