മെസിക്ക് ഇക്കാര്യത്തില്‍ സംശയം വേണ്ട; മറുപടിയുമായി റയല്‍ പരിശീലകന്‍

 

പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം റൊണാള്‍ഡോ റയല്‍ വിട്ട് യുവന്റസിലേക്ക് ചേക്കേറിയതില്‍ പ്രതികരണമറിയിച്ച ലയണല്‍ മെസിക്ക് മറുപടിയുമായി റയല്‍ പരിശീലകന്‍ ജുലന്‍ ലോപെറ്റെഗി. റയല്‍ മാഡ്രിഡിന്റെ ശക്തിയില്‍ മെസി സംശയിക്കേണ്ടതില്ലെന്ന് ലോപെറ്റെഗി പറഞ്ഞു. ഇപ്പോഴത്തെ റയല്‍ മാഡ്രിഡ് കൂടുതല്‍ ശക്തരാണ്. ടീമിന്റെ ശക്തിയില്‍ തനിക്കൊരു സംശയമില്ലെന്നും കോച്ച് മറുപടി നല്‍കി. ലാ ലിഗയില്‍ ഇരുവരും മൂന്ന് വീതം മത്സരങ്ങള്‍ വിജയിച്ച് കഴിഞ്ഞു. ബെയ്‌ലും ബെന്‍സേമയും മികവിലേക്ക് ഉയര്‍ന്നു. റയല്‍ ഇതുവരെ ക്രിസ്റ്റ്യാനോയുടെ അഭാവമറിഞ്ഞിട്ടില്ല.

റൊണാള്‍ഡോ ടീം വിട്ടത് റയലിന് തിരിച്ചടിയാണെന്നും അതേസമയം റൊണാള്‍ഡോയെ ടീമിലെത്തിച്ചത് വഴി യുവന്റസ് അതിശക്തരായെന്നും മെസി പറഞ്ഞിരുന്നു. ‘ ഞാന്‍ശരിക്കും അദ്ഭുതപ്പെട്ടുപോയി. അദ്ദേഹം റയല്‍ വിടുമെന്നോ, അവിടുന്ന് യുവന്റസിലേക്കെത്തുമെന്നോ ഒരിക്കലും കരുതിയിരുന്നില്ല. റയല്‍ മാഡ്രിഡ് ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ്, അതി ശക്തരും. എന്നാല്‍, റൊണാള്‍ഡോയുടെ അഭാവം അവരുടെ ശക്തി കുറയ്ക്കും, അതേസമയം തന്നെ യുവന്റസിന്റെ കരുത്ത് വര്‍ധിച്ചിരിക്കുകയും ചെയ്യുന്നു. റൊണാള്‍ഡോയെ ടീമിലെത്തിച്ചത് വഴി ചാംപ്യന്‍സ് ലീഗ് കിരീടം നേടാനുള്ള അവരുടെ സാധ്യതകളും വര്‍ധിച്ചിരിക്കുന്നു. യുവന്റസ് നേരത്തെ തന്നെ മികച്ച ടീമാണ് ഇപ്പോള്‍ അതി ശക്തരും’ മെസി പറഞ്ഞു. ഇതിന് പിന്നാലെയാണ് മെസിക്ക് മറുപടിയുമായി ലോപെറ്റെഗി രംഗത്തെത്തിയത്.

You must be logged in to post a comment Login