മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കും: തെളിവുകൾ ശക്തമെന്ന് വിജിലൻസ്

 

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് വിജിലൻസ്. ഇബ്രാഹിം കുഞ്ഞിനെ ഉടൻ ചോദ്യം ചെയ്യുമെന്നും വിജിലൻസ് അറിയിച്ചു. ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.

നേരത്തെ അറസ്റ്റിലായ ടി.ഒ സൂരജിന്റെ മൊഴി നിർണായകമായി. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മുൻ മന്ത്രിയെ ഉടൻ ചോദ്യം ചെയ്യുമെന്ന് വിജിലൻസ്. വി.കെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി വിജിലൻസ് അന്വേഷണ സംഘത്തിന്റെ അടിയന്തര യോഗം ആരംഭിച്ചു.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം ആവര്‍ത്തിച്ച് ടിഒ സൂരജ് ആവർത്തിച്ചിരുന്നു. നിര്‍മ്മാണ കമ്പനിയ്ക്ക് മുന്‍കൂര്‍ തുക നല്‍കാന്‍ ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്ന് സൂരജ് ആവര്‍ത്തിച്ചു. റോഡ്‍സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‍മെന്‍റ് കോര്‍പ്പറേഷന്‍ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നും സൂരജ് പറഞ്ഞു.

സൂരജ് ഉള്‍പ്പെടെയുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് തീരും. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകവെയായിരുന്നു ഇബ്രാഹിംകുഞ്ഞിനും ടി.കെ ഹനീഷിനുമെതിരായ സൂരജിന്‍റെ ആരോപണങ്ങള്‍. നേരത്തെയും ഇബ്രാഹിംകുഞ്ഞാണ് മുന്‍കൂര്‍ തുക നല്‍കാന്‍ പറഞ്ഞതെന്ന് സൂരജ് ആരോപിച്ചിരുന്നു. എന്നാല്‍ ഇത് നിയമവിരുദ്ധമല്ലെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്‍റെ പ്രതികരണം.തുക നൽകാൻ ഇബ്രാഹിം കുഞ്ഞിനോട് ശുപാർശ ചെയ്തത് ടി.കെ ഹനീഷയിരുന്നെന്നും സൂരജ് മൊഴി നൽകിയിരുന്നു.

You must be logged in to post a comment Login