മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.

എറണാകുളം, ഇടുക്കി, തൃശ്ശൂർ,മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, പാലക്കാട്‌ ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വെട്ടുകാട് സെൻ്റ് മേരീസ് എൽപി സ്കൂളിന് ഇന്ന് അവധി ആയിരിക്കുമെന്ന് കളക്ടര്‍ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയിലും ആര്‍പ്പൂക്കര, അയ്മനം തിരുവാര്‍പ്പ് കുമരകം ഗ്രാമ പഞ്ചായത്തുകളിലും പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആയതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ തീരപ്രദേശങ്ങള്‍ കടലാക്രമണ ഭീതിയിൽ തുടരുകയാണ്. തിരുവനന്തപുരം ജില്ലയിലെ വലിയതുറയിൽ 120 കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്തെ നിരവധി വീടുകള്‍ കടലെടുത്തു. ശംഖുമുഖം കടപ്പുറത്ത് സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്.

കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിൽ തിരമാലയിൽപ്പെട്ട് കാണാതായ രണ്ട് പേര്‍ക്കായി മറൈൻ എൻഫോഴ്സ്മെൻ്റ്, ഫിഷറീസ് വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

You must be logged in to post a comment Login