മുൻമന്ത്രി കടവൂർ ശിവദാസൻ അന്തരിച്ചു

തിരുവനന്തപുരം: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസൻ (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. രാവിലെ പത്ത് മണിയ്ക്ക് കൊല്ലം ഡിസിസിയിൽ പൊതുതരദര്‍ശനത്തിന് വെയ്ക്കുന്ന മൃതദേഹം വൈകിട്ട് നാല് മണിയ്ക്ക് മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിക്കും.

കെ കരുണാകരൻ, എ കെ ആന്‍റണി മന്ത്രിസഭകളിൽ കടവൂര്‍ ശിവദാസൻ അംഗമായിരുന്നു. വൈദ്യുതി, വനം, എക്സൈസ്, ആരോഗ്യം, തൊഴിൽ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുള്ള അദ്ദേഹം നിയമസഭയിൽ കുണ്ടറ, കൊല്ലം മണ്ഡലങ്ങളെയാണ് പ്രതിനിധീകരിച്ചിട്ടുള്ളത്.

തേവള്ളി ഗവ. സ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കൊല്ലം എസ് എൻ കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി.

ആര്‍ എസ് പിയിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം 1980ലും 1982ലും ആര്‍ എസ് പി സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. പിന്നീട് കോൺഗ്രസിൽ ചേര്‍ന്ന ശേഷം 1991, 1996, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചു.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് വേണമെന്ന ആശയം കടവൂര്‍ ശിവദാസന്‍റേതായിരുന്നു. എല്ലാ മേഖലയിലും ക്ഷേമനിധി ബോര്‍ഡ് വേണമെന്ന ആവശ്യം കേരളത്തിൽ രൂപപ്പെടാൻ തന്നെ കാരണം ഈ നീക്കമായിരുന്നു.

വിജയമ്മയാണ് ഭാര്യ. മിനി എസ്, ഷാജി ശിവദാസൻ എന്നിവര്‍ മക്കള്‍.

You must be logged in to post a comment Login