മെഡിക്കല്‍ പ്രവേശനം; ഇന്നു പ്രൈവറ്റ് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗം ചേരും

790_medical-563427_960_720_ext-1
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ചു കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്നു പ്രൈവറ്റ് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗം ചേരും. നാളെ സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനു മുന്നോടിയായാണ് ഇന്നു യോഗം ചേരുക. വൈകുന്നേരം നാലിനു കൊച്ചിയിലാണു യോഗം. പ്രധാനമായും മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലേത് ഉള്‍പ്പെടെയുള്ള ഫീസ് സംബന്ധിച്ചു മാനേജ്‌മെന്റിനുള്ളില്‍ ഇന്നു ധാരണയുണ്ടാക്കും. ഈ ധാരണയുടെ അടിസ്ഥാനത്തിലാവും നാളെ സര്‍ക്കാരുമായി ചര്‍ച്ച നടത്തുക.

നാളെ നടക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷമേ പ്രവേശന പരീക്ഷയ്ക്കു മേല്‍നോട്ടം വഹിക്കുന്ന ജയിംസ് കമ്മിറ്റി തുടര്‍നടപടി സ്വീകരിക്കൂ. കോളജുകളുടെ പ്രോസ്‌പെക്ടസുകള്‍ ജെയിംസ് കമ്മിറ്റി പരിശോധിച്ചു വരികയാണ്. സര്‍ക്കാരുമായി ഫീസ് ധാരണയെത്തിയില്ലെങ്കില്‍ കോളജുകളുടെ വരവു-ചെലവ് കണക്കാക്കി ജെയിംസ് കമ്മിറ്റി ഫീസ് നിര്‍ണയിച്ചു നല്‍കിയേക്കും.

ഏകീകൃത ഫീസിന് എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ താഴ്ന്ന വരുമാനക്കാരായവര്‍ക്കു കുറഞ്ഞ ഫീസ് നിരക്ക് നിശ്ചയിക്കുന്നതു സര്‍ക്കാര്‍ പരിഗണനയിലുണ്ട്. തങ്ങള്‍ക്കു സ്വീകാര്യമായ വിധം ഫീസ് തീരുമാനിക്കുക എന്ന ആവശ്യമാണു നാളെ നടക്കുന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റുകള്‍ ഉന്നയിക്കുക.

You must be logged in to post a comment Login