മെസിയുടെ ഗോളില്‍ ബ്രസീലിനെതിരെ അര്‍ജന്റീനക്ക് ജയം

സൗദി അറേബ്യയിലെ റിയാദില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോളില്‍ ബ്രസീലിനെതിരെ അര്‍ജന്റീനക്ക് ജയം. ലയണല്‍ മെസിയുടെ ഏക ഗോളിലാണ് ലയണല്‍ സ്‌കലോനിയുടെ അര്‍ജന്റീന ജയം സ്വന്തമാക്കിയത്. പതിമൂന്നാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് മെസിയുടെ സ്‌കോറിംഗ്. ജൂലൈക്ക് ശേഷം ആദ്യമായി അര്‍ജന്റീന ജഴ്സിയില്‍ കളിക്കാനിറങ്ങിയ മെസി തികഞ്ഞ ഫോമിലായിരുന്നു. അറുപത്തൊമ്പതാം രാജ്യാന്തര ഗോള്‍ പൂര്‍ത്തിയാക്കിയാണ് മെസി കളം വിട്ടത്.

തുടക്കം തൊട്ട് ഇരുടീമുകളും ആക്രമിച്ചു കളിച്ചു. ബോക്സിലേക്കുള്ള നീക്കങ്ങള്‍ അപകടം ഒളിപ്പിച്ചതായിരുന്നു. മത്സരത്തിലെ ആദ്യ സുവര്‍ണാവസരം പെനാല്‍റ്റിയുടെ രൂപത്തില്‍ ബ്രസീലിനെ തേടിയെത്തി. മത്സരം പത്ത് മിനുട്ടിലെത്തിയിട്ടില്ലായിരുന്നു അപ്പോള്‍. മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസ് എടുത്ത കിക്ക് വലത് പോസ്റ്റിന് അരികിലൂടെ പുറത്തേക്കാണ് പോയത്. മിനുട്ടുകള്‍ക്കുള്ളിലാണ് അര്‍ജന്റീനക്ക് പെനാല്‍റ്റി ലഭിക്കുന്നത്. മെസിയെ ഫൗള്‍് ചെയ്തതിന് ലഭിച്ച സ്പോട് കിക്ക് മെസി തന്നെയാണ് എടുത്തത്. ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ ആലിസന്‍ മെസിയെ പറന്ന് തട്ടി. പക്ഷേ, റീബൗണ്ട് ബോള്‍ മെസി പൊടുന്നനെ വലയിലേക്ക് തള്ളി വിട്ടു (10).കോപ അമേരിക്കയില്‍ ചുവപ്പ് കാര്‍ഡ് കണ്ടതിന് ശേഷം മെസി ആദ്യമായിട്ടാണ് അര്‍ജന്റീനക്ക് കളിക്കാനിറങ്ങിയത്. കോപ അമേരിക്ക ടൂര്‍ണമെന്റ് സംഘാടകര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് മെസിക്ക് മൂന്ന് മാസവിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

ഇടത് വിംഗില്‍ വില്യന്‍ നടത്തിയ അതിവേഗ നീക്കങ്ങളായിരുന്നു ബ്രസീലിന്റെ ആക്രമണങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത്. പക്ഷേ, ഫിനിഷിംഗില്‍ മഞ്ഞപ്പട പാടെ നിരാശപ്പെടുത്തി. രണ്ടാം പകുതിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ച് കളിച്ച ബ്രസീലിന് ലക്ഷ്യം കാണാനുള്ള മിടുക്കില്ലാതെ പോയി. കുട്ടീഞ്ഞോ രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കളത്തിലിറങ്ങി. കുടീഞ്ഞോ നല്‍കിയ ലോബ് ബോള്‍ ജീസസ് പാഴാക്കുന്നതും കണ്ടു.ലയണല്‍ മെസിയെ ബോക്സിന് പുറത്ത് വെച്ച് ഷൂട്ട് ചെയ്യാതെ തടഞ്ഞത് ബ്രസീല്‍ ഡിഫന്‍സിന്റെവിജയമായി. ഗോളി ആലിസന്റെ മിടുക്കും കൂടുതല്‍ ഗോളുകള്‍ വഴങ്ങാതിരിക്കാന്‍ ബ്രസീലിന് സഹായകമായി.

 

 

 

You must be logged in to post a comment Login