മെസിയില്ലാത്ത പുരസ്‌കാര പട്ടിക നൂറ്റാണ്ടുകള്‍ക്ക് ശേഷം ; പട്ടികയില്‍ സ്ഥാനം പിടിച്ച് സൂപ്പര്‍ താരങ്ങള്‍

ലോകഫുട്‌ബോളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങള്‍ ആരൊക്കെയാണെന്ന് റഷ്യന്‍ മണ്ണില്‍ ആരാധകര്‍ കണ്ടതാണ്. ഇതിന് പിന്നാലെ ലോകഫുട്‌ബോളര്‍ പുരസ്‌കാരത്തിനുള്ള അന്തിമപട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഫിഫ. മൂന്ന് താരങ്ങളാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ക്രൊയേഷ്യന്‍ ക്യാപ്ടന്‍ ലുക്കാ മോഡ്രിച്ച് , ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടം നേടിയ പുരുഷ താരങ്ങള്‍.

ആറാം തവണയും അവാര്‍ഡ് നേട്ടം സ്വന്തമാക്കിയ സന്തോഷം ആഘോഷിക്കാനാണ് റൊണാള്‍ഡോ എത്തുന്നത്. കൂടാതെ, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നേട്ടം കൊയ്ത് ഹാട്രിക്ക് തികക്കുകയും ചെയ്യുകയാണ് റോണോ. അതേസമയം, ലോകം ആരാധിക്കുന്ന മിശിഹ ഇത്തവണ പുരസ്‌കാര പട്ടികയില്‍ ഇടം നേടിയിട്ടില്ല. 11 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് സൂപ്പര്‍ താരം മെസിയില്ലാത്ത അന്തിമ പട്ടിക പുറത്ത് വിടുന്നത്. അഞ്ച് തവണയാണ് മെസി മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

അതേസമയം, തുടര്‍ച്ചയായ മൂന്നാം വട്ടവും ചാംപ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡില്‍ എത്തിച്ചതാണ് റൊണാള്‍ഡോയെ അന്തിമ പട്ടികയില്‍ എത്തിച്ചത്. 33 കാരനായ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിനൊപ്പമാണ്. പുതിയ സീസണിലാണ് പഴയ തട്ടകമായ റയലില്‍ നിന്ന് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിലേക്ക് റൊണോ എത്തുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോപ്പ് സ്‌കോററാണ് മുഹമ്മദ് സലാ. ലിവര്‍പൂളിനായി കഴിഞ്ഞ സീസണില്‍ 44 ഗോളുകളാണ് സലാ അടിച്ചുകൂട്ടിയത്. ഇത്തവണ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മികച്ച താരമായി സലാ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. 1995ല്‍ ജോര്‍ജ്ജ് വെ ലോകഫുട്‌ബോളറായി തെരെഞ്ഞടുക്കപ്പെട്ടതിന് ശേഷം പുരസ്‌കാരം ആഫ്രിക്കയില്‍ എത്തിയിട്ടില്ല.

ക്രൊയേഷ്യയെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ച താരമാണ് ലുക്കാ മൊഡ്രിച്ച്. 2018 റഷ്യന്‍ ലോകകപ്പിലെ മികച്ച താരമായും മോഡ്രിച്ച് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. റൊണാള്‍ഡോയെയും മുഹമ്മദ് സലായെയും പിന്തള്ളി യൂറോപ്പിലെ മികച്ച താരമായും മോഡ്രിച്ച് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.

വനിത പോരട്ടത്തില്‍ ബ്രസീലിന്റെ മാര്‍ത്ത, ജര്‍മന്‍ ക്യാപ്റ്റന്‍ സെനീഫര്‍ മെറുഷേന്‍, നോര്‍വേ താരം ആദാ ഹെഗര്‍ബെര്‍ഗ് എന്നിവരാണ് അന്തിമ പട്ടികയില്‍ ഉള്ളത്. ഇതിന് മുമ്പ് അഞ്ച് തവണ മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ട മാര്‍ത്തക്ക് തന്നെയാണ് ഇത്തവണയും പോരാട്ടത്തില്‍ മുന്നില്‍.

ഫ്രാന്‍സിന് ലോകകിരീടം നേടികൊടുത്ത പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സും ഫ്രാന്‍സിന്റെ തന്നെ ഇതിഹാസ താരം സിനദിന്‍ സിദാനുമാണ് മികച്ച പരിശീലകനാകനുള്ള പോരട്ടത്തില്‍ മുന്നില്‍. റയലിനെ തുടര്‍ച്ചയായ മൂന്നാം തവണയും ചാംപ്യന്‍സ് ലീഗ് നേടികൊടുത്തുകൊണ്ടാണ് സിദാന്‍ പട്ടികയില്‍ ഇടംപിടിച്ചത്. ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാറ്റ്‌കോ ഡലിച്ചാണ് അന്തിമ പട്ടികയിലുള്ള മറ്റൊരു പരിശീലകന്‍.

അതേസമയം, ആരെയും അമ്പരപ്പിക്കുന്ന വിജയമാണ് ഹുഎസ്‌കെയ്ക്ക് എതിരായ മത്സരത്തില്‍ മെസി ക്യാപ്റ്റനായ ബാഴ്‌സ ടീം നേടിയത്. എട്ട് ഗോളുകളാണ് ഹുഎസ്‌കെയുടെ ഗോള്‍ പോസ്റ്റിലേക്ക് പാഞ്ഞടുത്ത ബാഴ്‌സ സംഘം നേടിയത്. മെസിയും സുവാരസും ഇരട്ടഗോളുകള്‍ നേടിയ മത്സരം മറ്റൊരു റെക്കോഡ് നേട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. മെസി തന്നെയാണ് ആ റെക്കോഡ് പട്ടത്തിന്റെയും ഉടമ. ലാലിഗയില്‍ ഇന്നലത്തെ മത്സരത്തിലൂടെ 150 അസിസ്റ്റ് എന്ന ഒന്നാം നമ്പര്‍ നേട്ടത്തിന് കൂടിയാണ് ഫുട്‌ബോളിലെ മിശിഹ അര്‍ഹനായത്.

മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയ മെസി, രണ്ട് ഗോളുകള്‍ക്കാണ് അസിസ്റ്റ് ചെയ്തത്. മറുപടിയായി രണ്ട് ഗോളുകള്‍ മാത്രമാണ് ഹുഎസ്‌ക തിരിച്ചടിച്ചത്. ഒന്നാം പകുതിയില്‍ മൂന്നാം മിനിറ്റിലാണ് ഹുഎസ്‌ക ലീഡെഡുടത്തത്. എന്നാല്‍, അതിന് മറുപടി നിമിഷനേരം കൊണ്ട് മെസി തിരിച്ച് നല്‍കി. രണ്ടാം പകുതിക്ക് 11 മിനിറ്റ് മാത്രം അവശേഷിക്കെയാണ് മെസി രണ്ടാമത്തെ ഗോള്‍ നേടിയത്. ബാഴ്‌സയുടെ ആറാമത്തെ ഗോളായിരുന്നു അത്. മത്സരത്തില്‍ ഇവാന്‍ റാക്കിടിച്ചിനും ജോര്‍ദി അലബയ്ക്കും ഗോളടിക്കാനുളള അവസരമാണ് മെസി നല്‍കിയത്. ഇതോടെ 21ാം നൂറ്റാണ്ടില്‍ 150 അസിസ്റ്റുകള്‍ നേടുന്ന ആദ്യ താരമായി അദ്ദേഹം മാറി.

143 അസിസ്റ്റുമായി സെസ്‌ക് ഫാബ്രിഗസും, 123 അസിസ്റ്റുമായി മെസ്യൂട്ട് ഓസിലുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുളളത്. എന്നാല്‍, ഇവര്‍ രണ്ടുപേരും കളിക്കുന്നത് സ്‌പെയിനിലല്ല. അതിനാല്‍ തന്നെ ലാലിഗയില്‍ എതിരാളികളില്ലാത്ത രാജാവായി മാറുകയാണ് മെസി. രണ്ട് ഗോളുകള്‍ നേടിയ മെസി 93ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സുവാരസിന് വിട്ടുകൊടുത്തു. ഹാട്രിക് നേടാമായിരുന്ന അവസരം വിട്ടുകൊടുക്കാന്‍ അദ്ദേഹം തീരുമാനിച്ചതിനെ വാഴ്ത്തുകയാണ് ഫുട്‌ബോള്‍ ലോകം.

You must be logged in to post a comment Login