മൂന്ന് താരങ്ങളെ പുറത്താക്കണമെന്ന് മെസി; റയലിനൊപ്പം ബാഴ്‌സയിലും പൊട്ടിത്തെറി

ബാഴ്‌സലോണ : ലാലിഗയിലെ നിര്‍ണ്ണായക മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ പൊട്ടിത്തെറി. ബാഴ്‌സലോണന്‍ താരങ്ങളായ മൂന്ന് പേരെ ശേഷിക്കുന്ന സീസണില്‍ കളിപ്പിക്കരുതെന്ന് മെസി ആവശ്യപ്പെട്ടതായാണ് പുതിയ വാര്‍ത്ത. സ്പാനിഷ് മാധ്യമമായ ഡോണ്‍ ബാലന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തോല്‍വിയ്ക്ക് പിന്നാലെ പ്രകോപിതനായ മെസി പ്രതിരോധ നിരയിലെ ജെറമി മാത്യൂ, മധ്യനിരക്കാരായ ഡെനിസ് സുവാരസ്, ആന്ദ്രെ ഗോമസ് എന്നിവരെ സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ഇറക്കരുതെന്നാണ് ടീം മാനേജുമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്രെ. തുടര്‍ച്ചയായി പരാജയപ്പെടുന്ന മൂവരും ടീമിന് ബാധ്യതയാണെന്നും സൂപ്പര്‍ താരം പരാതിപ്പെട്ടതായി സ്പാനിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെസിയുടെ വാദം സഹതാരങ്ങളുടെ പിന്തുണയോടെയാണെന്നും റിപ്പോര്‍ട്ടുണ്ട്.

മലാഗയോട് 2-0 ന് തോറ്റതോടെ ലാലിഗയിലെ കിരീടപോരാട്ടത്തില്‍ റയലിന് ഒപ്പമെത്താനുള്ള അവസരമാണ് ബാഴ്‌സക്ക് നഷ്ടമായത്. റയല്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് സമനില വഴങ്ങുകയും ചെയ്തിരുന്നു. ഇതോടെ മത്സരം ജയിച്ചിരുന്നെങ്കില്‍ ബാഴ്‌സയ്ക്ക് റയലിനോട് ഒപ്പമെത്താമായിരുന്നു.

You must be logged in to post a comment Login