മെസിക്കൊപ്പം ഛേത്രി; കിരീടമുയര്‍ത്തി ഇന്ത്യ

മുംബൈ: ഗോള്‍വേട്ടയില്‍ ലയണല്‍ മെസ്സിക്കൊപ്പമെത്തിയ നായകന്‍ സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യയ്ക്ക് ചതുരാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കിരീടനേട്ടം. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന ഫൈനലില്‍ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ കെനിയയെ പരാജയപ്പെടുത്തിയത്.

ടൂര്‍ണമെന്റില്‍ ഉടനീളം തകര്‍പ്പന്‍ ഫോം തുടരുന്ന ഛേത്രിയുടെ ഇരട്ടഗോളാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. എട്ട്, ഇരുപത്തിയൊന്‍പത് മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ വിജയഗോളുകള്‍. ഇതോടെ അറുപത്തിനാല് അന്താരാഷ്ട്ര ഗോളുകള്‍ തികച്ച് ഛേത്രി മെസ്സിക്കുമൊപ്പമെത്തി. ഇനി എണ്‍പത്തിയൊന്ന് ഗോളുകള്‍ സ്വന്തമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഫുട്‌ബോള്‍ താരങ്ങളില്‍ ഛേത്രിക്ക് മുന്നില്‍.

സുനില്‍ ഛേത്രി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ കെനിയയെ കീഴടക്കി ഇന്ത്യന്‍ പട പ്രഥമ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ മുത്തമിട്ടു. കെനിയയുടെ കൈക്കരുത്തിന് മുന്നില്‍ ഒട്ടും വിട്ടുകൊടുക്കാതെയായിരുന്നു ഇന്ത്യയുടെ ജയം. പലഘട്ടങ്ങളിലും കെനിയക്കാര്‍ പരുക്കന്‍ കളി പുറത്തെടുത്തെങ്കിലും മനോഹരമായ കളിയാണ് ഛേത്രിയും സംഘവും പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ ഗോള്‍മഴ പെയ്യിച്ച ഛേത്രി ഒരിക്കലും മറക്കാത്തൊരു ടൂര്‍ണമെന്റാണ് കടന്നു പോയത്.

അവസാന ലീഗ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരേ പുറത്തിരുത്തിയ സീനിയര്‍ താരങ്ങളെയെല്ലാം ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്ററ്റൈന്‍ ആദ്യ ഇലവനില്‍ ഇറക്കി. ടൂര്‍ണമെന്റില്‍ മൂന്നു കളികളില്‍ ഒന്‍പതു ഗോളുകള്‍ നേടിയ ഇന്ത്യന്‍ ടീമിനെ പിന്തുണച്ച് ഗ്യാലറി നിറഞ്ഞതോടെ മത്സരം ആവേശത്തിലായി.

കളി തുടങ്ങി എട്ടാംമിനിറ്റില്‍ ഇന്ത്യ ആദ്യ ഗോള്‍ നേടി. സുനില്‍ ഛേത്രിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. യുവതാരം അനിരുഥ് ഥാപ്പയുടെ മനോഹരമായൊരു ഫ്രീകിക്ക് ഛേത്രി വലയിലേക്ക് തൊടുത്തു. ടൂര്‍ണമെന്റിലെ ഛേത്രിയുടെ ഏഴാം ഗോളായിരുന്നു അത്. ഇരുപത്തൊമ്പതാം മിനിറ്റില്‍ ഛേത്രി രണ്ടാം തവണയും ലക്ഷ്യം കണ്ടു.

രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിക്കുന്ന കെനിയയെയാണ് കണ്ടത്. അടിക്കടിയുള്ള മുന്നേറ്റങ്ങള്‍ പലതും ഗുര്‍പ്രീത് സിംഗും സംഘവും തടഞ്ഞു. കോര്‍ണറുകള്‍ ഒന്നിനു പുറകെ ഒന്നായി വന്നതോടെ രണ്ടാംപകുതിയില്‍ കളിയേറെയും ഇന്ത്യന്‍ പകുതിയിലായി. എന്നാല്‍ അനസും ജിംഗനുമൊക്കെ പാറപോലെ ഉറച്ചു നിന്നതോടെ കെനിയയ്ക്ക് പിഴച്ചു. ഏഴുപത്തിയേഴാം മിനിറ്റില്‍ കെനിയന്‍ സ്‌െ്രെടക്കര്‍ ഒച്ചിയാംഗിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗുര്‍പ്രീത് തട്ടിയകറ്റി. എണ്‍പത്തിയൊന്നാം മിനിറ്റില്‍ ഉദാന്തയെ മാറ്റി മലയാളി താരം ആഷിഖിന് അവസരം നല്‍കി. ഇടയ്ക്ക് മലയാളി താരം ആഷിഖിനെ വീഴ്ത്തിയതിന് ഒഗിംഗ ചുവപ്പ് കാണേണ്ടതായിരുന്നുവെങ്കിലും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതാണ്.

You must be logged in to post a comment Login