മുസ്ലീം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; ശബരിമല വിഷയവുമായി ഇതിനെ താരതമ്യപ്പെടുത്താനാകില്ലെന്ന് കോടതി

കൊച്ചി: മുസ്ലീം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല വിഷയവുമായി ഇതിനെ താരതമ്യപ്പെടുത്താനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഒരു മുസ്ലീം വനിത പോലും പരാതി നല്‍കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അഖില ഭാരത ഹിന്ദുമഹാസഭ ഹെെക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്. ഹര്‍ജി സമര്‍പ്പിച്ച സംഘടനക്ക് ഈ വിഷയത്തില്‍ കോടതിയെ സമീപിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

മുസ്ലീം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നും പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു അഖില ഭാരത ഹിന്ദുമഹാസഭാ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി നല്‍കിയത്.

മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശന വിലക്കില്ലെന്നും മുസ്സീം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് തുല്യതക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റേയും ലംഘനമാണന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ പള്ളികളില്‍ മുസ്ലീം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

You must be logged in to post a comment Login