മൂന്നാംഘട്ടവോട്ടെടുപ്പ്; നാളെ മത്സരം 116 സീറ്റില്‍

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 116 സീറ്റുകളിലേക്കു നാളെ വോട്ടെടുപ്പ് നടക്കും. തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമാണിത്.

സംസ്ഥാനത്ത് ഒരുമാസത്തിലേറെ നീണ്ട ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. അവസാന തന്ത്രങ്ങളുമായി നിശ്ശബ്ദ പ്രചാരണത്തിനുള്ള ദിവസമാണ് തിങ്കളാഴ്ച. പിന്നെ ജനവിധിയറിയാൻ കാത്തുനിൽപ്പ് ഒരുമാസം. മേയ് 23-നാണ് വോട്ടെണ്ണൽ.

നിർണായകമായ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത്യധികം വാശിയേറിയ പോരാട്ടത്തിലാണ് യുഡിഎഫും എൽഡിഎഫും എൻഡിഎയും. കൊടുംചൂടിലും സജീവമായിരുന്ന പ്രചാരണത്തിന്റെ തീക്ഷ്ണതയെല്ലാം വെളിപ്പെടുത്തുന്നതായിരുന്നു അവസാന മണിക്കൂറുകളിലെ ആവേശം. ഞായറാഴ്ച ഗ്രാമ, നരഗവീഥികളെ ഇളക്കിമറിച്ച് പ്രചാരണം സമാപിച്ചപ്പോൾ അണപൊട്ടിയ ആവേശം പലേടത്തും സംഘർഷത്തിനു കാരണമായി.

പല പ്രശ്‌നങ്ങൾ ഉന്നയിച്ചുതുടങ്ങിയ പ്രചാരണം ശബരിമല പ്രശ്‌നത്തെച്ചൊല്ലിയുള്ള വാഗ്വാദങ്ങളിലാണ് അവസാനിച്ചത്. പല മാധ്യമങ്ങളുടെയും ഏജൻസികളുടെയും അഭിപ്രായസർവേകളും അവസാനഘട്ടത്തിൽ പ്രചാരണ വിഷയമായത് ഇത്തവണത്തെ പ്രത്യേകതയാണ്. പ്രചാരണം അവസാനിക്കുമ്പോൾ പ്രതീക്ഷകളിലും അവകാശവാദങ്ങളിലും മുന്നണികളൊന്നും പിന്നിലല്ല. മൂന്നുമുന്നണികൾക്കും പലവിധത്തിൽ അഗ്നിപരീക്ഷയാണ് ഈ തിരഞ്ഞെടുപ്പ്.

കേരളം (20), കര്‍ണാടക (14), മഹാരാഷ്ട്ര (14), ഗുജറാത്ത് (26), ഗോവ (2), അസം (4), ബിഹാര്‍ (5), ഛത്തീസ്ഗഡ് (7), കശ്മീര്‍ (1), ഒഡീഷ (6), ഉത്തര്‍ പ്രദേശ് (10), ബംഗാള്‍ (5), ദാദ്ര നഗര്‍ ഹാവേലി (1) ദിയു(1) എന്നിവിടങ്ങളിലാണ് നാളെ വോട്ടെടുപ്പ്.

നാളെ ജനവിധി നേരിടുന്നവരില്‍ പ്രധാനികള്‍ രാഹുല്‍ ഗാന്ധി (വയനാട്), അമിത് ഷാ (ഗാന്ധിനഗര്‍) മുലായംസിങ് യാദവ് (മെയ്ന്‍പുരി), മല്ലികാര്‍ജുന്‍ ഖര്‍ഗെ (കലബുറഗി) എന്നിവരാണ്.

You must be logged in to post a comment Login