മെല്‍വിന്‍ പാദുവയടക്കം 22 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം

കൊലപാതകക്കേസില്‍ ജീവപര്യന്തം ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മെല്‍വിന്‍ പാദുവയടക്കം 22 തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ജയില്‍ ഉപദേശകസമിതിയോഗം സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. പരോള്‍ കിട്ടാത്തതിനാല്‍ ഇതുവരെ പുറത്തിറങ്ങാന്‍ പറ്റാതെ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന 23 പേര്‍ക്ക് പരോള്‍ അനുവദിക്കാനും യോഗം ശുപാര്‍ശ ചെയ്തിരുന്നു.

പാലാ മീനച്ചില്‍ സ്വദേശി മേസ്ത്രി ബാലന്‍ , കൊയിലാണ്ടി ചാത്തനാരി വാസു, ജോസഫ് എന്ന സോജന്‍ , കടുങ്ങോന്‍ കുഞ്ഞിക്കണ്ണന്‍ , മകന്‍ മുരളീധരന്‍ തുടങ്ങി 22 പേരെയാണ് യോഗം മോചിപ്പിക്കാന്‍ ശുപാര്‍ശചെയ്തത്. മറ്റുള്ളവരുടെ പേരുകള്‍ പുറത്തു വിട്ടിട്ടില്ല.

കൊലപാതകക്കേസില്‍ 24 വര്‍ഷമായി മെല്‍വിന്‍ പാദുവ ജീവപര്യന്തം ശിക്ഷയനുഭവിച്ചുവരികയാണ്. മെല്‍വിനെ മോചിതനാക്കുന്ന കാര്യത്തില്‍ ജയില്‍ ഉപദേശക സമിതിയിലെ എട്ടംഗങ്ങളില്‍ നാലുപേര്‍ യോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍ മൂന്നുപേര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും അഭ്യര്‍ത്ഥന കൂടി കണക്കിലെടുത്താണ് പാദുവയെ മോചിപ്പിക്കാന്‍ തീരുമാനിച്ചത്.

You must be logged in to post a comment Login