മുൻ ക്രിക്കറ്റർ വിബി ചന്ദ്രശേഖർ അന്തരിച്ചു; ആത്മഹത്യയെന്ന് പോലീസ്

 

ചെന്നൈ: മുൻ ഇന്ത്യൻ ഓപ്പണറും തമിഴ്നാട് സ്വദേശിയുമായ വിബി ചന്ദ്രശേഖർ മൈലാപ്പൂരിലെ തൻെറ വസതിയിൽ അന്തരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഫ്ലാറ്റിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ചന്ദ്രശേഖർ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അദ്ദേഹത്തിൻെറ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ സെന്തിൽ മുരുകൻ പറഞ്ഞു.

ചന്ദ്രശേഖറിൻെറ ഭാര്യയാണ് മൃതദേഹം ആദ്യം കണ്ടത്. മുറിയുടെ വാതിലിൽ മുട്ടിയപ്പോൾ തുറക്കാത്തതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടതെന്ന് അവർ പോലീസിനോട് പറഞ്ഞു. വൈകീട്ട് 5.45ന് ചായ കുടിച്ച ശേഷം അദ്ദേഹം മുറിയിലേക്ക് പോയതായിരുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട ചില ബിസിനസിൽ പങ്കാളിയായിരുന്നു ചന്ദ്രശേഖർ. ഇതിൽ നഷ്ടം വന്നതിനെ തുടർന്ന് അദ്ദേഹം വിഷമത്തിലായിരുന്നുവെന്നും ഭാര്യ സൗമ്യ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

1986ലാണ് ചന്ദ്രശേഖർ തമിഴ്നാട് ടീമിന് വേണ്ടി ആദ്യമായി കളിച്ചിരുന്നത്. 1987-88ൽ രഞ്ജി ട്രോഫി കിരീടം നേടിയ തമിഴ്നാട് ടീമിലെ പ്രധാന താരമായിരുന്നു ചന്ദ്രശേഖർ. 1988ൽ ന്യൂസിലൻറിനെതിരെയാണ് അദ്ദേഹം ഇന്ത്യക്കായി ആദ്യ ഏകദിനം കളിച്ചത്. 7 മത്സരങ്ങളിൽ നിന്ന് ഒരു അർധശതകം അടക്കം 88 റൺസാണ് അദ്ദേഹം നേടിയിട്ടുള്ളത്. 53 റൺസാണ് ഉയർന്ന സ്കോർ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 81 മത്സരങ്ങളിൽ നിന്ന് 4999 റൺസ് നേടിയിട്ടുണ്ട്.

1988ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വെറും 56 പന്തിൽ നിന്ന് സെഞ്ച്വറി നേടിയതോടെയാണ് ചന്ദ്രശേഖറിൻെറ ബാറ്റിങ് പ്രകടനം ശ്രദ്ധയാകർഷിച്ചത്. ഇത് ഇന്ത്യൻ താരത്തിൻെറ റെക്കോർഡായിരുന്നു. പിന്നീട് 2016ൽ 48 പന്തിൽ നിന്ന് സെഞ്ച്വറി നേടി ഋഷഭ് പന്താണ് ഈ റെക്കോർഡ് മറികടന്നത്.

You must be logged in to post a comment Login