മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം: ഹര്‍ജി ഫയലില്‍, കേന്ദ്രത്തിന് നോട്ടീസ് ; കേസ് കേള്‍ക്കുന്നത് ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ മാത്രമെന്ന് സുപ്രിം കോടതി

Supreme_courtofIndia-630x381

ന്യൂഡല്‍ഹി : മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. ശബരിമല കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മാത്രമാണ് ഹര്‍ജി കേള്‍ക്കാന്‍ തീരുമാനിക്കുന്നതെന്ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു.

മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം ദമ്പതികളാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. പൂനയില്‍ വ്യവസായികളായ യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍സാദേ എന്നിവരാണ് ഹര്‍ജിക്കാര്‍. പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നും ആരെങ്കിലും തടഞ്ഞോയെന്നും ഹര്‍ജിക്കാരോട് ജസ്റ്റിസ് ബോബ്‌ഡെ ആരാഞ്ഞു. പ്രവേശിക്കാന്‍ ശ്രമിച്ചതായും എന്നാല്‍ തടഞ്ഞെന്നും അവര്‍ മറുപടി പറഞ്ഞു. മറ്റെവിടെയെങ്കിലും പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. മെക്കയില്‍ സ്ത്രീകള്‍ക്കു പ്രവേശനമുണ്ടെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു.

മൗലിക അവകാശ ലംഘനം ഭരണകൂടം ഒഴികെയുള്ളവര്‍ക്കെതിരെ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ പരിശോധന വേണമെന്ന് വാദത്തിനിടെ ജസ്റ്റിസ് ബോബ്‌ഡെ അഭിപ്രായപ്പെട്ടു. ഒരാള്‍ നമ്മുടെ വീട്ടില്‍ കയറുന്നതു നമുക്കിഷ്ടമല്ല. അയാള്‍ക്കു പൊലീസ് സഹായത്തോടെ അതു ചെയ്യാനാവുമോയെന്ന് കോടതി ചോദിച്ചു. പള്ളിയില്‍ ഉള്ളവര്‍ക്കു നിങ്ങള്‍ അവിടെ  കയറുന്നത് ഇഷ്ടമല്ല, അവര്‍ക്കെതിരെ തുല്യതാ അവകാശ ലംഘനത്തിന് സമരം നടത്താനാവുമോ? തുല്യതയ്ക്കുള്ള മൗലിക അവകാശം ഭരണകൂടത്തിനെതിരെ മാത്രം ബാധകമായ ഒന്നാണ്, വ്യക്തികള്‍ക്കെതിരെ അതുപയോഗിക്കാനാവില്ല- കോടതി അഭിപ്രായപ്പെട്ടു.

മുസ്‌ലിം പള്ളികളില്‍ വനിതകളെ പ്രവേശിക്കുന്നത് വിലക്കുന്നത് ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണെ്‌നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വ്യക്തി നിയമങ്ങളില്‍ നിലനില്‍ക്കുന്ന അന്തരം ഒഴിവാക്കി ഏക സിവില്‍ നിയമം ഉറപ്പാക്കണമെന്ന ഭരണഘടനയുടെ 44 അനുച്ഛേദത്തിന്റെ ലംഘനമാണ് വിലക്ക് എന്നും ഹര്‍ജിക്കാര്‍ പറയുന്നു.

പൂനാ ബോപ്പോഡിയിലെ മുഹമ്മദിയ ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്ക് കയറാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ ള്ളി ഇമാമിന് കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല.

സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിച്ച് ആരാധന നടത്തരുതെന്ന് പ്രവാചകന്‍ മുഹമ്മദ് നബിയോ വിശുദ്ധ ഖുറാനോ ഒരിടത്തും പറയുന്നില്ല. ഖുറാന്‍ സ്ത്രീപുരുഷ വിവേചനത്തെ സാധൂകരിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സര്‍ക്കാരാണ് ഹര്‍ജിയിലെ ഒന്നാം എതിര്‍ കക്ഷി. കേന്ദ്ര വഖഫ് കൗണ്‍സില്‍, മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പടെ ആറ് കക്ഷികള്‍ ഹര്‍ജിയെ എതിര്‍ത്ത് രംഗത്തുണ്ട്. നിലവില്‍ ചില ജമാ അത്തെ ഇസ്ലാമി പള്ളികളിലും മുജാഹിദ് ആരാധനാലയങ്ങളിലും മാത്രമാണ് സ്ത്രീകള്‍ക്ക് പ്രവേശനവും ആരാധനാ സ്വാതന്ത്ര്യവും ഉള്ളത്. പ്രബലമായ സുന്നി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളികളില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ട്.

You must be logged in to post a comment Login