മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ നില അതീവ ഗുരുതരം

മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷായും, ഹർഷവർദ്ധനുമടക്കമുള്ളവർ എയിംസിലെത്തി ജെയ്റ്റ്‌ലിയെ സന്ദർശിച്ചു.

ജെയ്റ്റ്‌ലി വെന്റിലേറ്ററിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് വിവരം. കഴിഞ്ഞ ഒരാഴ്ചയിലേറെയായി എയിംസിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് പുലർച്ചെയ്ക്ക് വീണ്ടും ഗുരുതരമായി.രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ ജെയ്റ്റ്‌ലിയെ സന്ദർശിച്ചിരുന്നു.

ശ്വാസതടസവും ശാരീരിക അസ്വാസ്ഥ്യങ്ങളെയും തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരുൺ ജെയ്റ്റ്‌ലിയെ എയിംസിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ഡൽഹി എയിംസ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ചികിത്സകളോട് ശരീരം പ്രതികരിക്കുന്നതായും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. എന്നാൽ ഇന്ന് പുലർച്ചയോടെ ആരോഗ്യ നില വഷളാവുകയായിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി വൃക്കരോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു ജെയ്റ്റ്‌ലി. രണ്ടാം തവണയും മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.

You must be logged in to post a comment Login