മെട്രോമാന്റെ ജീവിതം സിനിമയാകുന്നു; നായകന്‍ ജയസൂര്യ

മെട്രോമാന്റെ ജീവിതം സിനിമയാകുന്നു; നായകന്‍ ജയസൂര്യ
 കൊച്ചി: മെട്രോമാന്‍ ഇ.ശ്രീധരന്റെ ജീവിതം കേന്ദ്രബിന്ദുവാക്കി മലയാള സിനിമ ഒരുങ്ങുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയസൂര്യയാണ് ശ്രീധരന്റെ വേഷമിടുന്നത്. സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പൊന്നാനിയിലെ വീട്ടില്‍ ചൊവ്വാഴ്ച പകല്‍ 11ന് ഇ.ശ്രീധരന്‍ പുറത്തിറക്കും.

1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോവരെ നീളുന്ന ഔദ്യോഗിക ജീവിതകാലമാണ് സിനിമയുടെ പശ്ചാത്തലം. 30 വയസ്സുകാരനായ ഇ.ശ്രീധരനില്‍ തുടങ്ങുന്ന കഥ കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്ന എണ്‍പത്തേഴുകാരനായ മെട്രോമാനിലേക്ക് നീളുന്നു.

പാമ്പന്‍ നിര്‍മാണകാലത്തില്‍ തുടങ്ങി കൊച്ചി കപ്പല്‍ശാല, കൊങ്കണ്‍, ദല്‍ഹി മെട്രോ നിര്‍മാണകാലങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട്. സുരേഷ്ബാബുവാണ് കഥാകൃത്ത്. നിര്‍മാതാവ് അരുണ്‍ നാരായണന്‍. ഇന്ദ്രന്‍സ് മറ്റൊരു പ്രധാന വേഷം ചെയ്യും.

സിനിമയില്‍ പ്രധാന വേഷം ചെയ്യുന്ന ജയസൂര്യ കഴിഞ്ഞയാഴ്ച പൊന്നാനിയിലെ വീട്ടിലെത്തി ഇ.ശ്രീധരനെ കണ്ടിരുന്നു. സിനിമയുമായി ബന്ധമൊന്നുമില്ലെങ്കിലും ജയസൂര്യയുടെയും അണിയറപ്രവര്‍ത്തകരുടെയും ആവശ്യപ്രകാരം സിനിമയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇ.ശ്രീധരന്‍ അറിയിച്ചു.

35 വര്‍ഷംമുമ്പാണ് താന്‍ അവസാനമായി സിനിമ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച പൊന്നാനിയില്‍ ശ്രീധരന്റെ വീട്ടില്‍ ചേരുന്ന ചടങ്ങില്‍ സംവിധായകന്‍ വി.കെ പ്രകാശ്, ജയസൂര്യ, അരുണ്‍ നാരായണന്‍, കഥാകൃത്ത് സുരേഷ്ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.

ജനുവരിയില്‍ ചിത്രീകരണം തുടങ്ങി വിഷുവിന് ചിത്രം തിയറ്ററില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകള്‍ ആലോചിക്കുന്നത്.

You must be logged in to post a comment Login