മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: കേന്ദ്രം കൈവിട്ടു

indexന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനു പാരിസ്ഥിതിക അനുമതി തേടി കേരളം നല്‍കിയ അപേക്ഷയില്‍ നടപടികള്‍ അവസാനിപ്പിച്ചെന്നു കേന്ദ്രം. അണക്കെട്ടുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെ ന്നും അതിനാല്‍ കേരളത്തിന്റെ അപേക്ഷയില്‍ നടപടിയെടുക്കാനാവില്ലെന്നും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍, അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളിയിട്ടില്ലെന്നും പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയാല്‍ പരിസ്ഥിതി അനുമതിക്കായി വീണ്ടും അപേക്ഷ നല്‍കാനാവുമെന്നും കേരളം വ്യക്തമാക്കുന്നു.

നദികളെക്കുറിച്ചും ജലവൈദ്യുത പദ്ധതികളെക്കുറിച്ചും പഠിക്കുന്നതിനായുള്ള മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി (ഇഎസി) ജൂണ്‍ മൂന്നും നാലും തീയതികളില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാ ണു കേന്ദ്രത്തിന്റെ നടപടി. സുപ്രീംകോടതി മേയ് ഏഴിനു പുറപ്പെടുവിച്ച ഉത്തരവില്‍ രണ്ടു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണെ്ടങ്കില്‍ പുതിയ അണക്കെട്ടിനെക്കുറിച്ചു കേന്ദ്രസര്‍ക്കാരിനു പരിഗണിക്കാമെന്നാണു പറയുന്നതെന്നും ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അപേക്ഷയില്‍ നടപടിയെടുക്കാനാവില്ലെന്നുമാണ് ഇഎസി അറിയിച്ചിരിക്കുന്നത്. അതിനാല്‍, കേരളം സമര്‍പ്പിച്ച അപേക്ഷയിലെ നടപടികള്‍ അവസാനിപ്പിക്കുകയാണെന്നും പരിസ്ഥിതിമന്ത്രാ ലയത്തിലെ ഡയറക്ടര്‍ ബി.ബി. ബര്‍മന്‍ കേരള ജലവകുപ്പ് ചീഫ് എന്‍ജിനിയര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനായി കേരളം നല്‍കിയ അപേക്ഷ പരിഗണിച്ചു പരിസ്ഥിതി ആഘാത പഠനം അടക്കമുള്ള നടപടികളുമായി മുന്നോ ട്ടുപോകാമെന്നു ജൂണ്‍ മൂന്നിനു ചേര്‍ന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി യോഗം കേരളത്തോടു വാക്കാല്‍ അറിയിച്ചിരുന്നു. ഇക്കാര്യം വാര്‍ത്തയായതിനു പിന്നാലെ അതു നിഷേധിച്ചു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം രംഗത്തെത്തുകയും ചെയ്തു.

മുല്ലപ്പെരിയാറില്‍ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ വിദഗ്ധ സമിതി അനുമതി നല്‍കിയിട്ടില്ലെന്നാണു തമിഴ്‌നാടിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നുപുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നത്. എന്നാല്‍, മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ഇഎസിയുടെ മിനിട്‌സില്‍ അപേക്ഷ പരിഗണിക്കുന്നതു നീട്ടിവയ്ക്കുകയാണെന്നു വ്യക്തമാക്കിയിരുന്നു.ഇതോടെ, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള ആവശ്യം നടപ്പിലാകണമെങ്കില്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കേണ്ടിവരും.

അതേസമയം, പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതോടൊപ്പം അണക്കെട്ടിന്റെ സുരക്ഷ കേന്ദ്രസേനയ്ക്കു കൈമാറണമെന്ന അപേക്ഷയും നല്‍കിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ഭീകരവാദ സംഘടനകളില്‍നിന്നു ഭീഷണിയുണെ്ടന്നും അതിനാല്‍ കേന്ദ്ര വ്യവസായ സംരക്ഷ ണ സേനയായ സിഐഎസ്എഫിനെ നിയോഗിക്കണമെന്നുമാണ് തമിഴ്‌നാടിന്റെ പുതിയ ആവശ്യം. ഇതിനെ എതിര്‍ത്ത കേരളം, മുല്ലപ്പെരിയാറിന്റെ സംരക്ഷണത്തിനായി ഡിവൈഎസ്പിയുടെ ചുമത ലയില്‍ ഒരു പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

സുപ്രീംകോടതി ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും. എന്നാല്‍, കേരളത്തിന്റെ സത്യവാങ്മൂലത്തിനു മറുപടി നല്‍കാന്‍ നാലാഴ്ച സമയം വേണമെന്ന ആവ ശ്യം തമിഴ്‌നാടും ഉന്നയിച്ചിട്ടുണ്ട്.

You must be logged in to post a comment Login