മെഡിക്കൽ ഫീസ് ഘടന ചോദ്യം ചെയ്ത് സ്വാശ്രയ മാനേജ്‌മെന്റുകൾ സമർപ്പിച്ച ഹർജി നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി

Supreme court judiciary

മെഡിക്കൽ ഫീസ് ഘടന ചോദ്യം ചെയ്ത് സ്വാശ്രയ മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജി നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി. വിഷയത്തിന്റെ അടിയന്തര സ്വഭാവം അഭിഭാഷകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫീസ് വിഷയത്തിൽ കോടതിയുടെ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ പ്രവേശന നടപടികൾ തടയണമെന്നാണ് മാനേജുമെന്റുകളുടെ ആവശ്യം. അതേസമയം, ദേശീയ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്തണമെന്ന മറ്റൊരു ഹർജി അടുത്തയാഴ്ച്ച പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

മെറിറ്റ് സീറ്റുകളുടെ ഫീസ് ആറു ലക്ഷത്തി പതിനാറായിരം രൂപയായി നിശ്ചയിച്ച ഫീസ് നിർണയ സമിതിയുടെ തീരുമാനത്തെയാണ് മെഡിക്കൽ മാനേജുമെന്റുകൾ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നത്. മെറിറ്റ് സീറ്റുകൾക്ക് 12 മുതൽ 15 ലക്ഷം രൂപ വരെയായി ഫീസ് നിശ്ചയിക്കണം, എൻ.ആർ.എ സീറ്റിന്റെ ഫീസ് മുപ്പത് ലക്ഷമായി ഉയർത്തണം, ഫീസ് വിഷയത്തിൽ നൽകിയിട്ടുള്ള അപ്പീലിൽ ഹൈക്കോടതിയുടെ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ കൗൺസിലിങ് ആരംഭിക്കരുത്, അതിനു സാധ്യമല്ലെങ്കിൽ സുപ്രീംകോടതി കഴിഞ്ഞതവണ നിശ്ചയിച്ച ഫീസിൽ പ്രവേശനം നടത്താൻ അനുവദിക്കണം തുടങ്ങിയ കാര്യങ്ങളാണ് കേരളാ പ്രൈവറ്റ് മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

You must be logged in to post a comment Login